ഇത് ദ്രാവിഡ മണ്ണാണ്. അടുത്ത 25 വര്‍ഷത്തേക്ക് ഡിഎംകെ ഒഴികെ മറ്റൊരു പാര്‍ടിക്കും തമിഴ്നാട്ടില്‍ അധികാരം പിടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ സര്‍കാര്‍ നടപ്പാക്കുന്ന നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാരണം ഡിഎംകെയുടെ വോട് വിഹിതത്തില്‍ 20 ശതമാനം വര്‍ധനവുണ്ടായി. അണ്ണാമലൈയെപ്പോലുള്ളവര്‍ തങ്ങളെ ഭരിക്കാന്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ ഒരിക്കലും അധികാരം നല്‍കില്ലെന്നും ശേഖര്‍ ബാബു പറഞ്ഞു.
ബിജെപി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ 50,000 ക്ഷേത്രങ്ങളുടെ ഭരണം നടത്തുന്ന തമിഴ്നാട്ടിലെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപാര്‍ട്മെന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജപിയുടെ അധികാരത്തിലെ ആദ്യ ദിവസം എച് ആര്‍ & സി ഇയുടെ അവസാന ദിവസമായിരിക്കും എന്നായിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം.
ജനങ്ങള്‍ക്കെതിരായ പാര്‍ടിയുണ്ടെങ്കില്‍ അത് ഡിഎംകെയാണെന്നും അധികാരത്തിലെത്തിയാല്‍ പെരിയാര്‍ പ്രതിമകള്‍ നീക്കം ചെയ്യുമെന്നും കഴിഞ്ഞ ദിവസം കെ അണ്ണാമലൈ പറഞ്ഞിരുന്നു. ശ്രീരംഗത്തെ രംഗനാഥസ്വാമി ക്ഷേത്രത്തിന് മുന്നില്‍ വെച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
അണ്ണാമലൈയുടെ പ്രസംഗം:
ജനങ്ങള്‍ക്ക് എതിരായ ഒരു പാര്‍ടിയുണ്ടെങ്കില്‍ അത് ഡിഎംകെയാണ്. ഉദാഹരണത്തിന് ഏതാണ്ട് 1967ല്‍ ഇതേ ക്ഷേത്രത്തിന് മുന്നില്‍ അവര്‍ അധികാരത്തിലെത്തിയ സമയത്ത് ഒരു പ്ലക് കാര്‍ഡ് സ്ഥാപിക്കപ്പെട്ടിരുന്നു. ദൈവത്തെ വിശ്വസിക്കുന്നവര്‍ വിഡ്ഡികളാണ്, ദൈവത്തെ വിശ്വസിക്കുന്നവര്‍ കബളിപ്പിക്കപ്പെടുകയാണ്, ദൈവത്തില്‍ വിശ്വസിക്കരുത് എന്നായിരുന്നു അതിലെ വാചകം.
ഇത് അവര്‍ എല്ലാ ക്ഷേത്രങ്ങള്‍ക്ക് മുന്നിലും സ്ഥാപിച്ചു. അതുകൊണ്ട് ബിജെപി ഒരു തീരുമാനമടുക്കുകയാണ്. തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തിലെത്തുന്ന നിമിഷം ഈ പോസ്റ്ററുകളെല്ലാം നീക്കം ചെയ്യും എന്നും അണ്ണാമലൈ പറഞ്ഞു.
ദ്രാവിഡ നേതാവും ജാതിവിരുദ്ധ നേതാവും യുക്തിവാദിയുമായ പെരിയാറിന്റെ പ്രതിമയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പെരിയാറിന്റെ പ്രതിമകള്‍ നീക്കം ചെയ്ത ശേഷം ആള്‍വാര്‍, നായനാര്‍ (വൈഷ്ണവരും ശൈവരും) സന്യാസിമാര്‍, തമിഴ് കവികള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍, തിരുവള്ളുവര്‍ എന്നിവരുടെ പ്രതിമകള്‍ പാര്‍ടി സ്ഥാപിക്കുമെന്നും അണ്ണാമലൈ പറഞ്ഞു.
അണ്ണാമലൈയുടെ പരാമര്‍ശത്തിന് പിന്നാലെ വിമര്‍ശനവുമായി ഡിഎംകെയും എഐഎഡിഎംകെയും രംഗത്തെത്തിയിരുന്നു. അന്തരിച്ച നേതാക്കളോട് ബഹുമാനം കാണിക്കേണ്ടത് മര്യാദ മാത്രമാണെന്നും അണ്ണാമലൈയുടെ പരാമര്‍ശങ്ങള്‍ ഭയാനകമാണെന്നും എഐഎഡിഎംകെയുടെ മുന്‍ മന്ത്രി ഡി ജയകുമാര്‍ പറഞ്ഞു.
Keywords: Annamalai stirs row over remark on Periyar statues, Chennai, News, Annamalai, Controversy, Religion, Politics, DMK, AIADMK, National News.