ഈജിപ്തിലെ ആദ്യത്തെ ശീതളപാനീയ ബ്രാൻഡ് എന്ന നിലയിൽ അഭിമാനിക്കുന്ന സ്പിറോ സ്പാത്തിസ്, '100% മെയ്ഡ് ഇൻ ഈജിപ്ത്', 'ഈജിപ്തിന്റെ ഒറിജിനൽ ഗസൂസ' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുന്നു. എന്നിരുന്നാലും മറ്റ് ശീതളപാനീയ ഉത്പന്നങ്ങളുടെ ഇടയിൽ മത്സരിക്കാനാവാതെ തകർച്ചയിലായിരുന്നു.
എന്നാൽ ഇപ്പോൾ, കമ്പനിയുടെ ഉത്പന്നങ്ങൾ തൽക്ഷണം തീർന്നുപോവുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡിമാൻഡ് മൂന്നിരട്ടിയായി ഉയർന്നതായി കമ്പനിയുടെ മാർക്കറ്റിംഗ് മേധാവിയും ഉടമകളിൽ ഒരാളുമായ മോർക്കസ് തലാത്തിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഒക്‌ടോബർ ഏഴിന് ആരംഭിച്ച് ഇതുവരെ 11,500-ലധികം ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രാഈലിന്റെ നിരന്തരമായ ബോംബാക്രമണവും ഗസ്സയിലെ കര ആക്രമണവും ലോകമെമ്പാടും ജനകീയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മക്‌ഡൊണാൾഡ്‌സ്, സ്റ്റാർബക്‌സ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകൾ ബഹിഷ്‌കരിക്കാനും ഇത് കാരണമായി .യുദ്ധത്തിനിടെ ഇസ്രാഈൽ സൈന്യത്തിന് ആയിരക്കണക്കിന് സൗജന്യ ഭക്ഷണം നൽകിയതായി മക്‌ഡൊണാൾഡ് ഇസ്രാഈൽ സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചതിന് ശേഷം ഒക്ടോബർ പകുതിയോടെ ഉപഭോക്താക്കൾ മക്‌ഡൊണാൾഡും മറ്റും ബഹിഷ്‌കരിക്കാൻ തുടങ്ങി.
ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങളിലെ തെരുവുകളിൽ പ്രതിഷേധക്കാർ ഒഴുകിയെത്തിയപ്പോൾ, അറബ് ലോകത്ത് ഒരു കാലത്ത് ജനപ്രിയമായിരുന്ന വിദേശ റെസ്റ്റോറന്റുകളുടെയും കോഫി ഷോപ്പുകളുടെയും ശാഖകൾ മിക്കവാറും ശൂന്യമാണ്. യുദ്ധത്തിന്റെ തുടക്കം മുതൽ, ഈജിപ്തുകാർ സോഷ്യൽ മീഡിയ ഉപയോഗിച്ച് ഇസ്രാഈലിനെ പിന്തുണയ്ക്കുന്ന ബ്രാൻഡുകൾ ഏതൊക്കെയാണ്, ഏതൊക്കെ ഒഴിവാക്കണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നു. ചില ആപ്പുകൾ പാശ്ചാത്യ ബ്രാൻഡുകൾക്ക് ബദലുകളും പരിചയപ്പെടുത്തുന്നു.
അറബ് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഈജിപ്തിൽ ഒരു കാലത്ത് ഏക സോഡ പാനീയ നിർമ്മാതാക്കളായിരുന്ന സ്പൈറോ സ്പാത്തിസ് പോലുള്ള പ്രാദേശിക ഉത്പന്നങ്ങൾക്കും ഇത് ഉത്തേജനമായി. സ്പിറോ സ്പാത്തിസിന്റെ ലോഗോ, തേനീച്ചയുടെ ചിത്രമാണ്, ഇത് കമ്പനിയുടെ സ്ഥാപകനായ തേനീച്ച വളർത്തുന്നയാളുടെ യഥാർത്ഥ തൊഴിലിനെ അടയാളപ്പെടുത്തുന്നു. സോഷ്യൽ മീഡിയയിൽ ട്രെൻഡുചെയ്യുന്ന, കമ്പനിയുടെ ചരിത്രവും ലോഗോയും ശ്രദ്ധ നേടുകയും ബ്രാൻഡിനെക്കുറിച്ച് പരിചിതമല്ലാത്ത യുവതലമുറയിലും ജിജ്ഞാസ ഉണർത്തുകയും ചെയ്തു.
Keywords: News, Malayalam-News, World, Israel-Palestine-War, Egypt, Palestine, Israel, Gaza, Spathis, ‘Boycott Israel’ breathes new life into 100-year-old Egyptian soda brand