Chief Minister | കളമശ്ശേരി സ്‌ഫോടനം: പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ പൂര്‍ണ ചിലവ് സര്‍കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


കൊച്ചി: (KVARTHA) കളമശ്ശേരി സ്‌ഫോടനത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ പൂര്‍ണ ചിലവ് സര്‍കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന കണ്‍വന്‍ഷന്‍ സെന്ററും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ച ശേഷം വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Chief Minister | കളമശ്ശേരി സ്‌ഫോടനം: പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ പൂര്‍ണ ചിലവ് സര്‍കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


സ്‌ഫോടനം സംബന്ധിച്ച അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടുപോവുകയാണെന്നും പ്രതിയുടെ വെളിപ്പെടുത്തലിനപ്പുറം മറ്റെന്തെങ്കിലുമുണ്ടെങ്കില്‍ അന്വേഷണത്തിലൂടെ തെളിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡിജിപിയടക്കം കാംപ് ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. സര്‍വകക്ഷിയോഗത്തിലും നല്ല പ്രതികരണമാണ് ഉണ്ടായത്. മാധ്യമങ്ങളും നല്ല രീതിയില്‍ കൈകാര്യം ചെയ്തു എന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റും കളമശ്ശേരി സ്‌ഫോടനം സംബന്ധിച്ച് വ്യാജപ്രചാരണം നടത്തിയാല്‍ മുഖംനോക്കാതെ മറുപടി എടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന്റെ രീതി സ്വീകരിക്കുന്നുവെന്നും കേന്ദ്രമന്ത്രിക്ക് അന്വേഷണ ഏജന്‍സിയില്‍ വിശ്വാസം വേണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സാധാരണ നിലയില്‍ ഒരു കേന്ദ്രമന്ത്രി പറയുന്ന രീതിയിലായിരുന്നില്ല അദ്ദേഹത്തിന്റെ പ്രതികരണം എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു വിടുവായന്‍ പറയുന്ന കാര്യങ്ങളാണ് രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ഉണ്ടായത്. വര്‍ഗീയവാദി എന്ന പ്രയോഗം ആക്ഷേപമായല്ല, ഒരു അലങ്കാരമായാണ് അദ്ദേഹം കാണുന്നത്. കേന്ദ്രമന്ത്രി വമിപ്പിക്കുന്നത് വെറും വിഷമല്ല, കൊടുംവിഷമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

നേരത്തെ അപകട സ്ഥലം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ ഹമാസിനെയും മുസ്ലിങ്ങളെയും സമീകരിക്കുകയാണെന്നും തീവ്രവാദ സംഘങ്ങളോട് സംസ്ഥാന സര്‍കാരിന് മൃദുസമീപനമാണെന്നും പറഞ്ഞിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തന്നെ വര്‍ഗീയ വാദി എന്നു വിളിക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചിരുന്നു. കേരളത്തില്‍ ബോംബ് പൊട്ടുമ്പോള്‍ പിണറായി ഡെല്‍ഹിയില്‍ രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. ഇതേ മുഖ്യമന്ത്രിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് എന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസും ഇടതുപക്ഷവും തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കേരളത്തില്‍ തീവ്രവാദം കൂടുമ്പോള്‍ സംസ്ഥാനം കണ്ടില്ലെന്ന് നടിക്കുകയാണ്. മുസ്ലിം ലീഗിലെ മുനീറും സിപിഎമിലെ സ്വരാജും ഹമാസിനെ ന്യായീകരിക്കുകയാണ്. എന്നാല്‍ തീവ്രവാദത്തെ എതിര്‍ക്കുന്ന ഞങ്ങളെ വര്‍ഗീയവാദി എന്ന് വിളിക്കുകയാണ്. സാമുദായിക പ്രീണനം തീവ്രവാദം വളര്‍ത്തും. മുന്‍കാലത്ത് കോണ്‍ഗ്രസും ഇതേപ്രീണന നയമാണ് സ്വീകരിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.

താന്‍ വര്‍ഗീയ വിഷം ചീറ്റുന്ന പരാമര്‍ശം നടത്തിയിട്ടില്ല. ഹമാസ് നേതാവിന് കേരളത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍കാര്‍ അനുമതി നല്‍കിയതിനെയാണ് വിമര്‍ശിച്ചത്. പരാജയം മറക്കാനാണ് പിണറായി തന്നെ അങ്ങനെ വിളിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.

 തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് കേരളം കൂടെ നില്‍ക്കണം. ഒരു ചെറിയ വിഭാഗം തീവ്രാദത്തിനോട് താല്‍പര്യം കാണിക്കുന്നുണ്ട്. ഇതു പറയുമ്പോള്‍ ഞങ്ങളെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നു. കളമശ്ശേരി സ്ഫോടനക്കേസില്‍ പൊലീസ് മുന്‍വിധിയോടെ അന്വേഷണം നടത്തരുതെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.

Keywords:  Kerala blasts: CM Vijayan says probe progressing efficiently, Kochi, News, Chief Minister, Pinarayi Vijayan, Kalamassery Blasts, Patient, Treatment, Injury, Kerala. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia