Funeral | പൊന്നുവിളയിച്ച ഭൂമി വിട്ടൊഴിയേണ്ടി വന്ന കര്‍ഷകന് അന്ത്യാഞ്ജലി പോലും മറ്റൊരു വീട്ടില്‍; നവകേരള സദസ് ആര്‍ഭാടത്തോടെ നടത്തുന്ന സര്‍കാരിന് മുന്‍പില്‍ പൊളളുന്ന ചോദ്യമായി സുബ്രഹ്മണ്യന്റെ ആത്മാഹുതി

 


കണ്ണൂര്‍: (KVARTHA) പൊന്നുവിളയിച്ച ഭൂമി വിട്ടൊഴിയേണ്ടി വന്ന കര്‍ഷകന് അന്ത്യാഞ്ജലി പോലും മറ്റൊരു വീട്ടില്‍. പെണ്‍മക്കളുടെയും ഭാര്യയുടെയും നിലവിളികള്‍ ബാക്കിയാക്കി കണ്ണൂരിലെ മലയോരകര്‍ഷകനായ സുബ്രഹ്മണ്യന് നാട് കരളുരുക്കത്തോടെ സംസ്‌കാരം നടന്നു.

കഠിനാധ്വാനത്തിലൂടെ പൊന്നുവിളിയിച്ച ഭൂമിയും സ്വന്തമായി പണികഴിപ്പിച്ച വീടും ഉപേക്ഷിക്കേണ്ടിവന്ന കര്‍ഷകന്റെ നിസ്സഹായതയാണ് സുബ്രഹ്മണ്യന്റെ ജീവിതം. രണ്ടര ഏകര്‍ ഭൂമിയുളളതിനാല്‍ ലൈഫ് പദ്ധതിയിലും പരിഗണിക്കപ്പെടാത്തതിന്റെ സങ്കടം സുബ്രഹ്മണ്യനുണ്ടായിരുന്നു. കാട്ടാനകള്‍ തമ്പടിക്കുന്ന ഭൂമിയാണെങ്കിലും സര്‍കാര്‍ രേഖകളില്‍ സുബ്രഹ്മണ്യന്‍ ഭൂവുടമയായിരുന്നു.

കുടുംബത്തിന് കഞ്ഞികുടിച്ചു ജീവിക്കാന്‍ ബി പി എല്‍ കാര്‍ഡിന് അപേക്ഷിച്ചുവെങ്കിലും അതും സാങ്കേതിക കാരണം പറഞ്ഞു നിരസിക്കപ്പെട്ടു. ഒടുവില്‍ ആകെയുണ്ടായിരുന്ന ആശ്വാസമായ വാര്‍ധക്യകാല പെന്‍ഷനും മൂന്ന് മാസമായി മുടങ്ങിയിരിക്കുകയാണ്. രോഗങ്ങളും സങ്കടങ്ങളുമില്ലാത്ത ലോകത്തേക്ക് പോകാന്‍ അയ്യന്‍കുന്ന് കച്ചേരിക്കടവ് മുടിക്കയത്തെ നടുവത്തെ വീട്ടില്‍ സുബ്രഹ്മണ്യനെ പ്രേരിപ്പിച്ചത് ഇതൊക്കെയാണെന്ന് ബന്ധുക്കളും നാട്ടുകാരും വികാരവായ്‌പ്പോടെ പറഞ്ഞു.

1971-ല്‍ മുടിക്കയത്തെ പ്രമുഖ കര്‍ഷകനായ ഇല്ലിക്കുന്നേല്‍ തോമസിന്റെ സഹായിയാണ് സുബ്രഹ്മണ്യന്‍ ബത്തേരിയില്‍ നിന്നും മുടിക്കയത്ത് എത്തുന്നത്. കൃഷി പണിയില്‍ വിദഗ്ധനായ സുബ്രഹ്മണ്യന്‍ വളരെ പെട്ടെന്ന് തന്നെ പ്രദേശവാസികള്‍ക്ക് പ്രിയങ്കരനായി. വിശ്വസ്തനായ ജോലിക്കാരന് തോമസ് തന്റെ പുരയിടത്തില്‍ നിന്നും 20 സെന്റ് സ്ഥലം സൗജന്യമായി വാങ്ങി. ഇവിടെ വീടുവെച്ചു താമസം തുടങ്ങിയ സുബ്രഹ്മണ്യന്‍ തന്റെ സ്വന്തം അധ്വാനത്തിലൂടെ രണ്ട് ഏകര്‍ സ്ഥലം വേറെയും വാങ്ങി.

കൃഷിപണിക്ക് പുറമെ തെങ്ങുകയറ്റവും സുബ്രഹ്മണ്യന് വശമുണ്ടായിരുന്നു. കുന്നിന്‍ പ്രദേശമായിരുന്നുവെങ്കിലും വളക്കൂറുളള മണ്ണില്‍ തെങ്ങ്, കമുക്, കശുമാവ്, കുരുമുളക്, വാഴ എന്നിവയെല്ലാം നട്ടുപിടിപ്പിച്ചു. ഇവയെല്ലാം നല്ല ആദായവും നല്‍കിയിരുന്നു. ഇതിനിടെ രണ്ടു പെണ്‍മക്കളെയും വിവാഹം ചെയ്ത് അയപ്പിച്ചു. സന്തോഷത്തോടെ ജീവിച്ച് വരുന്നതിനിടെയാണ് കാട്ടാനകള്‍ കൃഷിയിടത്തിലെ നിത്യസന്ദര്‍ശകരായി മറിയത്. വീടിനുനേരെ കാട്ടാനയുടെ ആക്രമണമുണ്ടായതോടെ താമസിക്കുന്ന വീട്ടില്‍ നിന്നും സുബ്രഹ്മണ്യനും ഭാര്യ കനകമ്മയ്ക്കും കണ്ണീരോടെ കുടിയിറങ്ങേണ്ടി വന്നു.

കൈപിടിച്ച നാട്ടുകാരും തോമസിന്റെ കുടുംബവും പിന്‍തുണ നല്‍കിയെങ്കിലും വീടുണ്ടായിട്ടും വാടകവീട്ടില്‍ കഴിയേണ്ട ദയനീയ സാഹചര്യമായിരുന്നു. ഇതിനിടയില്‍ ബാധിച്ച കാന്‍സര്‍ രോഗം സുബ്രഹ്മണ്യന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. മുടിക്കയം ടൗണില്‍ നിന്നും രണ്ടുകിലോമീറ്റര്‍ അകലെ മലമുകളില്‍ വീട് ഇപ്പോഴുമുണ്ടെങ്കിലും പകലും കാട്ടാന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അങ്ങോട്ട് പോകാറില്ല.

പ്രദേശവാസികളുടെ എല്ലാകാര്യങ്ങള്‍ക്കും ഓടിയെത്തിയിരുന്ന സുബ്രഹ്മണ്യന്‍ നാട്ടുകാരുടെ പ്രിയപ്പെട്ട സുപ്രന്‍ ചേട്ടനായിരുന്നു. കാര്‍ഷികമേഖലയിലെ ജോലികളില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്നതിനാല്‍ മിക്കവരും സുബ്രഹ്മണ്യന്റെ സേവനം തേടിയിരുന്നു. കാന്‍സര്‍ ചികിത്സയിലും വീടുമാറിയ സന്ദര്‍ഭങ്ങളിലെല്ലാം നാട്ടുകാര്‍ പറ്റാവുന്നത് പോലെ സഹായിക്കുകയും ചെയ്തിരുന്നു.

Funeral | പൊന്നുവിളയിച്ച ഭൂമി വിട്ടൊഴിയേണ്ടി വന്ന കര്‍ഷകന് അന്ത്യാഞ്ജലി പോലും മറ്റൊരു വീട്ടില്‍; നവകേരള സദസ് ആര്‍ഭാടത്തോടെ നടത്തുന്ന സര്‍കാരിന് മുന്‍പില്‍ പൊളളുന്ന ചോദ്യമായി സുബ്രഹ്മണ്യന്റെ ആത്മാഹുതി
 

സ്വന്തം വീടും പുരയിടവും ഉപേക്ഷിച്ചു മലയിറങ്ങിയശേഷം ഭാര്യ കനകമ്മ തൊഴിലുറപ്പിന് പോയി ലഭിക്കുന്ന വേതനവും സുബ്രഹ്മണ്യന് ലഭിച്ചിരുന്ന സാമൂഹ്യക്ഷേമ പെന്‍ഷനുമായിരുന്നു ഉപജീവനമാര്‍ഗം. ആരോഗ്യപ്രശ്നങ്ങളുളളതിനാല്‍ സുബ്രഹ്മണ്യന് ജോലി ചെയ്യാന്‍ പറ്റുന്ന സാഹചര്യമുണ്ടായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുളളതിനാലാണ് എ പി എല്‍ കാര്‍ഡ് ബി പി എല്‍ ആക്കാനും ലൈഫില്‍ വീട് ലഭിക്കാനുമായി ഓടി നടന്നിരുന്നത്. മൂന്ന് മാസമായി സര്‍കാര്‍ കൊടുത്തിരുന്ന ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതും ഇരുട്ടടിയായി. സ്വന്തം വീടുണ്ടായിട്ടും അവിടെ താമസിക്കാനാവാത്തെ സ്ഥിതി അച്ഛനെ വലിയ ദു:ഖത്തിലാഴ്ത്തിയിരുന്നുവെന്ന് മകള്‍ സൗമ്യ പറഞ്ഞു.

കഴിഞ്ഞ ദിവസം സംസാരിച്ചപ്പോള്‍ ലൈഫില്‍ വീടുകിട്ടാത്ത പ്രശ്നവും കാലിന് വേദന ശക്തമായതായും ഡോക്ടറെ കാണിക്കാന്‍ പോകാന്‍ ഗതാഗത സൗകര്യമില്ലാത്തതും സങ്കടത്തോടെ ഫോണില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നടത്തുന്ന നവകേരള സദസില്‍ പരാതി നല്‍കാന്‍ തയ്യാറാക്കിയിരുന്നു. സ്വന്തം വീട്ടില്‍ നിന്നും ഉള്‍പെടെ മാറേണ്ട ഗതികേടാണ് പിതാവിനെ ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നതായി സൗമ്യ പറഞ്ഞു.

Funeral | പൊന്നുവിളയിച്ച ഭൂമി വിട്ടൊഴിയേണ്ടി വന്ന കര്‍ഷകന് അന്ത്യാഞ്ജലി പോലും മറ്റൊരു വീട്ടില്‍; നവകേരള സദസ് ആര്‍ഭാടത്തോടെ നടത്തുന്ന സര്‍കാരിന് മുന്‍പില്‍ പൊളളുന്ന ചോദ്യമായി സുബ്രഹ്മണ്യന്റെ ആത്മാഹുതി



Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Local News, Farmer, Death, Found Dead, Cremated, Family, House, CM, Life, Funeral, Life Mission Project, Criticized, Nava Kerala Sadas, Kannur: Deceased farmer's funeral done by another house.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia