പോര്‍ട് ലാന്‍ഡ്: (KVARTHA) യുഎസിലെ ഒറിഗോണില്‍ യാത്രാമധ്യേ എന്‍ജിന്‍ ഓഫ് ചെയ്ത് വിമാനം അപകടത്തില്‍പെടുത്തി തകര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഓഫ് ഡ്യൂടിയിലായിരുന്ന പൈലറ്റ് അറസ്റ്റില്‍.
ഡ്യൂടിയിലല്ലാത്തതിനാല്‍ വിമാനത്തിന്റെ കോക്പിറ്റിലുള്ള അധിക സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ജോസഫ് ഡേവിഡ് എമേഴ്‌സനാണ് (44) അറസ്റ്റിലായത്.വാഷിങ്ടനിലെ എവറെറ്റില്‍നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനമാണ് പൈലറ്റ് ബോധപൂര്‍വം അപകടത്തില്‍പെടുത്താന്‍ ശ്രമിച്ചത്. ഈ സമയത്ത് വിമാനത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പെടെ 80 യാത്രക്കാരും നാല് ജീവനക്കാരുമുണ്ടായിരുന്നു.
പറക്കുന്നതിനിടെ എന്‍ജിനുകള്‍ ഓഫ് ചെയ്ത് വിമാനം തകര്‍ക്കാന്‍ ശ്രമം നടത്തിയെന്നാണ് പരാതി. അപകടം തിരിച്ചറിഞ്ഞ ജീവനക്കാര്‍ത്തന്നെ ഇയാളെ കീഴ്‌പ്പെടുത്തി അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. കൊലപാതക ശ്രമം, വിമാനം അപകടത്തില്‍പെടുത്താനുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
വിമാനത്തിന്റെ കോക്പിറ്റിലെ അധിക സീറ്റില്‍ ഇരിക്കുകയായിരുന്ന ഡ്യൂടിയിലല്ലാതിരുന്ന പൈലറ്റ് പറക്കുന്നതിനിടെ എന്‍ജിനുകള്‍ ഓഫ് ചെയ്ത് വിമാനം അപകടത്തില്‍പെടുത്താന്‍ ശ്രമിച്ചതായി അലാസ്‌ക എയര്‍ലൈന്‍സ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. പൈലറ്റിന്റെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താതെയാണ് എയര്‍ലൈന്‍സ് പ്രസ്താവന ഇറക്കിയത്. അതേസമയം, പ്രതിയുടെ കൈവശം ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
ഞായറാഴ്ച പ്രദേശിക സമയം വൈകിട്ട് 5.23ന് എവറെറ്റില്‍നിന്ന് പുറപ്പെട്ട വിമാനം, ഒരു മണിക്കൂറിനു ശേഷമാണ് പോര്‍ട്‌ലാന്‍ഡില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. അപകട ഭീഷണിയെ തുടര്‍ന്ന് വിമാനം ഒറിഗോണിലെ പോര്‍ട്‌ലാന്‍ഡിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ പിന്നീട് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ എത്തിച്ചതായും അലാസ്‌ക എയര്‍ലൈന്‍സ് അറിയിച്ചു.