എന്നാല്‍ ഹസീന നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന ജെനറല്‍ സെക്രടറി എല്‍ അനിതയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ പിതാവില്‍ നിന്ന് ഹസീനയുടെ ഭര്‍ത്താവ് മുനീര്‍ 1,20,000 രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം.
സംഭവം വിവാദമായതോടെ പണം തിരികെ നല്‍കി. മഹിള കോണ്‍ഗ്രസ് നേതാവായ ഭാര്യക്കും തട്ടിപ്പില്‍ പങ്കുള്ളതായി ആരോപിക്കപ്പെടുന്നു. ഇതിനിടയില്‍ പണം ലഭിച്ചതോടെ കുട്ടിയുടെ കുടുംബം പരാതിയുമായി മുന്നോട്ടുപോകാനില്ലെന്നാണ് അറിയുന്നത്.
എന്നാല്‍, കുട്ടിയുടെ കൊലപാതക കേസ് അന്വേഷിച്ച റൂറല്‍ പൊലീസ് സംഭവം ഗൗരവമായിട്ടാണ് എടുത്തിട്ടുള്ളത്. ആരോപണം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് എസ് പി വിവേക് കുമാര്‍ പറഞ്ഞു. ഇതിനെ കുറിച്ച് വിശദമായി പരിശോധിക്കും. സര്‍കാര്‍ നല്‍കിയ ധനസഹായത്തില്‍ നിന്നാണ് തട്ടിപ്പ് നടത്തിയതെങ്കില്‍ നടപടിയുണ്ടാകുമെന്നും എസ് പി പറഞ്ഞു. കുട്ടി കൊല്ലപ്പെട്ട് ആദ്യ ദിവസങ്ങളില്‍ കുടുംബത്തെ സഹായിക്കാന്‍ ഒപ്പം കൂടിയാണ് മുനീര്‍ പണം തട്ടിയത് എന്നും അദ്ദേഹം പറഞ്ഞു.
ആരോപണത്തെ കുറിച്ച് പൊലീസ് പറയുന്നത്:
എടിഎം ഉപയോഗിക്കാന്‍ അറിയാത്ത കുട്ടിയുടെ അച്ഛനെ കബളിപ്പിച്ചായിരുന്നു തട്ടിപ്പ്. ആഗസ്റ്റ് അഞ്ച് മുതല്‍ പത്ത് വരെ ഇരുപതിനായിരം രൂപ വീതം അകൗണ്ടില്‍ നിന്ന് പിന്‍വലിച്ചു. കുട്ടിയെ കാണാതായ വാര്‍ത്ത പുറത്തുവന്നതു മുതല്‍ കുട്ടിയുടെ കുടുബത്തിനെ സഹായിക്കാനായി ഇവര്‍ ഒപ്പം കൂടിയിരുന്നു. ഈ അടുപ്പം മുതലെടുത്തായിരുന്നു തട്ടിപ്പ്.
അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അടുത്ത ആളെന്ന് കുടുംബത്തെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കുട്ടിയുടെ കുടുംബം വളരെ മോശപ്പെട്ട കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. അതിനാല്‍ തന്നെ കുട്ടി കൊല്ലപ്പെട്ട ശേഷം എം എല്‍ എ മുന്‍കയ്യെടുത്ത് ഇവരെ നല്ലൊരു വാടക വീട്ടിലേക്ക് മാറ്റിയിരുന്നു. ഈ വീടിന് വാടക മുന്‍കൂറായി നല്‍കാനാണെന്ന പേരിലാണ് ആദ്യം 20,000 രൂപ തട്ടിയെടുത്തത്.
എന്നാല്‍, വീടിന്റെ വാടക നല്‍കുന്നത് എം എല്‍ എയാണ്. പുതിയ വീട്ടിലേക്ക് വിവിധ ഉപകാരണങ്ങളടക്കം വാങ്ങിയതിന്റെ പേരിലും പണം തട്ടി. ഈ വസ്തുക്കള്‍ തായിക്കാട്ടുകര സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് സൗജന്യമായി നല്‍കിയിരുന്നത്. പണം തട്ടിയതായും വഞ്ചിച്ചതായും മനസ്സിലാക്കിയതോടെ പണം തട്ടിയെടുത്ത വിവരം ഒരു മാസം മുന്‍പ് കുടുംബം പഞ്ചായത് പ്രസിഡന്റിനെയും ചൂര്‍ണിക്കരയിലെ ചില കോണ്‍ഗ്രസ് നേതാക്കളെയും അറിയിച്ചിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയുടെ മാതാപിതാക്കളെ എംഎല്‍എയുടെ അടുത്തേക്ക് പറഞ്ഞു വിടുകയായിരുന്നുവത്രെ. വിവരങ്ങള്‍ അറിഞ്ഞ അദ്ദേഹം ഹസീനയും ഭര്‍ത്താവുമായി സംസാരിച്ചെങ്കിലും പണം വാങ്ങിയില്ലെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ പണം നല്‍കിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് കാണിച്ചപോള്‍ ഇരുവരും പണം വാങ്ങിയതായി സമ്മതിച്ചു.
ഇതിനെതിരെ റൂറല്‍ എസ് പിക്കു പരാതി നല്‍കുമെന്ന് എംഎല്‍എ പറഞ്ഞതോടെ പണം തിരികെ നല്‍കാമെന്ന് പറയുകയായിരുന്നു. ഇതിനിടെ രണ്ട് തവണയായി 70,000 രൂപ ഹസീനയും ഭര്‍ത്താവും മടക്കി നല്‍കി. ബാക്കി 50,000 നവംബറില്‍ തിരികെ നല്‍കാമെന്നാണ് മുനീര്‍ രേഖാമൂലം എഴുതി നല്‍കിയത്. പറഞ്ഞ തിയതി കഴിഞ്ഞിട്ടും പണം തിരികെ നല്‍കാത്തതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.
വാര്‍ത്ത വന്നതിന് പിന്നാലെ സംഭവം കളവാണെന്ന് പറയാന്‍ കുട്ടിയുടെ അച്ഛനെ മുനീര്‍ നിര്‍ബന്ധിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത് വന്നു. പണം തിരികെ നല്‍കാതെ പരാതിയില്‍ നിന്ന് പിന്‍മാറില്ലെന്ന് കുടുംബം ഉറച്ച് നിന്നതോടെയാണ് നല്‍കാനുള്ള തുക മുനീര്‍ തിരികെ നല്‍കിയിരിക്കുന്നത്.
Keywords: Kerala: Mahila Congress leader suspended after husband allegedly extorts money from Aluva victim's family, Kochi, News, Cheating, Complaint, Police, Mahila Congress Leader, Suspended, Family, Kerala News.