കണ്ണൂര്‍: (www.kvartha.com) ഒടുവില്‍ പയ്യന്നൂര്‍ പാര്‍ടി തുക വിവാദത്തില്‍ പാര്‍ടിക്കുളളില്‍ പരിഹാരവുമായി സി പി എം. പാര്‍ടി തുക കൈക്കാര്യം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രടറിയേറ്റില്‍നിന്ന് തരം താഴ്ത്തിയ പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനനെ വീണ്ടും ജില്ലാ സെക്രടറിയേറ്റിലേക്ക് ഉള്‍പെടുത്തി.
സി പി എം സംസ്ഥാന സെക്രടറി എം വിഗോവിന്ദന്റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ പാറക്കണ്ടിയിലെ ജില്ലാ കമിറ്റി ഓഫീസില്‍ ചേര്‍ന്ന ജില്ലാ സെക്രടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ചുളള ധാരണയായത്. പയ്യന്നൂര്‍ തുക വിവാദത്തില്‍ പാര്‍ടി ജില്ലാ സെക്രടറിയേറ്റില്‍ നിന്നും ജില്ലാ കമിറ്റിയിലേക്ക് തരം താഴ്ത്തപ്പെട്ട ടി ഐ മധുസൂദനനെ ജില്ലാ സെക്രടറിയേറ്റിലേക്ക് തിരിച്ചെടുക്കണമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന പയ്യന്നൂര്‍ ഏരിയാ കമിറ്റി യോഗം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഒരുവര്‍ഷത്തോളമായി തുടരുന്ന സസ്പെഷന്‍ മരവിപ്പിച്ചത്.
എന്നാല്‍ മധുസൂദനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന വിമത നേതാവ് വി കുഞ്ഞികൃഷ്ണനെ ജില്ലാ കമിറ്റിയില്‍ ഉള്‍പെടുത്തി സമാശ്വസിപ്പിക്കാനും പാര്‍ടി നേതൃത്വം നീക്കം നടത്തുന്നുണ്ട്. തളിപ്പറമ്പ് ഏരിയാ കമിറ്റി യോഗത്തിന്റെ അനുമതിയോടെയാണ് വി കുഞ്ഞികൃഷ്ണനെ ജില്ലാ കമിറ്റിയില്‍ ഉള്‍പെടുത്തുക.
വിവാദത്തെ കുറിച്ചു അന്വേഷണം നടത്തിയ പാര്‍ടി അന്വേഷണസമിതിയും ടി ഐ മധുസൂദനനന്‍ എം എല്‍ എയ്ക്കു വീഴ്ച്ചവന്നിട്ടുണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ പയ്യന്നൂരില്‍ ധനാപഹരണം നടന്നിട്ടില്ലെന്നും വ്യക്തിപരമായ നേട്ടം ആരുമുണ്ടാക്കിയിട്ടില്ലെന്നുമായിരുന്നു കണ്ടെത്തല്‍.
പാര്‍ടി തുക കൈക്കാര്യം ചെയ്യുന്നതിലെ സുതാര്യകുറവിന്റെ പേരില്‍ നേരത്തെ രണ്ടു ഏരിയാ കമിറ്റിയംഗങ്ങളെ തരം താഴ്ത്തിയിരുന്നു. എന്നാല്‍ പാര്‍ടിക്കുളളില്‍ ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ സെക്രടറി സ്ഥാനത്തുനിന്നും മാറ്റിയത് പ്രവര്‍ത്തകരില്‍ ചിലരില്‍ അതൃപ്തി ഉളവാക്കിയിരുന്നു. ചില ബ്രാഞ്ച് കമിറ്റികളും വി കുഞ്ഞികൃഷ്ണന് അനുകൂലമായി നിന്നു. ഈ സാഹചര്യത്തിലാണ് വി കുഞ്ഞികൃഷ്ണന് പകരം ജില്ലാ സെക്രടറിയേറ്റംഗം കൂടിയായ ടി വി രാജേഷിന് പയ്യന്നൂര്‍ ഏരിയാ കമിറ്റി സെക്രടറിയെന്ന അധിക ചുമതല കൂടി നല്‍കിയത്.
എന്നാല്‍ സംഘടനാപ്രവര്‍ത്തനത്തില്‍ മുഴുവന്‍ സമയ സെക്രടറിയില്ലാത്തത് ദൗര്‍ബല്യമാണെന്ന് ചൂണ്ടിക്കാട്ടി പയ്യന്നൂരില്‍ പാര്‍ടക്ക് സ്ഥിരം ഏരിയാ സെക്രടറി വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇക്കാര്യം ചര്‍ചെ ചയ്ത ജില്ലാ സെക്രടറിയേറ്റ് ജില്ലാ കമിറ്റിയംഗമായ പി സന്തോഷിനെ പയ്യന്നൂര്‍ ഏരിയാ സെക്രടറിയായി നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ജില്ലാ സെക്രടറിയേറ്റ് യോഗ തീരുമാനം ജില്ലാ കമിറ്റി യോഗം വിളിച്ചുചേര്‍ത്ത് ചര്‍ച ചെയ്തതിനുശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.