ട്രിപോളി: (www.kvartha.com) ആഫ്രികന്‍ രാജ്യമായ കിഴക്കന്‍ ലിബിയയില്‍ വെള്ളപ്പൊക്കത്തില്‍പെട്ട് 2,000 പേര്‍ മരിച്ചതായി റിപോര്‍ട്. കനത്ത മഴയും കാറ്റുമുണ്ടാകുകയും ദെര്‍നയിലെ അണക്കെട്ടുകള്‍ തകരുകയും ചെയ്തതോടെയാണ് വെള്ളപ്പൊക്കമുണ്ടായതെന്ന് ലിബിയന്‍ നാഷനല്‍ ആര്‍മി (എല്‍എന്‍എ) വക്താവ് അഹമ്മദ് മിസ്മാരി അറിയിച്ചു. ആറായിരത്തോളം പേരെ കാണാതായെന്നും അദ്ദേഹം പറഞ്ഞു.
150 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് റെഡ് ക്രെസന്റ് സന്നദ്ധ സംഘം തിങ്കളാഴ്ച രാവിലെ അറിയിച്ചത്. എന്നാല്‍ മരണ സംഖ്യ വളരെ കൂടുതലാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ദേര്‍ന നഗരത്തെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്. ദേര്‍നയും സമീപ പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള നഗരമായ ദേര്‍നയില്‍ ആറായിരത്തിലേറെ പേരെ കാണാതായെന്ന് ലിബിയന്‍ പ്രധാനമന്ത്രി ഒസാമ ഹമദും അറിയിച്ചു.
മറ്റൊരു കിഴക്കന്‍ പട്ടണമായ ബൈദയിലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളാണുണ്ടായത്. മേഖലയിലെ രണ്ട് അണക്കെട്ടുകളുടെ തകര്‍ചയും അപകടത്തിന്റെ ആഴം കൂട്ടി. നാല് പ്രധാന പാലങ്ങളും അണക്കെട്ടുകളുമാണ് തകര്‍ന്നതെന്ന് ദേര്‍ന സിറ്റി കൗന്‍സിലര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച ഗ്രീസില്‍ വെള്ളപ്പൊക്കമുണ്ടാക്കിയ മെഡിറ്ററേനിയന്‍ ചുഴലിക്കാറ്റായ ഡാനിയേല്‍ കൊടുങ്കാറ്റാണ് ലിബിയയില്‍ എത്തിച്ചേര്‍ന്നത്. ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെന്‍ഗാസിയും വെള്ളപ്പൊക്കത്തില്‍ മുങ്ങി. പലയിടത്തും റോഡുകളും പാലങ്ങളും വീടുകളും പൂര്‍ണമായി തകര്‍ന്നു.
Massive Flood | ലിബിയയില്‍ അണക്കെട്ടുകള്‍ തകര്‍ന്ന് വന്‍ വെള്ളപ്പൊക്കം; 2,000 പേര്‍ മരിച്ചതായി റിപോര്‍ട്; 6000 പേരെ കാണാതായി
രൂക്ഷമായി ബാധിച്ചത് ദേര്‍ന നഗരത്തെ
Libya News, Dherna News, Death, Flood, Missing, Natural Calamity