തിരുവനന്തപുരം: (KVARTHA) മുന്‍മന്ത്രി കെബി ഗണേഷ് കുമാര്‍ വിചാരണ നേരിടണമെന്ന ഹൈകോടതി വിധി സോളാര്‍ കേസിലെ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്നും വിധിയെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളം കാതോര്‍ത്തിരുന്ന വിധിയാണിത് എന്നും അദ്ദേഹം പറഞ്ഞു. നീണ്ടനാള്‍ വേട്ടയാടപ്പെട്ട ഉമ്മന്‍ ചാണ്ടിക്ക് നീതിയിലേക്കുള്ള കവാടം തുറന്നിട്ടതാണ് വിധിയെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു.
സി പി എമിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ മൃഗീയമായ സോളാര്‍ ഗൂഢാലോചനയിലെ കേന്ദ്രബിന്ദുവാണ് ഗണേഷ് കുമാര്‍ എന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസില്‍ വിചാരണയില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഗണേഷ് കുമാര്‍ ഹൈകോടതിയിലെത്തിയത്. ഹൈകോടതിയില്‍നിന്ന് കനത്ത തിരിച്ചടി കിട്ടിയെന്നു മാത്രമല്ല, ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിന് നീതി കിട്ടണമെങ്കില്‍ കേസ് മുന്നോട്ടു പോകണമെന്ന് ചൂണ്ടിക്കാട്ടുക കൂടി ചെയ്തു.
സ്വന്തം സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് കേരള രാഷ്ട്രീയത്തെ മലീമസമാക്കുകയും അതിന്
ഉമ്മന്‍ ചാണ്ടിയെപ്പോലെയുള്ള നേതാവിനെ കരുവാക്കുകയും ചെയ്ത സാമൂഹിക വിപത്താണ് ഗണേഷ് കുമാര്‍. കുടുംബാംഗങ്ങള്‍ ഉള്‍പെടെ നിരവധി നിരപരാധികളെ കണ്ണീര്‍ കുടിപ്പിച്ച ചരിത്രമാണ് ഇദ്ദേഹത്തിനുള്ളത്. സിപിഎം പോലുള്ള പാര്‍ടിക്കുപോലും അപമാനമായി മാറിയ ഇദ്ദേഹത്തെയാണ് മന്ത്രിയാക്കാന്‍ പിണറായി വിജയന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന രീതിയല്‍ മാത്രമേ ഈ കൂട്ടുകെട്ടിനെ കാണാന്‍ കഴിയൂ. അല്പമെങ്കിലും നീതിബോധമോ, സാമൂഹിക ഉത്തരവാദിത്വമോ ഉണ്ടെങ്കില്‍ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ എടുക്കരുതെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
Keywords:
K Sudhakaran MP on High Court Verdict on Ganesh Kumar, Thiruvananthapuram, News, High Court, K Sudhakaran, Verdict, Ganesh Kumar, Solar Case, Oommen Chandy, Politics, Kerala News.