Follow KVARTHA on Google news Follow Us!
ad

Criticized | നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടി തട്ടിപ്പാണെന്നും പൊതുഖജനാവ് കൊള്ളയടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും രമേശ് ചെന്നിത്തല

മധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മോശം പരാമര്‍ശം പിന്‍വലിക്കണം Ramesh Chennithala, Congress, CPM, Criticism, Kerala News
തിരുവനന്തപുരം: (KVARTHA) നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടി തട്ടിപ്പാണെന്നും പൊതുഖജനാവ് കൊള്ളയടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാന്‍പോലും പണമില്ല. 5000 രൂപയില്‍ കൂടുതല്‍ ട്രഷറിയില്‍നിന്നു മാറിയെടുക്കാന്‍ കഴിയുന്നില്ല. ഈ സമയത്ത് 27 കോടി 12 ലക്ഷം രൂപ മുടക്കി ഈ കേരളീയം നടത്തേണ്ട എന്താവശ്യമാണുള്ളത്? ആര്‍ക്ക് വേണ്ടിയാണ് ഈ പരിപാടി നടത്തുന്നത്? സി പി എം അനുകൂല സംഘടനകളെയും അവരുടെ സഹയാത്രികരെയും തീറ്റിപ്പോറ്റുന്നതിന് വേണ്ടിയാണ് ഈ മാമാങ്കം എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Ramesh Chennithala Criticized LDF Govt, Thiruvananthapuram, News, Ramesh Chennithala, Congress, CPM, Criticism, Media, Keraleeyam, Kerala News


കേരളത്തെ അടയാളപ്പെടുത്തേണ്ടത് ഇങ്ങനെയല്ല. ലോകത്തിനു മുന്‍പില്‍ കേരളത്തിന് ഒരു പേരും പെരുമയുമുണ്ട്. അപ്പോള്‍ കോടിക്കണക്കിന് രൂപ ഇങ്ങനെ ചിലവഴിച്ച് ഒരു പരിപാടി നടത്തേണ്ട എന്ത് കാര്യമാണ് മുഖ്യമന്ത്രിക്കുള്ളത്. അപ്പോള്‍ ധൂര്‍ത്തും അഴിമതിയുമാണ് ഉദ്ദേശിക്കുന്നത്. ഈ പരിപാടികൊണ്ട് സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ഒരു പ്രയോജനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മഴക്കാലമായപ്പോള്‍ സംസ്ഥാനമാകെ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. പല ആശുപത്രികളിലും ആവശ്യത്തിന് മരുന്നുകളില്ല. നെല്‍ കര്‍ഷകര്‍ക്ക് ഇനിയും കോടിക്കണക്കിന് രൂപ കൊടുക്കാനുണ്ട്. പല സ്ഥലങ്ങളിലും റോഡുകള്‍ തകര്‍ന്നുകിടക്കുന്ന സ്ഥിതിയാണുള്ളത്, നന്നാക്കാന്‍ പി ഡബ്ല്യുഡിയുടെ പക്കല്‍ പണമില്ല. ഓരോ ഡിപാര്‍ട്മെന്റുകളും വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തുക റിലീസ് ചെയ്യേണ്ട എന്ന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. 

കേരളീയത്തില്‍ ഓരോ കാര്യത്തിനും പണം ചിലവഴിക്കാന്‍ പോകുന്നത് ടെന്‍ഡര്‍ വിളിക്കാതെയാണ്. സാധാരണഗതിയില്‍ അടിയന്തരസാഹചര്യങ്ങളില്‍ മാത്രമേ ടെന്‍ഡര്‍ വിളിക്കാതെ പദ്ധതി നടപ്പിലാക്കുകയുള്ളു. ഇവിടെ ഇപ്പോള്‍ ടെന്‍ഡര്‍ ഇല്ലാതെ ഈ പരിപാടി നടപ്പിലാക്കുവാന്‍ എന്ത് അടിയന്തര സാഹചര്യമാണുള്ളത്. മാര്‍ക്സിസ്റ്റ് പാര്‍ടിക്കും പാര്‍ടി പ്രവര്‍ത്തകര്‍ക്കും പണമില്ലാതാകുമ്പോള്‍ അവര്‍ക്ക് ഗുണമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ കേരളീയം പദ്ധതി. ഇത് വന്‍ അഴിമതിയിലേക്കാണ് എത്തിച്ചേരുവാന്‍ പോകുന്നത്.

കഴിഞ്ഞ രണ്ടര വര്‍ഷക്കാലം ജനങ്ങളെ തിരിഞ്ഞു നോക്കാത്ത, ഒരിടത്തും പോകാത്ത മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയോജക മണ്ഡലങ്ങളിലും എത്തുവാന്‍ പോകുന്നു എന്നാണ് പറയുന്നത്. ഇപ്പോള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയമായപ്പോള്‍ സര്‍കാര്‍ പണമുപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊരുങ്ങുകയാണ്. കേരളീയം പദ്ധതിയുടെ സ്വാഗത സംഘം സിപിഎം നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏകപക്ഷീയമായി രൂപീകരിക്കുന്നത് തന്നെ അഴിമതി ലക്ഷ്യം വച്ചാണ്. ഇതിന്റെ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചകള്‍ ഉണ്ടാകുമെന്നും ചെന്നിത്തല ആരോപിച്ചു.

വിഴിഞ്ഞം പദ്ധതി വൈകിയതിന് ഉത്തരവാദി സംസ്ഥാന സര്‍കാരും മുഖ്യമന്ത്രിയുമാണ്. വികസന പദ്ധതികള്‍ക്ക് യുഡിഎഫും കോണ്‍ഗ്രസും എതിരല്ല. പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ പിന്നിലുള്ള ദുരൂഹതയും കൊള്ളയുമാണ് ചൂണ്ടിക്കാട്ടുന്നത്.

മധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മോശം പരാമര്‍ശം പിന്‍വലിക്കണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് മാധ്യമങ്ങളോട് പറഞ്ഞ പരാമര്‍ശം വളരെ മോശമായിപ്പോയി. അത് പിന്‍വലിച്ച് മാപ്പ് പറയണം.

എന്ത് അഹങ്കാരത്തിന്റെ ഭാഷയാണിത്. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവില്‍നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട എന്നും ചെന്നിത്തല പറഞ്ഞു.

Keywords: Ramesh Chennithala Criticized LDF Govt, Thiruvananthapuram, News, Ramesh Chennithala, Congress, CPM, Criticism, Media, Keraleeyam, Kerala News.

Post a Comment