Follow KVARTHA on Google news Follow Us!
ad

KAS | ബിരുദധാരികളേ, കെ എ എസ് രണ്ടാം വിജ്ഞാപനം നവംബര്‍ 1ന് വരുന്നൂ; ഒരുങ്ങിക്കോളൂ; അറിയേണ്ടതെല്ലാം

സംസ്ഥാന ക്വാട്ടയില്‍ ഐഎഎസ് ലഭിക്കാന്‍ അവസരം Career, Jobs, Education, KAS, IAS, PSC
-മുജീബുല്ല കെ എം

(KVARTHA) ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ (ഐഎഎസ്) പാത പിന്തുടര്‍ന്നു കേരളത്തിനു മാത്രമായി രൂപകല്പന ചെയ്ത ആഭ്യന്തരസര്‍വീസ് ആണു കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്). ഐഎഎസിനു തൊട്ടുതാഴെ സെക്കന്റ് ഗസറ്റഡ് റാങ്ക് കേഡറിലായിരിക്കും കെഎസ്എസിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുന്നത്. ഇതുവരെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പ്രൊമേഷന്‍ വഴി എത്തിയിരുന്ന ഡെപ്യൂട്ടി സെക്രട്ടറി, ജോ. സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി തുടങ്ങിയ പോസ്റ്റുകളിലേക്കു കെഎഎസ് വഴി എത്തിച്ചേരാം.
    
KAS

തുടക്കത്തില്‍ ജൂനിയര്‍ ടൈം സ്‌കെയില്‍ ഓഫീസറായായിരിക്കും നിയമനം. ഉദ്യോഗക്കയറ്റം ലഭിക്കുമ്പോള്‍ മറ്റു തസ്തികകളിലെത്തും. എട്ടുവര്‍ഷം സേവനം പൂര്‍ത്തിയാക്കിയാല്‍ സംസ്ഥാന ക്വാട്ടയില്‍ ഐഎഎസ് ലഭിക്കാനുള്ള യോഗ്യതയാവും. ഒഴിവുകളുടെ എണ്ണവും സീനിയോറിറ്റിയും മറ്റു മാനദണ്ഡങ്ങളുമനുസരിച്ച് ഐഎഎസ് നേടാനാവും. അതുകൊണ്ടുതന്നെ കേരള കേഡറില്‍ത്തന്നെ ഐഎഎസ് ലഭിക്കാനുള്ള കാഠിന്യം കുറഞ്ഞ വഴിയായി കെഎഎസിനെ കാണുന്നവരുണ്ട്.

സര്‍ക്കാര്‍ സര്‍വീസിലെ സുപ്രധാന സ്ഥാനങ്ങളില്‍ ഊര്‍ജ്ജസ്വലതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു കേരള ഗവണ്‍മെന്റ് കെഎഎസിനു രൂപം നല്കിയിട്ടുള്ളത്. ഉയര്‍ന്ന തസ്തികയില്‍ മികച്ച ശമ്പളത്തോടെ സര്‍വീസ് തുടങ്ങാനുള്ള സുവര്‍ണാവസരമാണു യുവാക്കള്‍ക്ക് ഇതിലൂടെ ലഭ്യമാവുന്നത്.

കെഎഎസിലേക്കുള്ള വഴി

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്സി) നടത്തുന്ന ത്രിതല കെഎഎസ് പരീക്ഷയിലൂടെയാണു സര്‍വീസില്‍ പ്രവേശിക്കുവാന്‍ കഴിയുക. രണ്ടാം കെഎഎസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം നവംബര്‍ ഒന്നിന് ഉണ്ടാവും.

പരീക്ഷാഘടന

കെഎഎസ് തിരഞ്ഞെടുപ്പു മൂന്നു ഘട്ടങ്ങളിലായാണു നടക്കുന്നത് - പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, ഇന്റര്‍വ്യൂ. പ്രാഥമിക പരീക്ഷ ഒരു സ്‌ക്രീനിംഗ് ടെസ്റ്റാണ് ഇതില്‍ യോഗ്യത നേടുന്നവര്‍ക്കു മാത്രമേ മെയിന്‍ പരീക്ഷ എഴുതാനാവൂ. മെയിന്‍ പരീക്ഷയില്‍ മുന്നിലെത്തുന്നവരെ ഇന്റര്‍വ്യൂവിനു ക്ഷണിക്കും. മെയിന്‍ പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും മൊത്തം മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ഭിന്നശേഷിക്കാരുള്‍പ്പെടെ അര്‍ഹരായ എല്ലാ വിഭാഗങ്ങള്‍ക്കും നിയമനത്തില്‍ സംവരണമുണ്ടായിരിക്കും.

പ്രാഥമിക പരീക്ഷ ഒഎംആര്‍. മാതൃകയിലാണ്. മൊത്തം 200 മാര്‍ക്കിനായുള്ള പ്രാഥമിക പരീക്ഷയ്ക്കു രണ്ടു ഭാഗങ്ങളുണ്ട്. രണ്ടാം ഭാഗത്തില്‍ 50 മാര്‍ക്കിനു ഭാഷാവിഭാഗം ചോദ്യങ്ങളുണ്ടാവും; മലയാളത്തിന് 30 മാര്‍ക്കും ഇംഗ്ലീഷിനു 20 മാര്‍ക്കും. മുഖ്യപരീക്ഷ വിവരണാത്മകമാണ്. 100 മാര്‍ക്ക് വീതമുള്ള മൂന്നു ഭാഗം. അഭിമുഖ പരീക്ഷ 50 മാര്‍ക്കിനുള്ളതായിരിക്കും.

പരീക്ഷ മൂന്നു സ്ട്രീമുകളില്‍

കെഎഎസ് തിരഞ്ഞെടുപ്പു മൂന്നു കാറ്റഗറികളിലായാണു നടത്തുന്നത്. ഡയറക്ട് റിക്രൂട്ട്‌മെന്റ്, ഫുള്‍ മെമ്പര്‍ ഇന്‍ സര്‍വീസ്, ഒന്നാം ഗസറ്റഡ് പോസ്റ്റിലുള്ളവര്‍ക്കായുള്ള കാറ്റഗറി എന്നിവയാണവ.

യോഗ്യത

അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് കെഎഎസിലേക്ക് അപേക്ഷിക്കുവാനുള്ള അടിസ്ഥാനയോഗ്യത. ഡയറക്ട് റിക്രൂട്ട്‌മെന്റ് വിഭാഗത്തിനു പ്രായപരിധി 32 വയസ്സാണ്. സംസ്ഥാനസര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ സ്ഥിരാംഗങ്ങളായ ജീവനക്കാര്‍ക്കായുള്ള രണ്ടാമത്തെ കാറ്റഗറിയില്‍ പ്രായപരിധി 40 വയസ്സാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം ഗസറ്റഡ് തസ്തികയിലുള്ളവര്‍ക്കായുള്ള മൂന്നാമത്തെ സ്ട്രീമില്‍ പ്രായ പരിധി 50 വയസ്സാണ്. മൂന്നു കാറ്റഗറിയിലും സംരവരണവിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.

ശമ്പളം

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (ജൂനിയര്‍ ടൈംസ് സ്‌കെയില്‍) ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇങ്ങനെ നിശ്ചയിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം 81,800 രൂപ (ഫിക്‌സഡ്) ആയിരിക്കും. അനുവദനീയമായ ഡി.എ., എച്ച്.ആര്‍.എ. എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും. ട്രെയിനിംഗ് കാലയളവില്‍ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കണ്‍സോളിഡേറ്റഡ് തുകയായി അനുവദിക്കും.

എന്തു പഠിക്കണം?

കൃത്യവും വിപുലവുമായ സിലബസ്സിന്റെ അടിസ്ഥാനത്തിലാണ് കെഎഎസ് പരീക്ഷ നടത്തുന്നത്. പ്രാഥമിക പരീക്ഷയുടെ സിലബസില്‍ ചരിത്രം, ഭരണഘടന, സാമൂഹ്യനീതി, ഭരണനിര്‍വഹണം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, ആസൂത്രണം, കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം, ശാസ്ത്രം, സാങ്കേതികവിദ്യ, മലയാളം, ഇംഗ്ലീഷ് റീസണിംഗ്, മെന്റല്‍ എബിലിറ്റി എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ വിഷയത്തിലും ഏതെല്ലാം ഭാഗങ്ങളാണു പഠിക്കേണ്ടതെന്നു സിലബസിലുണ്ട്.

തയ്യാറെടുപ്പ്

സാധാരണ ബിരുദതല പിഎസ്സി പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിനേക്കാള്‍ കുറച്ചുകൂടി ആഴത്തിലുള്ള തയ്യാറെടുപ്പ് കെഎഎസ് പരീക്ഷയ്ക്കു വേണം. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു സമാനമായ തീവ്രപരിശീലനം നടത്തണമെന്നര്‍ത്ഥം.

സിലബസ് വിശദമായി വായിച്ചു മനസ്സിലാക്കുകയും പരീക്ഷാഘടന അറിയുകയും ചെയ്യുക എന്നതാണ് ആദ്യചുവടുവയ്പ്. തുടര്‍ന്നു സിലബസിലുള്ള വിഷയങ്ങള്‍ പഠിക്കുവാനുള്ള പുസ്തങ്ങളോ ഡിജിറ്റല്‍ റിസോഴ്‌സുകളോ കണ്ടെത്തണം. എല്ലാ വിഷയങ്ങള്‍ക്കും തുല്യപ്രാധാന്യം നല്കി ഒരു ടൈംടേബിള്‍ തയ്യാറാക്കി പരിശീലനം ആരംഭിക്കാം. നിത്യവും 6-8 മണിക്കൂറെങ്കിലും പഠിക്കണം. പഠനം മുന്നേറുന്ന മുറയ്ക്കു നിങ്ങള്‍ക്കു നന്നായറിയുന്ന വിഷയങ്ങള്‍ക്കു സമയം കുറയ്ക്കുകയും കാഠിന്യം തോന്നുന്ന വിഷയങ്ങള്‍ക്കായുള്ള സമയം ദീര്‍ഘിപ്പിക്കുകയും ചെയ്യാം.

പഠിക്കുന്ന ഭാഗങ്ങളുടെ കുറിപ്പുകള്‍ തയ്യാറാക്കണം. തുടര്‍പഠനത്തിനും അവസാനഘട്ട പരിശീലനത്തിനും പഠിച്ച പാഠം മനസ്സിലുറയ്ക്കുന്നതിന് ഇത് ഉപകാരപ്രദമാകും. റീസണിംഗ്, മെന്റല്‍ എബിലിറ്റി തുടങ്ങിയവ ദിവസവും പരിശീലിച്ചു വേഗത കൈവരിക്കണം. പൊതുവിജ്ഞാനവും സമകാലിക വിഷയങ്ങളും ആഴത്തില്‍ മനസ്സിലാക്കാനുതകുന്ന രീതിയില്‍ പത്രമാസികകള്‍ നിത്യേന വായിക്കണം. ഇവയുടെ കുറിപ്പുകളും തയ്യാറാക്കണം. ചോദ്യപേപ്പറുകള്‍ ചെയ്തു പരിശീലിക്കുന്നത് ഏറെ ഗുണകരമായിരിക്കും. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കും കെഎഎസിനു പൊതുവായുള്ള വിഷയങ്ങള്‍ക്കും യുപിഎസ്സി ചോദ്യപേപ്പറുകള്‍ ഉപയോഗിക്കാം.

നിയമനവും പരിശീലനവും

സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ, സിവില്‍ സപ്ലൈസ്, കെമേഴ്‌സ്യല്‍ ടാക്‌സസ്, സഹകരണം, സാംസ്‌കാരികം, തൊഴില്‍, വിദ്യാഭ്യാസം, ഗ്രാമവികസനം, ഭൂനിയോഗം, ടൂറിസം, നഗരകാര്യം, പഞ്ചായത്ത്, രജിസ്‌ട്രേഷന്‍, ഫിനാന്‍സ് സെക്രട്ടറിയേറ്റ്, ട്രഷറി തുടങ്ങി വകുപ്പുകളിലേക്കാണ് കെഎഎസ് വഴി നിയമനം നടത്തുക. ഇത്തവണ മുന്നൂറോളം ഒഴിവുകള്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷ.
     
KAS

കെ എ എസ് പരീക്ഷയുടെ 3 ഘട്ടവും വിജയിക്കുന്ന ഒരാളെ ജൂനിയര്‍ ടൈം സ്‌കെയില്‍ ഓഫീസര്‍ തസ്തികയില്‍ നിയമിച്ച് 18 മാസം മുതല്‍ രണ്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന് അയക്കുന്നു. ഇതില്‍ 15 ദിവസം നിര്‍ബന്ധമായും ഗവണ്‍മെന്റ് നിശ്ചയിക്കുന്ന ഒരു പ്രീമിയര്‍ നാഷണല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലും, 15 ദിവസം നാഷണല്‍ പ്ലാനിങ് അല്ലെങ്കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലും ആയിരിക്കും ട്രെയിനിങ്. തിരുവനന്തപുരം ഗവണ്‍മെന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരിക്കും ഓരോ ഓഫീസറുടേയും ട്രെയിനിങ് പ്രോഗ്രാം നിശ്ചയിക്കുന്നത്.

ജോലിയില്‍ പ്രവേശിച്ചു സ്ഥിരപെടുന്നതിന് മുമ്പ് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ പിരിയഡ് പൂര്‍ത്തിയാക്കിയിരിക്കണം. പ്രൊബേഷന്‍ പിരിയഡ് പൂര്‍ത്തിയാക്കുന്ന ഓരോരുത്തര്‍ക്കും കേരള ഗവണ്‍മെന്റ് നടത്തുന്ന 4 പരീക്ഷകളും മലയാളത്തില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ മലയാളമടക്കം താഴെ കാണുന്ന 5 പരീക്ഷകളെഴുതി വിജയിച്ചിരിക്കണം.

1. The Revenue Test
2. The Criminal Judicial Test including Indian Penal Code and Criminal Procedure Code
3. Manual of Officer Procedure
4. Kerala Secretariat Office Manual
5. Malayalam Proficiency Test

പ്രഥമികമായ അറിവുകള്‍ നിങ്ങള്ക്ക് പകര്‍ന്നു കഴിഞ്ഞു, ഇനി നിങ്ങള്‍ നോട്ടിഫികേഷന് വേണ്ടി കാത്തിരിക്കുക. സൂക്ഷമതയോടെ അപേക്ഷകള്‍ സമര്‍പ്പിക്കുകയും, പരീക്ഷയ്ക്ക് തയാറെടുക്കുകയും ചെയ്യുക. നിങ്ങളെ കാത്തിരിക്കുന്നത് ഗ്ലാമര്‍ പോസ്റ്റാണെന്നു കരുതിക്കൊണ്ട് ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടങ്ങുക.

Keywords: Career, Jobs, Education, KAS, IAS, PSC, Article, Mujeebulla KM, Kerala Administrative Service, Government of Kerala, KAS 2nd notification will come on 1st November.
< !- START disable copy paste -->

Post a Comment