Follow KVARTHA on Google news Follow Us!
ad

Women's Reservation Bill | 'മാറ്റത്തിന്റെ വിളക്കുകള്‍ ഏന്തുന്നവര്‍ ഒരുമിച്ചുനില്‍ക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്'; 25 വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്ന വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ അംഗീകാരം നല്‍കിയശേഷം വനിതാ എംപിമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി മോദി; പാസായത് എതിരില്ലാതെ; നടപ്പിലാകാന്‍ ഏറെ കാത്തിരിക്കേണ്ടിവരും, അറിയാം കൂടുതല്‍

മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷം പ്രാബല്യത്തില്‍ വരും New Delhi, National News, Rajya Sabha, Women's Reservation Bill, Passed, PM Mo
ന്യൂഡെല്‍ഹി: (www.kvartha.com) ലോക് സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്നതിനുള്ള സുപ്രധാന ബിലിന് (Women's Reservation Bill) രാജ്യസഭ അംഗീകാരം നല്‍കി. 128-ാം ഭരണഘടനാ ഭേദഗതി ബില്‍ ബുധനാഴ്ച ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിച്ചിരുന്നു. രാജ്യസഭയുടെ കൂടി അംഗീകാരം ലഭിച്ചതോടെ ബില്‍ പാര്‍ലമെന്റ് പാസാക്കി.

വോടെടുപ്പില്‍ 215 പേര്‍ ബിലിനെ അനുകൂലിച്ചപ്പോള്‍, എതിര്‍ത്ത് ആരും രംഗത്തുവന്നില്ല. ലോക്സഭയില്‍ പരമ്പരാഗതരീതിയില്‍ ബാലറ്റ് പേപര്‍ ഉപയോഗിച്ച് വോടെടുപ്പ് നടത്തിയാണ് ബിലിന് അംഗീകാരം നല്‍കിയതെങ്കില്‍ രാജ്യസഭയില്‍ ഇലക്‌ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വോടെടുപ്പ് നടത്തി ബില്‍ പാസാക്കിയത്.

പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയെടുത്തെങ്കിലും വനിതാസംവരണം നടപ്പിലാകാന്‍ ഏറെ കാത്തിരിക്കേണ്ടിവരും. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷമാകും ഇത് നടപ്പിലാകുക.

വനിതാ ക്വാട ബില്‍ പാസാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു, ഇത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ യാത്രയിലെ നിര്‍ണായക നിമിഷമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇതിനായി വോട് ചെയ്ത എല്ലാ രാജ്യസഭാംഗങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

'വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതോടെ, ഇന്‍ഡ്യയിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ ശക്തമായ പ്രാതിനിധ്യത്തിന്റെയും ശാക്തീകരണത്തിന്റെയും മറ്റൊരു യുഗം ആരംഭിക്കുന്നു. ഇത് കേവലം ഒരു നിയമനിര്‍മാണമല്ല; ഇത് നമ്മുടെ രാഷ്ട്രത്തെ നിര്‍മിച്ച എണ്ണമറ്റ സ്ത്രീകള്‍ക്കുള്ള ആദരവാണ്.' അവരുടെ സഹിഷ്ണുതയും സംഭാവനകളും കൊണ്ട് അവര്‍ ഇന്‍ഡ്യയെ സമ്പന്നമാക്കിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

മാറ്റത്തിന്റെ വിളക്കുകള്‍ ഏന്തുന്നവര്‍ ഒരുമിച്ചുനില്‍ക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്ന് ബില്‍ രാജ്യസഭയില്‍ പാസാക്കിയതിന് ശേഷം വനിതാ എംപിമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. നമ്മുടെ നാരീശക്തി ഈ പരിവര്‍ത്തനത്തിന്റെ കാതലായതിനാല്‍ ഇന്‍ഡ്യ ശോഭനമായ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭാവിയുടെ കൊടുമുടിയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പാസാക്കുന്ന ആദ്യ ബിലാണിത്. പ്രത്യേക സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് പാര്‍ലമെന്റിന്റെ ഇരുസഭകളും വ്യാഴാഴ്ച പിരിഞ്ഞു.

അതേസമയം, നിലവിലുള്ള 33 ശതമാനത്തില്‍ സംവരണത്തില്‍ ഒബിസി വിഭാഗത്തില്‍പെട്ടവര്‍ക്ക് പ്രത്യേക സംവരണം ഏര്‍പെടുത്തണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ ഭേഗതിയിലൂടെ ആവശ്യപ്പെട്ടു. വനിതാ സംവരണം ഉടന്‍ നടപ്പിലാക്കണമെന്നും 9 എംപിമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഭേദഗതിയില്‍ ആവശ്യപ്പെടുന്നു.

2026നകം സംവരണം പൂര്‍ണ തോതില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് ഉറപ്പു നല്‍കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തയാറാകണമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. നോട് നിരോധനവും ലോക്ഡൗണുമെല്ലാം പെട്ടെന്നു നടപ്പിലാക്കിയ സര്‍കാര്‍ എന്തുകൊണ്ടാണ് വനിതാ സംവരണം 2024ലെ തെരഞ്ഞെടുപ്പില്‍ തന്നെ നടപ്പിലാക്കുന്നതില്‍നിന്നും പിന്തിരിയുന്നതെന്ന് എന്‍സിപി അംഗം വന്ദന ചവാന്‍ ചോദിച്ചു.

വനിതാ സംവരണ ബിലിനെക്കുറിച്ച്:

'നാരി ശക്തി വന്ദന്‍ അധീനിയം' എന്ന് പേരിട്ടിരിക്കുന്ന ബില്‍ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ഡെല്‍ഹി നിയമസഭയിലും സ്ത്രീകള്‍ക്കായി 33% സീറ്റുകള്‍ സംവരണം ചെയ്യാന്‍ ലക്ഷ്യമിടുന്നു. എന്നാല്‍ രാജ്യസഭയിലോ സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലുകള്‍ക്കോ ഈ ക്വാട ബാധകമല്ല.

ആദ്യ സെന്‍സസിന്റെ കണക്കുകള്‍ പ്രസിദ്ധീകരിച്ചതിന് ശേഷം മണ്ഡല പുനര്‍നിര്‍ണയം നടത്തി സീറ്റുകളുടെ സംവരണം പ്രാബല്യത്തില്‍ വരും.

454 അംഗങ്ങള്‍ പിന്തുണച്ചും രണ്ട് പേര്‍ എതിര്‍ത്തുമാണ് വനിതാ സംവരണ ബില്‍ ലോക്സഭയില്‍ പാസാക്കിയത്. രാജ്യസഭയിലാവട്ടെ ഏകകണ്ഠമായ വോടോടെയാണ് വനിതാ സംവരണ ബില്‍ പാസാക്കിയത്.

25 വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് പാസാക്കിയത്.

8 മണിക്കൂറോളം നീണ്ട ചര്‍ചകള്‍ക്ക് ശേഷമാണ് വോടെടുപ്പിലൂടെ ലോക്‌സഭ ബില്‍ പാസാക്കിയത്.



Keywords: News, National, National-News, Politics, Politics-News, New Delhi, National News, Rajya Sabha, Women's Reservation Bill, Passed, PM Modi, Parliament, Women's Reservation Bill Clears Parliament In Historic Step, PM Modi Says 'Defining Moment In Nation's Democratic Journey'.

Post a Comment