Follow KVARTHA on Google news Follow Us!
ad

Protest | ബസ് അപകടത്തെ തുടര്‍ന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിനിടിച്ച് മരിച്ച സംഭവം; വടകര-തലശ്ശേരി റൂടില്‍ ബസ് സര്‍വീസ് നിര്‍ത്തി

കന്‍ഡക്ടറെ ഓടിച്ചിട്ട് പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് Driver, Died, Train Accident, Protest, Private Bus, Employees, Bus Service, Sus
കണ്ണൂര്‍: (KVARTHA) ബസ് അപകടത്തെ തുടര്‍ന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ ജീജിത്ത് (45) ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ സംഭവത്തില്‍ പ്രതിഷേധവുമായി ജീവനക്കാര്‍. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് വടകര-തലശ്ശേരി റൂടില്‍ സ്വകാര്യ ബസുകല്‍ സര്‍വീസ് നിര്‍ത്തിവെച്ചു.

ജീജിത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച (12.11.2023) രാവിലെ മുതലാണ് വടകര- തലശ്ശേരി റൂടില്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെച്ചത്. അതേസമയം, റൂടില്‍ ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ചശേഷം ആള്‍കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ന്യൂ മാഹി പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മറ്റു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

ഇതിനിടെ, സംഭവത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും രാവിലെയോടെ പുറത്തുവന്നു. അപകടം നടന്നശേഷം ബസിലെ കന്‍ഡക്ടറെ ചിലര്‍ ഓടിച്ചിട്ട് പിടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഓടിക്കുന്നതിനിടയില്‍ കന്‍ഡക്ടറെ മര്‍ദിക്കുന്നതും ദൃശ്യത്തില്‍ കാണാം. സ്ഥലത്തുണ്ടായിരുന്ന സ്വകാര്യ ബസിലുള്ള കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ലഭിച്ചത്. സംഭവം നടന്നശേഷം ആക്രമണം ഭയന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കന്‍ഡക്ടറെ ചിലര്‍ പിന്നാലെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

ബസിലെ ക്ലീനറെയും ഇത്തരത്തില്‍ ചിലര്‍ പിടിച്ചുവെച്ചിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് പട്രോളിങ് സംഘമാണ് കന്‍ഡക്ടറെയും ക്ലീനറെയും ആള്‍കൂട്ട ആക്രമണത്തില്‍നിന്ന് രക്ഷിച്ചത്. ഈ ദൃശ്യങ്ങള്‍ ഉള്‍പെടെ പുറത്തുവന്നതോടെയാണ് ജീജിത്തിന്റെ മരണത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

എന്നാല്‍, സംഭവം നടന്നയുടനെ തന്നെ ഡ്രൈവര്‍ ജീജിത്ത് ബസില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജീജിത്ത് ഓടിയ റെയില്‍വെ ട്രാകിലെത്തി പൊലീസ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച (11.11.2023) വൈകിട്ട് ആറരയോടെ കണ്ണൂര്‍ തലശ്ശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം. വടകര-തലശ്ശേരി റൂടിലോടുന്ന ഭഗവതി എന്ന സ്വകാര്യ ബസ് ഡ്രൈവര്‍ മനേക്കര സ്വദേശി ജീജിത്ത് ആണ് ട്രെയിന്‍ തട്ടി മരിച്ചത്. ബസ് കാല്‍നടയാത്രക്കാരനായ മുനീറിനെ ഇടിച്ചതോടെ ബസില്‍നിന്ന് റെയില്‍വേ ട്രാകിലേക്ക് ഇറങ്ങിയോടിയ ജീജിത്തിനെ ഈ സമയം കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിന്‍ ഇടിക്കുകയായിരുന്നു. ജീജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. ബസിടിച്ച് പരുക്കേറ്റ കാല്‍നടയാത്രക്കാരന്‍ മുനീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.




Keywords: News, Kerala, Kerala-News, Kannur, Kannur-News, Driver, Died, Train Accident, Protest, Private Bus, Employees, Bus Service, Suspended, Vadakara-Thalassery Route, Kannur News, Driver died after train accident; Protest by Private bus employees.

Post a Comment