തിരുവനന്തപുരം: (www.kvartha.com) സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപോര്‍ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. ക്ലിഫ് ഹൗസില്‍വെച്ച് പീഡിപ്പിച്ചുവെന്ന പരാതി കള്ളവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
റിപോര്‍ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ തടസ്സ ഹര്‍ജിയും തള്ളിയ കോടതി ഉമ്മന്‍ ചാണ്ടി മരിച്ചതിനാല്‍ തുടര്‍ നപടികളെല്ലാം അവസാനിപ്പിച്ചു. കേസില്‍ പരാതിക്കാരിയുടെ വാദം കൂടി കേട്ടതിനു ശേഷമാണ് റിപോര്‍ട് അംഗീകരിച്ചത്. ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരായ ആരോപണങ്ങള്‍ക്കു തെളിവില്ലെന്ന് സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. ഇതേ കേസില്‍ എഐസിസി ജെനറല്‍ സെക്രടറി കെ സി വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ നടപടി കോടതി നേരത്തെ അംഗീകരിച്ചിരുന്നു.
ക്ലിഫ് ഹൗസില്‍വെച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ചാണ് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപോര്‍ട് നല്‍കിയത്. ഒമ്പത് വര്‍ഷം രാഷ്ട്രീയ കേരളത്തെയും അതിലേറെ കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡന കേസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അപ്രസക്തമാവുകയായിരുന്നു. ഇതോടെ ഒമ്പത് വര്‍ഷം നീണ്ട, കേരളാ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണങ്ങള്‍ക്കും അവസാനമാവുകയാണ്.
Keywords: News, Kerala, Kerala-News, Politics, Politics-News, Kerala News, Thiruvananthapuram News, Court, Oomen Chandy, Former Chief Minister, Thiruvananthapuram: Court Approved CBI report in Solar Case.