Follow KVARTHA on Google news Follow Us!
ad

Resolution | സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്; ഈ അന്തരീക്ഷത്തെ ജീവന്‍ കൊടുത്തും നിലനിര്‍ത്താന്‍ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയര്‍ക്കുള്ളത്; കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം

അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങളെ ഒറ്റപ്പെടുത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കണം All-Party Meeting, Resolution, Kalamassery Blast, Kerala News
തിരുവനന്തപുരം: (KVARTHA) കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച രാവിലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ എല്ലാവരും പങ്കെടുത്തു. യോഗത്തില്‍ ഏകകണ്ഠമായി പ്രമേയം അംഗീകരിക്കുകയുണ്ടായി.

സര്‍വകക്ഷി യോഗത്തില്‍ സര്‍കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് പൂര്‍ണ പിന്തുണ. സംസാരിച്ച എല്ലാ കക്ഷി നേതാക്കളും സര്‍കാരിന്റെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിക്കുകയും സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പു നല്‍കുകയും ചെയ്തു.

Resolution unanimously approved by all-party meeting held in wake of Kalamassery blast, Thiruvananthapuram, News, All-Party Meeting, Resolution, Kalamassery Blast, Religion, Gossip, Warning, Blast, Kerala News

ഇന്റലിജന്‍സ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കും. കളമശ്ശേരി സംഭവത്തില്‍ പഴുതടച്ച അന്വഷണം നടത്തും. പരുക്കേറ്റവരുടെ ചികിത്സയ്ക്കാവശ്യ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ മതേതര സ്വഭാവം കാത്തു സംരക്ഷിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് നിന്നതില്‍ മുഖ്യമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. ജനങ്ങളില്‍ ഭീതി ജനകമായ സാഹചര്യം സൃഷ്ടിക്കുമെന്ന വസ്തുത മുന്നില്‍ കണ്ട് ജാഗ്രത പുലര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു. കേരളത്തിന്റെ മതസൗഹാര്‍ദവും സമാധാന അന്തരീക്ഷവും തകര്‍ക്കുന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും. ഇത്തരം പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കേന്ദ്രമന്ത്രിയുടെ പ്രസ്താവന അപകടകരമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ സംശയ നിഴലിലാക്കുന്ന ഒന്നും അനുവദിക്കാന്‍ പാടില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരവേലക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍കാര്‍ സമയോചിത ഇടപെടലാണ് നടത്തിയതെന്ന് കോണ്‍ഗ്രസ് പ്രതിനിധി വി ടി ബല്‍റാം പറഞ്ഞു. സമൂഹത്തെ ഭിന്നിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഉരുക്കുമുഷ്ടി ഉപയോഗിച്ച് ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരണമെന്നും മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഈ അന്തരീക്ഷത്തെ ജീവന്‍ കൊടുത്തും നിലനിര്‍ത്താന്‍ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയര്‍ക്കുള്ളത് എന്ന് യോഗം വിലയിരുത്തി.

എന്നാല്‍, കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ സാഹചര്യത്തില്‍ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാന്‍ വ്യഗ്രതപ്പെടുന്നവരും ഉണ്ട് എന്ന് നമ്മള്‍ അറിയുന്നു. അവരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ എന്തു വില കൊടുത്തും നാം ഉറപ്പാക്കും എന്നും യോഗം അറിയിച്ചു.

പരസ്പര വിശ്വാസത്തിന്റെയും പരസ്പര ആശ്രിതത്വത്തിന്റെയും കൂട്ടായ അതിജീവനത്തിന്റെയും കാലത്തെ അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകള്‍ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോല്‍പ്പിക്കും എന്ന് ഈ യോഗം ഏകകണ്ഠമായി വ്യക്തമാക്കുന്നു.

ഊഹാപോഹങ്ങളും കെട്ടുകഥകളും കിംവദന്തികളും പടര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താനും അതിലൂടെ ജനസമൂഹത്തെ ആകെ ചേരിതിരിച്ച് പരസ്പരം അകറ്റാനും ഉള്ള ഏതു ശ്രമങ്ങളെയും മുളയിലേ തന്നെ നുള്ളാനുള്ള മുന്‍കൈ നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഭാഗത്ത് നിന്നുണ്ടാകണം എന്നും യോഗം അഭ്യര്‍ഥിച്ചു.

എല്ലാ ജാതി-മത വിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുള്ള സമൂഹമാണിത്. ഭരണഘടനയുടെ മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളില്‍ ഊന്നി നില്‍ക്കുന്ന ഈ വിധത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിരക്ഷയ്ക്ക്, അവകാശത്തിന്റെ സംരക്ഷണത്തിന് എല്ലാ വിധത്തിലും ഇവിടെ ഉറപ്പുണ്ടാവും.

ഒരു വിശ്വാസപ്രമാണത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യം അനുവദിച്ചുകൂടാ. ഒരു വ്യക്തിയെയും ഒരു സമുദായത്തെയും ഒരു വിശ്വാസ സമൂഹത്തെയും സംശയത്തോടെ കാണുന്ന സ്ഥിതി അനുവദിച്ചുകൂടാ. അത്തരം ചിന്തകള്‍ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ നാടിന്റെയും ജനതയുടെയും പൊതു ശത്രുക്കളാണ് എന്ന് മനസ്സിലാക്കണമെന്ന് ഈ യോഗം വിലയിരുത്തുന്നു. ഈ ചിന്ത സമൂഹത്തിലാകെ പടര്‍ത്താന്‍ പ്രതിബദ്ധമായ ശ്രമങ്ങള്‍ക്ക് ഓരോ വ്യക്തിയും ഓരോ രാഷ്ട്രീയ പ്രസ്ഥാനവും ഓരോ സംഘടനയും മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യര്‍ഥിക്കുന്നു.

ഒറ്റപ്പെട്ട ഏതെങ്കിലും ഒരു സംഭവത്തെ മുന്‍നിര്‍ത്തി കേരളത്തെയും കേരളത്തിന്റെ അഭിമാനകരമായ മതനിരപേക്ഷ പാരമ്പര്യത്തെയും സാംസ്‌കാരിക പൈതൃകത്തെയും സാമൂഹികമായ വേറിട്ട വ്യക്തിത്വത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങളെ ഒറ്റപ്പെടുത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ജനങ്ങളോടാകെ അഭ്യര്‍ഥിക്കുന്നു.

അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളിലും ഊഹോപോഹ പ്രചാരണങ്ങളിലും കിംവദന്തി പടര്‍ത്തലിലും പെട്ടുപോകാതിരിക്കാന്‍ പ്രത്യേക ജാഗ്രത ഓരോ മനസ്സിലും ഉണ്ടാകണമെന്ന് ഈ യോഗം അഭ്യര്‍ഥിക്കുന്നു. കിംവദന്തികള്‍ പടര്‍ത്തുന്നതിനു പിന്നിലെ രാജ്യവിരുദ്ധവും ജനവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രതയും ഓരോ മനസ്സിലും ഉണ്ടാവണം.

സമാധാനവും സമുദായ സൗഹാര്‍ദവും ഭേദചിന്തകള്‍ക്കതീതമായ മതനിരപേക്ഷ യോജിപ്പും എല്ലാ നിലയ്ക്കും ശക്തിപ്പെടുത്തി മുമ്പോട്ടു പോകുമെന്നും ഇക്കാര്യത്തില്‍ കേരളം ഒറ്റ മനസ്സാണെന്നും ഈ യോഗം ഏകകണ്ഠമായി വ്യക്തമാക്കുന്നു.

യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, എ കെ ശശീന്ദ്രന്‍, ആന്റണി രാജു, പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം വി ഗോവിന്ദന്‍ (സിപിഐ എം), വി ടി ബല്‍റാം (ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), പി പി സുനീര്‍ ( സിപിഐ), പി കെ കുഞ്ഞാലിക്കുട്ടി (ഇന്‍ഡ്യന്‍ യൂനിയന്‍ മുസ്ലീം ലീഗ്), ജോസ് കെ മാണി എം പി ( കേരളാ കോണ്‍ഗ്രസ് എം), മാത്യു ടി തോമസ് എം എല്‍ എ ( ജനതാദള്‍ സെകുലര്‍), മോന്‍സ് ജോസഫ് എംഎല്‍എ (കേരളാ കോണ്‍ഗ്രസ്), പി സി ചാക്കോ (എന്‍ സി പി), രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ (കോണ്‍ഗ്രസ് എസ്), ഫ്രാന്‍സിസ് തോമസ് (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്), അഡ്വ ജെ തംറൂഖ് (ഐ എന്‍ എല്‍), സി വേണുഗോപാലന്‍ നായര്‍ (കേരളാ കോണ്‍ഗ്രസ് ബി), ജി ബാലകൃഷ്ണപ്പിള്ള ( റവല്യൂഷ്ണറി മാര്‍ക്‌സിസ്റ്റ് പാര്‍ടി ) അഡ്വ ഷാജ ജി എസ് പണിക്കര്‍ ( ആര്‍ എസ് പി (ലെനിനിസ്റ്റ്) , വാക്കനാട് രാധാകൃഷ്ണന്‍ (കേരളാ കോണ്‍ഗ്രസ് ജേക്കബ്), ഡോ വര്‍ഗീസ് ജോര്‍ജ് ( രാഷ്ട്രീയ ജനതാദള്‍), ബാബു ദിവാകരന്‍ ( ആര്‍ എസ് പി), സി കൃഷ്ണകുമാര്‍ (ബിജെപി) എന്നിവര്‍ സംസാരിച്ചു.

ചീഫ് സെക്രടറി ഡോ വേണു വി, സംസ്ഥാന പൊലീസ് മേധാവി ശെയ്ഖ് ദര്‍വേശ് സാഹിബ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രടറി ബിശ്വനാഥ് സിന്‍ഹ എന്നിവരും പങ്കെടുത്തു.

Keywords: Resolution unanimously approved by all-party meeting held in wake of Kalamassery blast, Thiruvananthapuram, News, All-Party Meeting, Resolution, Kalamassery Blast, Religion, Gossip, Warning, Blast, Kerala News.

Post a Comment