SWISS-TOWER 24/07/2023

Gunfight | അയ്യൻ കുന്നിൽ വെടിവയ്പിനിടെ 2 മാവോയിസ്റ്റുകൾക്ക് ഗുരുതര പരുക്കേറ്റതായി സൂചന; വനമേഖല അരിച്ച് പെറുക്കി തൻഡർമ്പോൾട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ജില്ലയുടെ മലയോര പ്രദേശമായ ഇരിട്ടി അയ്യൻ കുന്നിൽ പൊലീസിനെതിരെ വെടിയുതിർത്തുവെന്നതിന് എട്ടംഗ മാവോയിസ്റ്റ് സംഘത്തിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. കഴിഞ്ഞയാഴ്ച വയനാട്ടില്‍ നടന്ന ഏറ്റുമുട്ടലിനു പിന്നാലെ കണ്ണൂര്‍ ജില്ലയിലെ വനമേഖലയിലേക്ക് താവളംമാറ്റിയ മാവോയിസ്റ്റ് സംഘവും തണ്ടര്‍ബോള്‍ട് സേനയും തമ്മില്‍ വീണ്ടും വെടിവയ്പ് നടന്ന സാഹചര്യത്തിൽ അയ്യൻ കുന്നിലെ വനാന്തര മേഖലയിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. തണ്ടർബോൾടും കർണാടക ആൻഡി നക്സൽ സ്ക്വാഡും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

Gunfight | അയ്യൻ കുന്നിൽ വെടിവയ്പിനിടെ 2 മാവോയിസ്റ്റുകൾക്ക് ഗുരുതര പരുക്കേറ്റതായി സൂചന; വനമേഖല അരിച്ച് പെറുക്കി തൻഡർമ്പോൾട്

തണ്ടർ ബോൾട് തിരിച്ചു വെടിവച്ചതിനാൽ രണ്ട് മാവോയിസ്റ്റുകള്‍ക്ക് ഗുരുതര പരുക്കേറ്റതായും മൂന്ന് തോക്കുകള്‍ പിടികൂടിയതായും വിവരമുണ്ട്. വെടിവയ്പിൽ പരുക്കേറ്റതായി കരുതുന്ന മാവോയിസ്റ്റുകൾ ആശുപത്രിയിൽ ചികിത്സ തേടുമ്പോൾ പിടികൂടുന്നതിനായി പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായതിലെ ഉരുപ്പുംകുറ്റി ഞെട്ടിത്തോട് ഭാഗത്ത് തിങ്കളാഴ്ച രാവിലെ 9.45 മുതല്‍ 11 മണിവരെയാണ് വെടിവയ്പ് നടന്നത്. സ്ഥലത്ത് രക്തത്തുള്ളികള്‍ കണ്ടെത്തിയതായി ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു.

വെടിവയ്പ് ഉണ്ടായതോടെ പൊലീസും തിരിച്ചു വെടിവയ്ക്കുകയായിരുന്നുവെന്നും ഇതോടെ എട്ടംഗ മാവോയിസ്റ്റ് സംഘം ഉള്‍ക്കാട്ടിലേക്ക് ഓടിപ്പോയതായും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ ഡിഐജി തോംസണ്‍ ജോസഫ്, കണ്ണൂര്‍ റൂറല്‍ എസ് പി എം ഹേമലത, ഇരിട്ടി എ എസ് പി തബോഷ് ബസുമധാരി എന്നിവരും പുട്ട വിമലാദിത്യയ്‌ക്കൊപ്പമുണ്ടായിരുന്നു. മാവോയിസ്റ്റ് കബനിദളം നേതാവ് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവച്ചതെന്നും സ്ഥലത്ത് മാവോയിസ്റ്റുകളുടെ രണ്ട് കാംപ് ഷെഡുകള്‍ പ്രവര്‍ത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ പത്തോടെയാണ് പ്രദേശവാസികള്‍ ഞെട്ടിത്തോട് മലയില്‍നിന്ന് വെടിയൊച്ച കേട്ടത്. തുടര്‍ന്ന് മലയടിവാരത്ത് പൊലീസ് സന്നാഹം എത്തി. ഉരുപ്പുംകുറ്റി ഉള്‍പ്പെടെ ഞെട്ടിത്തോട്ടിലേക്ക് പോകുന്ന റോഡുകള്‍ പൊലീസ് നിയന്ത്രണത്തിലായി. ഉച്ചയ്ക്ക് 12.30 വരെ വനമേഖലയില്‍ നിന്ന് ഇടയ്ക്കിടെ വെടിയൊച്ച കേള്‍ക്കാമായിരുന്നു. സംഭവത്തില്‍ യുഎപിഎ ഉള്‍പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കരിക്കോട്ടക്കരി സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഉന്നത പൊലീസ് അധികാരികള്‍ ഇരിട്ടിയില്‍ കാംപ് ചെയ്യുകയാണ്. ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.

കരിക്കോട്ടക്കരി ടൗണിലടക്കം വെടിയൊച്ച കേട്ടതായും വനത്തില്‍ നിന്ന് പുക ഉയരുന്നതു കണ്ടതായും നാട്ടുകാര്‍ പറഞ്ഞു. 25 തവണ വെടിയൊച്ച കേട്ടെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. വയനാട്ടില്‍ നിന്നു രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി കണ്ണൂര്‍ ജില്ലയിലെ വനമേഖലയില്‍ കഴിഞ്ഞദിവസങ്ങളില്‍ ലോകല്‍ പൊലീസ്, തണ്ടര്‍ ബോള്‍ട്, ആന്റി നക്‌സല്‍ ഫോഴ്‌സ്, സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ് എന്നിവയുടെ സംയുക്തസംഘം തിരച്ചില്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് അയ്യന്‍ കുന്നിലും പരിശോധന ശക്തമാക്കിയത്. തിങ്കളാഴ്ച രാവിലെ നടന്ന പട്രോളിങ്ങിനിടെ മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിര്‍ക്കുകയും തുടര്‍ന്ന് സേന തിരിച്ചടിക്കുകയുമായിരുന്നു.

പൊലീസിന്റെയും തണ്ടര്‍ ബോള്‍ടിന്റെയും ശക്തമായ സാന്നിധ്യം നിലനില്‍ക്കെ കഴിഞ്ഞദിവസം വാളത്തോടിലെ വീടുകളിലെത്തി മാവോയിസ്റ്റ് സംഘം ഭക്ഷണവും മറ്റും ശേഖരിച്ച് മടങ്ങിയിരുന്നു. കരിക്കോട്ടക്കരി സ്റ്റേഷന്‍ പരിധിയിലെ മൂന്നു വീടുകളിലാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ സംഘത്തിലുണ്ടായിരുന്നതായാണ് പ്രദേശവാസികള്‍ നല്‍കിയ വിവരം. വെടിവയ്പ് വിവരമറിഞ്ഞ് കരിക്കോട്ടക്കരിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ ഉരുപ്പുംകുറ്റിയില്‍ പൊലീസ് തടഞ്ഞു.

Keywords: News, Kerala, Kannur, Crime, Gunfight, Police, Thunderbolt Squad, Maoists, Forest, Gunfight between Thunderbolt squad and Maoists in Kannur forest.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia