ന്യൂഡെല്‍ഹി: (KVARTHA) ദമ്പതികള്‍ ആദ്യമായി എയര്‍മാര്‍ഷല്‍ പദവിയില്‍. എയര്‍ മാര്‍ഷല്‍ സാധന സക്‌സേന നായര്‍, സായുധസേന ഹോസ്പിറ്റല്‍ സര്‍വീസസ് ഡയറക്ടര്‍ ജെനറല്‍ പദവിയിലെത്തിയ ആദ്യ വനിതാ ഓഫിസറായി. യുദ്ധവിമാന പൈലറ്റായി വിരമിച്ച പാലക്കാട് ഒറ്റപ്പാലം പനയൂര്‍ സ്വദേശി വിരമിച്ച എയര്‍ മാര്‍ഷല്‍ കെ പി നായരുടെ ഭാര്യയായ സാധന ഈ പദവിയിലെത്തിയതോടെയാണ് വ്യോമസേനയില്‍ എയര്‍മാര്‍ഷല്‍ റാങ്കിലെത്തുന്ന ആദ്യ ദമ്പതികള്‍ എന്ന അപൂര്‍വ നേട്ടം ഇവര്‍ക്ക് സ്വന്തമായത്.
ത്രീ സ്റ്റാര്‍ റാങ്ക് ആണിത്. പ്രതിരോധ സേനകളില്‍ ത്രീ സ്റ്റാര്‍ റാങ്കിലെത്തുന്ന രണ്ടാമത്തെ ദമ്പതികളാണിവര്‍. കരസേനയില്‍ ലഫ്. ജെനറല്‍ റാങ്കിലെത്തിയ രാജീവ് കനിത്കര്‍, മാധുരി കനിത്കര്‍ എന്നിവരാണ് ത്രീ സ്റ്റാര്‍ റാങ്കിലെത്തിയ ആദ്യ ദമ്പതികള്‍.
വ്യോമസേനാംഗങ്ങളായിരുന്ന അച്ഛന്റെയും സഹോദരന്റെയും പാത പിന്തുടര്‍ന്ന് 1985ല്‍ ആണ് സാധന സേനയില്‍ ചേര്‍ന്നത്. പുണെ ആംഡ് ഫോഴ്‌സസ് മെഡികല്‍ കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ സാധനയ്ക്ക് വിശിഷ്ട സേവാ മെഡല്‍ ലഭിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡില്‍ പ്രിന്‍സിപല്‍ മെഡികല്‍ ഓഫിസറായി സേവനമനുഷ്ഠിച്ച ഏക വനിത എന്ന പെരുമ നേരത്തേതന്നെ സാധനയ്ക്ക് സ്വന്തമാണ്.
1977 ല്‍ വ്യോമസേനയില്‍ ചേര്‍ന്ന കെ പി നായര്‍ തിരുവനന്തപുരം ദക്ഷിണ വ്യോമസേനാ കമാന്‍ഡിലടക്കം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിവിശിഷ്ട സേവാ മെഡല്‍ കരസ്ഥമാക്കിയ അദ്ദേഹം 2015 ല്‍ വിരമിച്ചു. ഇരുവരുടെയും മകന്‍ സേനയില്‍ യുദ്ധവിമാന പൈലറ്റാണ്.
Air Marshal | വ്യോമസേനയില്‍ എയര്‍മാര്‍ഷല്‍ റാങ്കിലെത്തുന്ന ആദ്യ ദമ്പതികള്‍ എന്ന അപൂര്‍വ നേട്ടവുമായി സാധന സക്‌സേന നായരും കെപി നായരും
പ്രതിരോധ സേനകളില്‍ ത്രീ സ്റ്റാര്‍ റാങ്കിലെത്തുന്ന രണ്ടാമത്തെ ദമ്പതികള്‍
Air Marshal, National News, New Delhi News, Couple, Sadhana Saxena Nair,