കണ്ണൂർ: (KVARTHA) വി എസെന്ന വിപ്ലവ നക്ഷത്രത്തിന് നൂറു വയസു തികയുമ്പോൾ അഭിവാദ്യങ്ങളുടെ പ്രവാഹവുമായി രാഷ്ട്രീയ കേരളം. കേരളം കണ്ടതിൽ വെച്ചു ഏറ്റവും ജനകീയ നേതാവായ വി എസ് അച്യുതാനന്ദൻ വാർധക്യ കാല അസുഖങ്ങളുമായി വിശ്രമ ജീവിതത്തിലാണ്. ഓർമകൾ നഷ്ടപ്പെടുകയും തനിയെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് വി എസ് ഇന്ന് ജീവിക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത കമ്യുണിസ്റ്റ് പോരാളി, അഴിമതിക്കെതിരെ നിരന്തരം നിയമയുദ്ധം നടത്തിയ സമരഭടൻ, ജനകീയനായ മുഖ്യമന്ത്രി, കേരള ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ്, ജനകീയ പ്രശ്നങ്ങൾ കത്തി നിൽക്കുന്ന എവിടെയും ഓടി പാഞ്ഞെത്തുന്ന എൽ ഡി എഫ് കൺവീനർ, കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക അംഗങ്ങളിലൊരാൾ, ബ്രിടീഷ് പൊലീസിന്റെ അതിക്രൂരമായ വേട്ടയാടലിന് ഇരയായ രാഷ്ട്രീയ പ്രവർത്തകൻ, ജയിലിൽ പല തവണ അടയ്ക്കപ്പെട്ട നേതാവ് എന്നിങ്ങനെ ചരിത്രത്തിന്റെ ലിപികളിൽ വി എസിന്റെ സമര ജീവിതം കുറിച്ചു വെച്ചത് ഒന്നല്ല ഒരു പാട് അധ്യായങ്ങളാണ്.
ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയായ ജീവിക്കുന്ന അപൂർവം നേതാക്കളിലൊരാളാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ വി എസ് അച്യുതാനന്ദൻ. കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി എസ്. നിലവിൽ സിപിഎമിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ ഇദ്ദേഹം കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ജനസമ്മതിയുള്ള നേതാവാണ്. ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2006-ലെ പൊതു തിരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ അഞ്ച് വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്.
1980-92 കാലഘട്ടത്തിൽ സിപിഎം സംസ്ഥാന സെക്രടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011, 2016 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും സഭയിൽ പ്രതിപക്ഷനേതാവായിരുന്നു. 2001-ലും 2006-ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ് 18 ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പാർടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അച്യുതാനന്ദനെ പാർടി സംസ്ഥാന സെക്രടറി പിണറായി വിജയനുമായുള്ള അഭിപ്രായഭിന്നത പരസ്യപ്രസ്താവനയിലൂടെ വെളിവാക്കിയതിന്റെ പേരിൽ സമിതിയിൽ നിന്നും 2007 മേയ് 26നു താൽക്കാലികമായി പുറത്താക്കി അച്ചടക്ക നടപടിക്കു വിധേയനായെങ്കിലും പാർടി നിയോഗിച്ച മുഖ്യമന്ത്രി സ്ഥാനത്ത് അച്യുതാനന്ദൻ തുടർന്നു. പാർടി അച്ചടക്കലംഘനത്തെത്തുടർന്ന് സിപിഎം പോളിറ്റ് ബ്യൂറോ, 2009 ജൂലൈ 12-ന് വി എസിനെ പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്താക്കുകയും, കേന്ദ്രകമിറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു. എന്നാൽ വി എസിന് കേരള മുഖ്യമന്ത്രിയായി തുടരാമെന്ന് പി ബി വ്യക്തമാക്കി. അച്ചടക്കലംഘനത്തെത്തുടർന്ന് 2012 ജൂലൈ 22-ന് ചേർന്ന കേന്ദ്രകമിറ്റി വി എസിനെ പരസ്യമായി ശാസിക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം അംഗീകരിച്ചു.
കേരളത്തിലെ കർഷകത്തൊഴിലാളി സമരങ്ങളുടെ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെടുന്ന ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് ജനിച്ചു. നാലു വയസുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ലാസിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. അവിടെ വെച്ചാണ് തൊഴിലാളികളുടെ ദുരിതം തനേരിട്ട് മനസിലാക്കുന്നത്. മാതാപിതാക്കൾ രോഗബാധിതരായപ്പോൾ കുട്ടിയായ വി എസ് അവരുടെ ആയുസിനായി പ്രാർത്ഥിച്ചു. പ്രാർത്ഥന ആരും കേട്ടില്ല, ഫലിച്ചില്ല. വി എസ് അനാഥനായി. ഇത് മൂലം വി എസ് കടുത്ത നിരീശ്വരവാദിയായി മാറി. നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർടി മെമ്പറായി.
ജന്മിമാർക്ക് എതിരെ കർഷക കുടിയാന്മാരും 1946 -ൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയാണ് വി എസ്. രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവർഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായ റ്റ് ചരിത്രത്തിന്റെ ഭാഗമാണ്. പാർടി ചരിത്രത്തിന്റെ ഭാഗമായ അതിനിർണായകമായ ഈ സമരത്തിൽ പ്രധാനികളിലൊരാളാണ് വി എസ്. പാർടി നിർദേശ പ്രകാരം കോട്ടയത്തും പൂഞ്ഞാറിലും ഒളിവിൽ കഴിഞ്ഞശേഷം കെ വി പത്രോസിന്റെ നിർദേശപ്രകാരം ആലപ്പുഴയിൽ എത്തിയ വി എസിനെ സായുധപരിശീലനം ലഭിച്ച സമരസഖാക്കൾക്ക് രാഷ്ട്രീയബോധം കൂടി നൽകുന്നതിന് പാർടി ചുമതലപ്പെടുത്തുകയായിരുന്നു.
പുന്നപ്രയിൽ നിരവധി കമ്യൂണിസ്റ്റ് പാർടി കാംപുകൾക്ക് വി എസ് അക്കാലത്ത് നേതൃത്വം നൽകി. ഒരു വളണ്ടിയർ കാംപിൽ 300 മുതൽ 400 വരെ പ്രവർത്തകരാണ് ഉണ്ടായിരുന്നത്. അത്തരത്തിൽ മൂന്ന് കാംപുകളുടെ ചുമതലയാണ് വി എസിന് ഉണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും എസ്ഐ അടക്കം നിരവധി പൊലീസുകാർ മരിച്ചതും ദിവാൻ സിപിയുടെ ഉറക്കംകെടുത്തി. അതിനുശേഷമാണ് പൂഞ്ഞാറിൽ നിന്ന് വി എസ് അറസ്റ്റിലായത്. പാർടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകാത്തതിന്റെ പേരിൽ ക്രൂര മർദനത്തിനു ഇരയായി. രണ്ടു കാലുകളും ലോകപിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടർന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മർദിച്ചു. ഇ എം എസും കെ വി പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മർദനം. മർദനം ശക്തമായപ്പോൾ വി എസിന്റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയിൽ പൊലീസുകാർ, മരിച്ചെന്നു കരുതി വി എസിനെ കൊണ്ട് വന്നു ഉപേക്ഷിച്ചു പോവുകയായിരുന്നു.
1940-ൽ കമ്യൂണിസ്റ്റ് പാർടിയിൽ ചേർന്ന് പൊതു രംഗത്തു സജീവമായി. കമ്യൂണിസ്റ്റ് പാർടിയുടെ ജനകീയ നേതാവായിരുന്ന പി കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാർടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി. ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സർ സി പി രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയിൽ സംഘടിപ്പിച്ച തൊഴിലാളി കാംപിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. കമ്യൂണിസ്റ്റ് പാർടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മർദനങ്ങളും ജയിൽ ശിക്ഷയും അനുഭവിച്ചു. അഞ്ചു വർഷത്തോളം ഒളിവിൽക്കഴിഞ്ഞു. ഇൻഡ്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുൻപേ വി എസ് പാർടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു.
1957-ൽ കേരളത്തിൽ പാർടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒൻപതു പേരിൽ ഒരാളാണ്. ഇവരിൽ ഇന്നു ജീവിച്ചിരിക്കുന്നതും വി എസ് മാത്രം. പി. കൃഷ്ണ പിള്ളയുടെ പാത പിൻതുടർന്ന് പോരാട്ടത്തിന്റെ പുതുവഴികളിൽ നടന്ന അച്യുതാനന്ദൻ ജനകീയനായി. പാർടിക്കകത്ത് എകെജിയുടെ പിൻഗാമിയെന്നറിയപ്പെട്ടു. പാർടി സെക്രടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26 ന് പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കി. തുടർന്നു 2008 ൽ നടന്ന പാർടി കോൺഗ്രസിൽ കേന്ദ്രകമിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പാർലമെന്ററി ജീവിതം
സംഘടനാ രംഗത്ത് പടവുകൾ ചവിട്ടിക്കയറുമ്പോഴും അച്യുതാനന്ദന്റെ പാർലമെന്ററി ജീവിതം ഒട്ടേറെ തിരിച്ചടികൾ നേരിട്ടുണ്ട്. 1965-ൽ സ്വന്തം വീടുൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോൾ തോൽവിയായിരുന്നു ഫലം. കോൺഗ്രസിലെ കെ എസ് കൃഷ്ണക്കുറുപ്പിനോട് 2327 വോടുകൾക്കായിരുന്നു തോൽവി. 1967-ൽ കോൺഗ്രസിലെ തന്നെ എ അച്യുതനെ 9515 വോടുകൾക്ക് തോൽപിച്ച് ആദ്യമായി നിയമസഭാംഗമായി. 1970ൽ ആർഎസ്പിയിലെ കെകെ കുമാരപിള്ളയെയാണ് വി എസ് തോൽപ്പിച്ചത്. എന്നാൽ 1977-ൽ കുമാരപിള്ളയോട് 5585 വോടുകൾക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിനു ശേഷം കുറേക്കാലം പാർടി ഭാരവാഹിത്വത്തിൽ ഒതുങ്ങിക്കഴിഞ്ഞു.
1991-ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോൺഗ്രസിലെ ഡി സുഗതനെ 9980 വോടുകൾക്കു തോൽപിച്ചു. എന്നാൽ 1996-ൽ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാർക്സിസ്റ്റു പാർടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദൻ തോൽവിയറിഞ്ഞു. പാർടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോൽവിക്കു പിറകിലെന്ന് പിന്നീടു നടന്ന പാർടി തല അന്വേഷണങ്ങളിൽ തെളിഞ്ഞു. ഈ പരാജയം പക്ഷേ, പാർടിയിൽ അച്യുതാനന്ദനെ ശക്തനാക്കി.
2001-ൽ ആലപ്പുഴ ജില്ല വിട്ട് മാർക്സിസ്റ്റു പാർടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് ജനവിധി നേടിയത്. എന്നാൽ കണ്ണൂർ ജില്ലയിൽ നിന്നു മത്സരിക്കാനെത്തിയ സതീശൻ പാച്ചേനി എന്ന ചെറുപ്പക്കാരനുമേൽ 4703 വോടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ. അതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സിപിഎം സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിലേറെ വോടുകൾക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006-ൽ ഇതേ മണ്ഡലത്തിൽ ഇതേ എതിരാളിയെ 20,017 വോടുകൾക്കു തോൽപിച്ച് വി എസ് ഭൂരിപക്ഷത്തിലെ കുറവു നികത്തി.
ഒട്ടേറെക്കാലം അധികാരപദവികളൊന്നും അദ്ദേഹം വഹിച്ചിട്ടില്ല. 1967ലും 2006ലുമൊഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പാർടി അധികാരത്തിനു പുറത്തായതാണു പ്രധാനകാരണം. 67-ൽ കന്നിക്കാരനായിരുന്നതിനാൽ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടില്ല. 1996-ൽ സിപിഎമിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അനൌദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും മാരാരിക്കുളത്തെ തോൽവിയോടെ അതു നടക്കാതെപോയി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ പാർടിയുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നുതന്നെ ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും പാർടി പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും പ്രതിഷേധമുയർന്നതിനെത്തുടർന്ന് അദ്ദേഹത്തെ സിപിഎം മത്സരരംഗത്തിറക്കുകതന്നെ ചെയ്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക്
2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഉൾപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും സജീവമായി അച്യുതാനന്ദന്റെ പേരുയർന്നു വന്നു. എന്നാൽ പാർടിയിൽ ആരോപിക്കപ്പെടുന്ന വിഭാഗീയത മൂലം വി എസിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമോയെന്ന് ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങൾ ആശങ്കയുയർത്തിയിരുന്നു. 2006 മേയ് 13-നു ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ മുഖ്യമന്ത്രിയെ തത്ത്വത്തിൽ തിരഞ്ഞെടുത്തെങ്കിലും പ്രഖ്യാപനം പിന്നീടേക്കു മാറ്റി. അതേസമയം കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്തു.
കേരളത്തിന്റെ കാര്യത്തിൽ പോളിറ്റ് ബ്യൂറോ തീരുമാനം സിപിഎം. സംസ്ഥാന സമിതിയെ അറിയിച്ച ശേഷം പ്രഖ്യാപിക്കുവാൻ മാറ്റിവയ്ക്കുകയായിരുന്നു. മേയ് 15നു ചേർന്ന സംസ്ഥാന സമിതിക്കു ശേഷം വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക വാർത്താകുറിപ്പ് പാർടി നേതൃത്വം പുറത്തിറക്കി. മുഖ്യമന്ത്രിയായ വി എസ്.അഴിമതിക്കാരെയും കയ്യേറ്റക്കാരെയും ക്രിമിനലുകളെയും നിർദയം അമർച്ച ചെയ്തു. ഉദ്യോഗസ്ഥ ദുർഭരണം, കൈക്കൂലി എല്ലാം അവസാനിപ്പിച്ചു.
പാർടിയിൽ പിണറായി വിജയൻ സംസ്ഥാന സെക്രടറി ആയ ശേഷം ആണ് വിഭാഗീയപ്രവർത്തനങ്ങൾ രൂക്ഷമായത്. കണ്ണൂരിൽ സംസ്ഥാന സമ്മേളനം നടന്നപ്പോൾ പിണറായി വിജയനും വി എസും വിരുദ്ധ ചേരികളിലായി. അവിടെ വെച്ച് പിണറായി പക്ഷവും വി എസ് പക്ഷവും രൂപം കൊണ്ടു. പിന്നീട് നടന്ന മലപ്പുറം സമ്മേളനത്തിൽ പിണറായി ആധിപത്യം ഉറപ്പിച്ചു. പിന്നീട് നടന്ന കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളിൽ അതാവർത്തിച്ചു. വി എസിന്റെ സ്വന്തം ചേരിയിലുണ്ടായിരുന്നവർ ഭൂരിഭാഗവും മറുകണ്ടം ചാടി.
പൊതുസമൂഹത്തിൽ വലിയ തോതിൽ സ്വീകാര്യതയുള്ള നേതാവാണ് വി എസ്. പ്രസംഗിക്കുന്നതിന് നീട്ടിയും കുറുക്കിയുമുള്ള ഒരു ശൈലി അദ്ദേഹത്തിനുണ്ട്. അനീതിയെയും അഴിമതികളെയും എതിർക്കുന്ന സാധാരണ ജനങ്ങളുടെ സംരക്ഷകനായി വി എസിനെ നെഞ്ചിലേറ്റുന്നവരുണ്ട്. കോട്ടയം സംസ്ഥാന സമ്മേളനത്തിൽ വി എസിന്റെ പേര് മൈകിൽ പറയുമ്പോൾ വലിയ കരലോഷം ഉയർന്നു. ജനകീയതയുടെ പേരിൽ പാർടി എടുത്ത തീരുമാനങ്ങൾ പല്ലപ്പോഴും വി എസിനനുകൂലമായി മാറ്റിയിട്ടുണ്ട്. വ്യാജ സി ഡി റെയ്ഡ് നടത്തിയ സത്യസന്ധനായ ഋഷിരാജ് സിംഗിനെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ സസ്‌പെൻഡ് ചെയ്തപ്പോൾ വി എസ് കേന്ദ്ര നേതൃത്വത്തോട് സർകാർ രാജിവയ്ക്കുകയാണെന്നു പറഞ്ഞു. സസ്പെൻഷൻ പിൻവലിച്ചു.
2006ലെ തിരഞ്ഞെടുപ്പിൽ വി എസിനെ മത്സരിപ്പിക്കേണ്ടെന്നാണ് ആദ്യം കേരള പാർടി തീരുമാനിച്ചത്. കേന്ദ്രനേതൃത്വം ഇടപെട്ട് അത് തിരുത്തിച്ചു. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭൂരിപക്ഷം നേടിയപ്പോൾ വി എസിനെ മുഖ്യമന്ത്രിയാക്കേണ്ടെന്നായി പാർടി. ജനകീയ പ്രതിഷേധങ്ങൾക്ക് മുമ്പിൽ പാർടി നിലപാട് മാറ്റി. 2011ലും വി എസ് മത്സരിക്കേണ്ടെന്ന് ആദ്യം പാർടി തീരുമാനിച്ചു. പിന്നീട് പാർടി നിലപാട് മാറ്റി. 2011 മേയ് 13 ന് നടന്ന വോടെണ്ണലോടെ മലമ്പുഴ മണ്ഡലത്തിൽ നിന്നും 23440 വോടുകളുടെ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
അഞ്ചുവർഷം കൂടുമ്പോൾ ഭരണം മാറുക എന്ന കേരളത്തിന്റെ പൊതുസ്ഥിതിക്ക് വ്യാത്യാസം വന്നില്ലെങ്കിലും കേരളത്തിൽ ഇടതുപക്ഷജനാധിപത്യമുന്നണിയ്ക്ക് മികച്ച വിജയം നൽകി നിയമസഭയിൽ ഉയർന്ന പ്രാതിനിധ്യം നൽകാൻ വി എസ്. അച്യുതാനന്ദന്റെ പ്രകടനം സഹായകമായി. തെരഞ്ഞെടുപ്പിൽ വി എസ് ഫാക്ടർ ആഞ്ഞടിച്ചു എന്ന് പൊതുവെ വിലയിരുത്തപ്പെട്ടു. സ്ഥാനാർത്ഥികൾക്കൊപ്പം വി എസിന്റെ ചിത്രവും നൽകി, പെൺവാണിഭക്കാരെയും അഴിമതിക്കാരെയും തുറുങ്കലിലടയ്ക്കുമെന്നു പ്രഖ്യാപിച്ച് രാഷ്ട്രീയതാരമൂല്യത്തോടെ മുന്നേറാൻ അദ്ദേഹത്തിന് കഴിഞ്ഞു. അഴിമതിവിരുദ്ധപോരാട്ടത്തിൽ നീക്കുപോക്കുകളില്ലാത്ത സഖാവിന്റെ സമീപനം പൊതുസമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കി.
അദ്ദേഹത്തിന്റെ വാക്കുകൾക്കായി തെരഞ്ഞെടുപ്പുപ്രചാരണയോഗങ്ങളിൽ രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ഒഴുകിയെത്തി. തിരഞ്ഞെടുപ്പിൽ അനാരോഗ്യം മൂലം മത്സരിക്കേണ്ടതില്ലെന്ന പാർടി തീരുമാനം അണികളെ വികാരഭരിതരാക്കുകയും അവർ തെരുവിലിറങ്ങുകയും ചെയ്തു. 2006 ന്റെ തനിയാവർത്തനത്തോടെ പോളിറ്റ് ബ്യൂറോ അദ്ദേഹത്തിന് സീറ്റ് നൽകാൻ അനുവദിച്ചു. പൊതുജനമദ്ധ്യത്തിൽ ഏറ്റവും സ്വീകാര്യനായാണ് അദ്ദേഹം ഇപ്പോൾ നിൽക്കുന്നത്. അദ്ദേഹം ഉയർത്തിയ ധാർമികപ്രശ്നങ്ങളിൽ ഊന്നി നിന്നുകൊണ്ട് വീണ്ടും കേരളത്തിൽ ജനങ്ങൾക്കുവേണ്ടി ക്രിയാത്മകപ്രതിപക്ഷമായി പ്രവർത്തിക്കാൻ പാർടി തീരുമാനിച്ചുകഴിഞ്ഞു.
1964ൽ ഇൻഡ്യൻ കമ്യുണിസ്റ്റ് പാർടി പിളർത്തി നാഷനൽ കൗൺസിൽ യോഗത്തിൽനിന്നിറങ്ങിപ്പോന്ന 32 പേരിൽ ജീവിച്ചിരിക്കുന്ന രണ്ടുപേരിൽ ഒരാളായ വി എസ് പാർടി വേദികളിലും പാർലമെന്ററി രംഗത്തും കർക്കശക്കാരനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നാണ് അച്യുതാനന്ദനെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി നടത്തുന്ന ഇടപെടലുകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. എന്നാൽ ഏറെക്കാലം പാർടിയിൽ തന്റെ മേൽക്കോയ്മ നിലനിർത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേരള നിയമസഭകണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാക്കളിലൊരാളാണ് അച്യുതാനന്ദൻ.
വി എസ് മറ്റൊരു സമ്മേളനത്തിൽ
കമ്യൂണിസ്റ്റ് പാർടിയിലെ തന്റെ പ്രവർത്തനാരംഭം മുതൽ തിരുത്തൽ ശക്തിയായാണ് വി എസ് അറിയപ്പെടുന്നത്. 1980കളിൽ പാർടിയിലെ ഒരു വിഭാഗം മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താൻ ശ്രമം നടത്തിയപ്പോൾ അതിനെ ഉൾപ്പാർടി വേദികളിൽ അതിനിശിതമായി എതിർത്തവരിലൊരാളാണ് അച്യുതാനന്ദനെന്നു കരുതപ്പെടുന്നു. ബദൽ രേഖ എന്നു വിശേഷിപ്പിക്കപ്പെട്ട ഈ നയവ്യതിയാനത്തിനു രൂപം നൽകിയവരെ പിന്നീട് പാർടിയിൽ നിന്നു പുറത്താക്കി. 2006-ൽ സിപിഎമിന്റെ എക്കാലത്തെയും എതിരാളിയായിരുന്ന കെ കരുണാകരൻ കോൺഗ്രസ് വിട്ട് രൂപവത്കരിച്ച് ഡിഐസിയുമായി ധാരണയുണ്ടാക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമങ്ങളെയും അച്യുതാനന്ദൻ ശക്തിയുക്തം എതിർത്തു. രൂക്ഷമായ എതിർപ്പിനെത്തുടർന്ന് പാർടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ ഇടപെട്ട് ഈ സഖ്യം വേണ്ടെന്നു വയ്ക്കുകയായിരുന്നു.
എസ്എൻസി ലാവ്‌ലിൻ കേസിലും 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ സിപിഎം. പിഡിപിയുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ കാര്യത്തിലും പാർടിയുടെ ഔദ്യോഗി കനിലപാടിന് കടകവിരുദ്ധമായ നിലപാടാണ് വി എസ് അച്യുതാനന്ദൻ എടുത്തത്. ഇതിനെതിരെ പാർടി സംസ്ഥാനകമിറ്റി ദേശീയനേതൃത്വത്തിന് പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ ജുലൈ 11, 12 തീയതികളിൽ നടന്ന കേന്ദ്ര കമിറ്റി വി എസ്. അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയിൽനിന്ന് പുറത്താക്കാൻ തീരുമാനിക്കുകയും ചെയ്തു. എങ്കിലും കേന്ദ്ര കമിറ്റിയിൽ അംഗമായും കേരള മുഖ്യമന്ത്രിയും ആയി തുടരാൻ അദ്ദേഹത്തിന് അനുമതി നൽകി.
അച്ചടക്ക നടപടികൾ
പാർടിയിലും പൊതുസമൂഹത്തിലും ആരോഹണാവരോഹണങ്ങളുടെ ചരിത്രമാണ് വി എസിന്റേത്. തനിക്കു ഉൾകൊള്ളാൻ കഴിയാത്ത പാർടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ശാസന വരുമ്പോൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ആളാണ് വി എസ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സ്വീകരിച്ച പരസ്യനിലപാടുകൾ പാർടിയിൽ പൂർണമായി ഒറ്റപ്പെടുത്തിയെങ്കിലും പൊതു സമൂഹത്തിൽ അദ്ദേഹത്തിനുള്ള വിശ്വാസ്യത കൂടാൻ കാരണമായി. പാർടിയിൽ ചേർന്ന കാലം മുതൽക്കേ ഈ ആരോപണം അദ്ദേഹത്തെ പിന്തുടരുന്നു. പാർടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരെ നിലകൊണ്ടതിന് പിന്നീട് പലവട്ടം വി എസ് ശാസിക്കപ്പെട്ടു. പാലക്കാട് സമ്മേളനത്തിലെ പ്രസിദ്ധമായ വെട്ടിനിരത്തലിന്റെ പേരിൽ വിമർശന വിധേയനായി.
1985ൽ പി ബി അംഗമായ വി. എസിനെ വിഭാഗീയതയുടെ പേരിൽ അച്ചടക്കനടപടിയുടെ ഭാഗമായി 2009ൽ പി ബിയിൽ നിന്നൊഴിവാക്കി. പിന്നീട് നടന്ന കോഴിക്കോട്ടെ പാർടി കോൺഗ്രസിൽ തിരിച്ചെടുക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും നടന്നില്ല. ഇപ്പോൾ കേന്ദ്രകമിറ്റി അംഗമായി അദ്ദേഹം തുടരുകയാണ്. ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകാരിൽ തലമുതിർന്നയാളായ വി എസ് അടുത്ത കാലത്ത് തുടരെ തുടരെ പാർടിയിൽനിന്ന് ശാസന ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവ് എ കെ ആന്റണി സി പി എം നെറികെട്ട പാർടിയെന്ന് പരിഹസിച്ചപ്പോൾ 'ചില തന്തയില്ലാത്തവർ അങ്ങനെയും പറയും' എന്നായിരുന്നു മറുപടി. പ്രതിഷേധം ഉയർന്നെങ്കിലും വി എസ് പ്രസ്താവന പിൻവലിച്ചില്ല. വിശ്വാസ്യത ഇല്ലാത്തതിന് തന്തയില്ലായ്മ എന്നാണ് പറയുക എന്നായിരുന്നു വി എസിന്റെ വിധിന്യായം.
പല തവണ പാർടി ശാസനക്ക് വിധേയനായിട്ടും സ്വന്തം നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കുന്നതിൽ നിന്നും വി.എസിനെ മാറ്റിയെടുക്കാൻ പാർടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് പാർടി സസ്‌പൻഡ് ചെയ്തെങ്കിലും കൂടുതൽ ശിക്ഷ വേണമെന്നായിരുന്നു വി എസിന്റെ നിലപാട്.
വി എസ് മുഖ്യമന്ത്രി ആയിരിക്കെ ബന്ധുവായ വിമുക്ത ഭടന് ഭൂമി അനർഹമായി അനുവദിച്ചു കൊടുത്തു എന്ന ആരോപണത്തിന്റെ പേരിൽ ഒന്നാം പ്രതിയായി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് 2012 ജനുവരി 12-ന് വിജിലൻസ് കമ്മീഷണർ ശുപാർശ ചെയ്യുകയുണ്ടായി. പാർടിയിലെയും പൊതുരംഗത്തെയും കർക്കശ നിലപാടുകൾത്തന്നെയാണ് എതിരാളികൾ അച്യുതാനന്ദനെതിരെ പ്രചാരണായുധമാക്കുന്നതെന്നത് ശ്രദ്ധേയമാണ്. കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന നേതാവെന്ന നിലയിലാണ് 2006ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ് അദ്ദേഹത്തെ നേരിട്ടത്. അച്യുതാനന്ദൻ മുഖ്യമന്ത്രിയാകാൻ യോഗ്യനല്ലെന്നുവരെ എതിർചേരിയിലെ ഏതാനും നേതാക്കൾ പറഞ്ഞുവച്ചു. ലാവലിൻ, ഐസ്‌ക്രീം, ലോടറി കേസുകൾക്കായി അഭിഭാഷകരെ പുറത്തുനിന്നും കൊണ്ടുവന്നതിലൂടെ സംസ്ഥാന ഖജനാവിന് മൂന്ന് കോടി രൂപ നഷ്ടമുണ്ടായെന്ന പരാതി അന്വേഷണത്തിന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്
പ്രതിപക്ഷനേതാവെന്ന നിലയിലും അല്ലാതെയും അച്യുതാനന്ദൻ ഏറ്റെടുത്തു നടത്തിയ ചില സമരങ്ങളാണ് അദ്ദേഹത്തെ വിമർശിക്കാൻ എതിരാളികൾ ആയുധമാക്കുന്നത്. 1990കളിൽ ആലപ്പുഴ ജില്ലയിലും പരിസര പ്രദേശങ്ങളിലും സിപിഎം ഏറ്റെടുത്തു നടത്തിയ കർഷകത്തൊഴിലാളി സമരമാണ് ഇതിൽ പ്രധാനം. നെൽപ്പാടം നികത്തി ലാഭകരമായ ഇതര കൃഷികളിലേക്ക് ഭൂവുടമകൾ തിരിയുന്നതിനെതിരെയായിരുന്നു ഈ സമരം. ഈ പ്രവണതമൂലം നിരവധി കർഷകത്തൊഴിലാളികൾ ജോലിയില്ലാതാവുന്നു എന്നതായിരുന്നു സിപിഎം ഉയർത്തിയ വാദം. കേരളത്തിന്റെ ഭക്ഷ്യസ്വയം പര്യാപ്തതയെ ഈ പ്രവണത ബാധിക്കുമെന്നും അച്യുതാനന്ദനടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. നെൽകൃഷി ഒഴിവാക്കി ഇതര കൃഷികളിലേക്കു തിരിഞ്ഞ കൃഷിഭൂമികൾ കയ്യേറി വെട്ടിനിരത്തുകയായിരുന്നു ഈ സമരത്തിന്റെ ശൈലി. ഇതുമൂലം വെട്ടിനിരത്തൽ സമരം എന്ന വിളിപ്പേരുണ്ടായി ഈ പ്രക്ഷോഭത്തിന്. ഈ സമരത്തിനു നേതൃത്വം നൽകിയ നേതാവെന്ന നിലയിൽ അച്യുതാനന്ദൻ ഏതാനും മാധ്യമങ്ങളുടെയും ഭൂവുടമകളുടെയും എതിർപ്പു ക്ഷണിച്ചുവരുത്തി.
പാർടിക്കുള്ളിൽ വൈര്യ നിര്യാതന പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്ന നേതാവെന്ന വിമർശനവും അച്യുതാനന്ദനെതിരായി ഉന്നയിക്കപ്പെടാറുണ്ട്. പാർടിയുടെ പ്രഖ്യാപിത നയങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നവരെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നു എന്നതാണ് പ്രധാന ആരോപണം. സിപിഎമിലെ അതിശക്തരായ നേതാക്കളായിരുന്ന എം വി രാഘവൻ, കെ ആർ ഗൗരിയമ്മ തുടങ്ങിയവരെ പാർടിയിൽ നിന്നു പുറത്താക്കാൻ വി എസാണ് ചുക്കാൻ പിടിച്ചതെന്നും ആരോപിക്കപ്പെടുന്നു.
1996-ൽ മാരാരിക്കുളത്തെ തന്റെ പരാജയത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും വി എസ് ഇതുപോലെ വെട്ടിനിരത്തി എന്നാണ് മറ്റൊരാരോപണം. പരുക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെടുന്ന ഈ നേതാവ് പൊതുജനങ്ങൾക്ക് അഭിമതനാകുന്നത് 2001-2006 കേരളാ നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷ നേതാവ് ആയതോടുകൂടിയാണ്. ഇക്കാലത്ത് ഒട്ടനവധി വിവാദങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ സാധാരണജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരുന്നു. മതികെട്ടാൻ വിവാദം, പ്ലാച്ചിമട വിവാദം, കിളിരൂർ പെൺവാണിഭ കേസ്, മുൻമന്ത്രി പി കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് മുതലായവയിൽ അദ്ദേഹത്തിന്റെ തുറന്ന നയം സ്വന്തം പാർടിയിലെ ഒരു വിഭാഗം ഉൾപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിർപ്പേറ്റുവാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും പൊതുജനങ്ങൾക്ക് പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു.
മുഖ്യമന്ത്രിയായതിനു ശേഷം 2007ൽ മുന്നാറിൽ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന, സർകാർ ഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ഏറെ പ്രശംസനേടി . 2016 ൽ വി.എസ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും പിണറായി വിജയനെയാണ് പാർടി ആസ്ഥാനത്തേക്ക് നിയോഗിച്ചത്. ഭരണഘടനാ പരിഷ്കരണ ചെയർമാനെന്ന ആലങ്കാരിക പദവിയേറ്റു വാങ്ങി ഒതുങ്ങേണ്ടിവന്നു വിഎസിന് . രണ്ടാം പിണറായി ഭരണത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനും കുടുംബത്തിനുമെതിരെ എണ്ണമറ്റ ആരോപണങ്ങൾ ഉയരുമ്പോൾ കേരളം കൊതിച്ചു പോകുന്നത് വി എസ് എന്ന ജനപ്രീയ മുഖ്യമന്ത്രിയെയാണ്.
Keywords: News, Kerala, V S Achuthanandan, CPM, Politics, Pinarayi Vijayan, V S Achuthanandan turns 100< !- START disable copy paste -->