Follow KVARTHA on Google news Follow Us!
ad

Chief Minister | സംസ്ഥാനമായി 37 വര്‍ഷം, ഭരിച്ചത് 3 മുഖ്യമന്ത്രിമാര്‍ മാത്രം! ഇത് മിസോറാമിന്റെ അപൂര്‍വ ചരിത്രം; ഇത്തവണ മുഖം മാറുമോ?

രണ്ട് കക്ഷികളുടെ സര്‍ക്കാരുകളാണ് ഭരിച്ചിട്ടുള്ളത് Chief Minister, Mizoram, Election, Election Result, ദേശീയ വാര്‍ത്തകള്‍
ഐസ്വാള്‍: (KVARTHA) 1987-ല്‍ സമ്പൂര്‍ണ സംസ്ഥാന പദവി നേടിയ ശേഷം, മിസോറം മാറിമാറി രണ്ട് കക്ഷികളുടെ സര്‍ക്കാരുകളാണ് ഭരിച്ചിട്ടുള്ളത്. എംഎന്‍എഫിനും കോണ്‍ഗ്രസിനുമിടയില്‍ അധികാരസ്ഥാനം മാറിക്കൊണ്ടിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ഇരുപാര്‍ട്ടികളുടെയും നേതാക്കളായ സോറാംതംഗയും ലാല്‍തന്‍ഹാവ്ലയും മുഖ്യമന്ത്രി കസേരയില്‍ തുടര്‍ന്നു. പക്ഷെ, സോറാം പീപ്പിള്‍സ് മൂവ്മെന്റ് എന്ന പാര്‍ട്ടിയുടെ ശക്തമായ സാന്നിധ്യം മൂലം 2023ലെ മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിലെ മത്സരം ത്രികോണമാണ്.
      
Chief Minister of Mizoram

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നവംബര്‍ ഏഴിന് നടക്കും. തിരഞ്ഞെടുപ്പില്‍ ആകെ 173 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുവെങ്കിലും മിസോ നാഷണല്‍ ഫ്രണ്ടും കോണ്‍ഗ്രസും സോറാം പീപ്പിള്‍സ് മൂവ്മെന്റും തമ്മിലാണ് മത്സരം. എന്നാല്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്തുണ്ട്. ബിജെപി 21 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി നാല് സീറ്റുകളിലാണ് മത്സരിക്കുന്നത്.

37 വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാര്‍

37 വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെ മാത്രമാണ് സംസ്ഥാനം കണ്ടിട്ടുള്ളത്, ലാല്‍ഡെംഗ, ലാല്‍തന്‍ഹാവ്ല, സോറാംതംഗ എന്നിവരാണ് പദവി വഹിച്ചത്. കേന്ദ്രഭരണ പ്രദേശമായുള്ള 15 വര്‍ഷ കാലത്ത് മൂന്ന് പേര്‍ മിസോറാമില്‍ ഭരണം നടത്തിയിരുന്നു. സി ചുംഗ, ബ്രിഗേഡിയര്‍ ടി സൈലോ, ലാല്‍തന്‍ഹാവ്ല എന്നിവര്‍ കേന്ദ്രഭരണ പ്രദേശമായ മിസോറാമിന്റെ മുഖ്യമന്ത്രിമാരായി പ്രവര്‍ത്തിച്ചു. ഈ അര്‍ത്ഥത്തില്‍, കഴിഞ്ഞ 50 വര്‍ഷത്തിനിടെ മിസോറാമില്‍ ആകെ അഞ്ച് മുഖ്യമന്ത്രിമാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പറയാം.

കോണ്‍ഗ്രസിന്റെ ലാല്‍ തന്‍ഹാവ്ല 22 വര്‍ഷം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സോറംതംഗ 15 വര്‍ഷമായി മുഖ്യമന്ത്രിയായി. സോറാം പീപ്പിള്‍സ് മൂവ്മെന്റ് (ZPM) ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ലാല്‍ദുഹോമയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നു, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെച്ചാല്‍, 30 വര്‍ഷത്തിന് ശേഷം മിസോറാമിന് മുഖ്യമന്ത്രിയായി ഒരു പുതിയ മുഖം ലഭിക്കും.

സ്വാതന്ത്ര്യത്തിന് മുമ്പ് മിസോറാം വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമിന്റെ ഭാഗമായിരുന്നു. 1958-ലെ ക്ഷാമത്തിനുശേഷം മിസോ ഗോത്രത്തിലെ ജനങ്ങള്‍ പുതിയ സംസ്ഥാനം ആവശ്യപ്പെട്ടു. സായുധ പ്രസ്ഥാനത്തിന് ശേഷം, 1972 ല്‍ മിസോറാം അസമില്‍ നിന്ന് വേര്‍പെടുത്തി കേന്ദ്ര ഭരണ പ്രദേശമായി മാറി. എന്നിരുന്നാലും, മിസോ നാഷണല്‍ ഫ്രണ്ട് ഗറില്ലകള്‍ പോരാട്ടം തുടര്‍ന്നു. 1986-ലെ കരാറിന് ശേഷം 1987 ഫെബ്രുവരി 20-ന് മിസോറാം ഇന്ത്യയുടെ 23-ാമത്തെ സംസ്ഥാനമായി, ലാല്‍ഡെംഗ മുഖ്യമന്ത്രിയായി.

ഒരു വര്‍ഷത്തിനു ശേഷം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. 1989ല്‍ കോണ്‍ഗ്രസിന് അധികാരം ലഭിക്കുകയും ലാല്‍ തന്‍ഹാവ്ല മുഖ്യമന്ത്രിയാകുകയും ചെയ്തു. പത്തുവര്‍ഷത്തോളം അധികാരത്തില്‍ തുടര്‍ന്നു. 1998ല്‍ മിസോ നാഷണല്‍ ഫ്രണ്ട് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയപ്പോള്‍ സോറംതംഗ മുഖ്യമന്ത്രിയായി. തുടര്‍ച്ചയായി രണ്ട് തവണ സോറംതംഗ മുഖ്യമന്ത്രിയായി. 2008ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ ലാല്‍ തന്‍ഹാവ്ല മൂന്നാം തവണയും മുഖ്യമന്ത്രിയായി. 2013ല്‍ നാലാം തവണയും മുഖ്യമന്ത്രിയായി.

2018 ല്‍, അധികാരത്തിന്റെ പന്ത് വീണ്ടും മിസോ നാഷണല്‍ ഫ്രണ്ടിലേക്ക് വന്നു, സോറാംതംഗ മൂന്നാം തവണയും മിസോറാമിന്റെ മുഖ്യമന്ത്രിയായി. 10 വര്‍ഷത്തിനുശേഷം അധികാരം മാറുന്ന പാരമ്പര്യമാണ് സംസ്ഥാനത്തുള്ളത്. അതുപ്രകാരം ഇത്തവണയും എംഎന്‍എഫ് ആണ് ജയിക്കേണ്ടത്. പക്ഷേ, കാര്യങ്ങള്‍ പ്രവചനാതീതമാണ്.

Keywords: Chief Minister, Mizoram, Election, Election Result, Mizoram, Election, Election Result, National News, Malayalam News, Politics, Political News, Mizoram Assembly Election, Congress, BJP, List Of Chief Ministers Of Mizoram, Important Facts.
< !- START disable copy paste -->

Post a Comment