ന്യൂഡെല്‍ഹി: (KVARTHA) രാജ്യതലസ്ഥാനത്ത് അന്തരീക്ഷ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിലേക്ക് കടന്നു. അനുവദനീയമായതിന്റെ മൂന്നിരട്ടിയായി മലിനീകരണ തോത് ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് ശീതകാല അവധി സര്‍കാര്‍ നേരത്തെ പ്രഖ്യാപിച്ചു.
നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടും വായു ഗുണനിലവാരം മെച്ചപ്പെടാത്ത പശ്ചാത്തലത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് വ്യാഴാഴ്ച (നവംബര്‍ 9) മുതല്‍ 10 ദിവസത്തേക്ക് ക്ലാസില്ല. നവംബര്‍ 18 വരെയാണ് അവധി പ്രഖ്യാപിച്ചത്.
ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുപ്രീം കോടതിക്ക് കൈമാറുമെന്ന് ഡെല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായി അറിയിച്ചു. വാഹന നിയന്ത്രണം ശാസ്ത്രീയമല്ലെന്ന സുപ്രീം കോടതി വിമര്‍ശനത്തിന് പിന്നാലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഡെല്‍ഹിയിലെ മുഴുവന്‍ സ്‌മോഗ് ടവറുകളും പ്രവര്‍ത്തനക്ഷമമാക്കും.
ഒരിടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച (07.11.2023) വായു ഗുണനിലവാര സൂചിക 400 നു താഴേക്ക് എത്തുകയും നേരിയ പുരോഗതി കാണിക്കുകയും ചെയ്തിതിരുന്നു. ബുധനാഴ്ച (08.11.2023) രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 418. പഞ്ചാബി ബാഗ്, ബവാന, ആനന്ദ് വിഹാര്‍ എന്നിവടങ്ങളിലെല്ലാം 450 ന് മുകളിലാണ് തോത്.
ഡെല്‍ഹിക്കടുത്ത് യുപിയിലെ നോയ്ഡയിലും ഹരിയാനയിലെ ഗുരുഗ്രാമിലുമെല്ലാം സ്ഥിതി ഗുരുതരമാണ്. 150 നു മുകളിലുള്ള തോത് അപകടകരം ആണെന്നിരിക്കെയാണ് ഇതിന്റെ മൂന്നിരട്ടി മലിന വായു തലസ്ഥാന മേഖലയിലുള്ളവര്‍ ശ്വസിക്കുന്നത്.
കേരളത്തില്‍ കൂടുതല്‍ വ്യവസായങ്ങളുള്ള കൊച്ചിയില്‍ ഈ തോത് ഇന്ന് 47 മാത്രമാണ്. മലിനീകരണം ചെറുക്കാന്‍ രാഷ്ട്രീയം മാറ്റിവച്ചുള്ള നീക്കം വേണമെന്ന് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിര്‍ദേശിച്ചു. ഡെല്‍ഹി സര്‍കാരും എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിച്ചു.
അതിനിടെ, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഡെല്‍ഹിയിലേക്ക് വരുന്ന ആപ് അധിഷ്ഠിത കാബുകള്‍ക്ക് നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്. നോയിഡയില്‍ നിന്നോ ഗുരുഗ്രാമില്‍ നിന്നോ Ola-Uber വഴി ഡെല്‍ഹിയിലേക്ക് വരാന്‍ കഴിയില്ലെന്നാണ് ഇതിനര്‍ഥം. നിലവില്‍ ഡെല്‍ഹിയില്‍ സര്‍വീസ് തുടരുകയാണ്.
Winter Vacation | ഡെല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം; സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി നേരത്തെയാക്കി
നവംബര്‍ 9 മുതല്‍ 10 ദിവസം ക്ലാസില്ല
Air Pollution, Delhi News, national News, School, Winter Vacation, Advanced, Delhi Government, Education