ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗള്‍ എന്നിവര്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെ അനുകൂലിച്ചു. ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവര്‍ എതിര്‍ത്തു. ഇതോടെ 3-2 എന്ന നിലയിലാണ് ഹര്‍ജികള്‍ തള്ളിയത്. ഇതില്‍ ജസ്റ്റിസ് ഹിമ കോലി ഒഴികെയുള്ളവര്‍ പ്രത്യേക വിധി പ്രസ്താവം നടത്തി.
സ്‌പെഷല്‍ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകള്‍ പരിശോധിച്ച ശേഷമാണ് വിധിപ്രസ്താവം. മേയ് 11ന് വാദം പൂര്‍ത്തിയാക്കിയ ഹര്‍ജികളില്‍ അഞ്ച് മാസത്തിനുശേഷമാണ് കോടതി വിധി പറഞ്ഞത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസര്‍കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. സ്വവര്‍ഗ ദമ്പതികള്‍ക്ക് സാമൂഹികവും നിയമപരവുമായ അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നത് പരിഗണിക്കാന്‍ ഒരു സമിതി രൂപീകരിക്കാനുള്ള സര്‍കാരിന്റെ നിര്‍ദേശം കോടതി അംഗീകരിച്ചു.
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജിയില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാലു വിധികളാണ് പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആമുഖമായി വ്യക്തമാക്കിയിരുന്നു. ഇതില്‍ യോജിപ്പുകളും വിയോജിപ്പുകളുമുണ്ടെന്നും അദ്ദേഹം ആദ്യമേ വിശദീകരിച്ചു. അതേസമയം, നിയമനിര്‍മാണത്തിലേക്കു കടക്കാന്‍ കോടതിക്കു കഴിയില്ലെന്നും ഇക്കാര്യത്തില്‍ പാര്‍ലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക വിവാഹ നിയമത്തില്‍ മാറ്റം വരുത്തി സ്വവര്‍ഗ വിവാഹം കൂടി അംഗീകരിക്കണമെന്ന ഹര്‍ജിക്കാരുടെ വാദം ചീഫ് ജസ്റ്റിസ് അനുവദിച്ചു. നിലവിലുള്ള നിയമം പുരുഷനെയും സ്ത്രീയേയും മാത്രമാണ് പരിഗണിക്കുന്നത്. അതില്‍ ഇതര വിഭാഗക്കാരെക്കൂടി പരിഗണിക്കണമെന്നാണ് ആവശ്യം. എന്നാല്‍ പ്രത്യേക വിവാഹനിയമം കോടതിക്കു റദ്ദാക്കാന്‍ കഴിയില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സ്വവര്‍ഗ ലൈംഗിക വിഡ്ഢിത്തമോ നഗര സങ്കല്‍പമോ വരേണ്യ വര്‍ഗ സങ്കല്‍പമോ അല്ല എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ഇക്കാര്യത്തില്‍ കേന്ദ്രസര്‍കാരിന്റെ നിലപാടിനെ തള്ളിക്കളഞ്ഞു. ഇത് തുല്യതയുടെ വിഷയമാണ്. മാത്രമല്ല, വിവാഹം എന്നത് സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ വഴി വിവാഹത്തില്‍ പല പരിഷ്‌കാരങ്ങളും വന്നിട്ടുണ്ട്. നിയമം ഉണ്ടാക്കാന്‍ കോടതിക്ക് സാധിക്കില്ല. നിലവിലുള്ള നിയമം വ്യാഖ്യാനിക്കാന്‍ മാത്രമേ കഴിയൂ. അതേസമയം, മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ കോടതിക്കു തടസ്സമില്ല.
ബന്ധങ്ങള്‍ രണ്ടു വ്യക്തികളുടെ തീരുമാനമാണ്. ഇത്തരം കൂട്ടുകെട്ടുകള്‍ അംഗീകരിക്കാത്തത് സ്വവര്‍ഗ ദമ്പതികളോടുള്ള വിവേചനമാകും. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒരാളുടെ ജീവിതരീതിയുടെ അടിസ്ഥാന ഭാഗമാണ്. ചിലര്‍ക്ക് അത് അവരുടെ ജീവതത്തിലെ ഏറ്റവും പ്രധാന തീരുമാനമാണ്. ഭരണഘടനയുടെ അനുഛേദം 21 പ്രകാരമുള്ള അവകാശം അവര്‍ക്കുണ്ടെന്നും എല്ലാവര്‍ക്കും അവരുടെ ജീവിതത്തിന്റെ ധാര്‍മിക നിലവാരം തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വവര്‍ഗ ബന്ധമുള്ളവരോടു വിവേചനം കാണിക്കാനാവില്ല. മറ്റുള്ളവര്‍ക്കു ലഭിക്കുന്ന വിവാഹ ആനുകൂല്യം സ്വവര്‍ഗ പങ്കാളികള്‍ക്കു നിഷേധിക്കുന്നത് അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ്. ഒരു കുഞ്ഞിന് സമ്പൂര്‍ണ സുരക്ഷിതത്വം നല്‍കാന്‍ സ്ത്രീപുരുഷ ദമ്പതികള്‍ക്കു മാത്രമേ സാധിക്കൂ എന്ന് വ്യക്തമാക്കുന്ന യാതൊരു തെളിവും ലഭ്യമല്ല. സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തെടുക്കാനുള്ള അവകാശം നിഷേധിക്കുന്ന സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ (CARA) സര്‍കുലര്‍ ഭരണഘടനയുടെ 15-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, എല്‍ ജി ബി ടി ക്യു പ്ലസ് ആക്ടിവിസ്റ്റുകള്‍, സംഘടനകള്‍ തുടങ്ങിയവര്‍ നല്‍കിയ 21 ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
Keywords: Supreme Court Verdict On Same-Gender Marriage, New Delhi, News, Politics, Parliament, Criticism, Chief Justice, Supreme Court Verdict, Petition, National.