കേരളം പുതിയൊരു ഭരണ സംസ്‌കാരത്തിലേക്കു മെല്ലെ മാറുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ ഏറെ പുകഴ്ത്തിയാണ് അവിടങ്ങളിലുള്ളവര്‍ പറയുന്നത്. എന്നാല്‍ നാട്ടില്‍ ജോലി ചെയ്യുന്നവരെക്കുറിച്ച് ഇങ്ങനെ പറയുന്നില്ല. പ്രത്യേകിച്ചു സര്‍ക്കാര്‍ സര്‍വീസിലാകുമ്പോള്‍. ഈ രീതിക്കു മാറ്റം കൊണ്ടുവരാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണം. നാടിന് ഏറ്റവും ആശ്രയിക്കാവുന്ന കേന്ദ്രങ്ങളാണു സര്‍ക്കാര്‍ ഓഫിസുകള്‍. അവിടേയ്ക്കെത്തുന്നവര്‍ ദയയ്ക്കു വേണ്ടി വരുന്നവരാണെന്നു ചിന്തിക്കരുത്. ഔദാര്യത്തിനല്ല, അവകാശത്തിനായാണു സര്‍ക്കാര്‍ ഓഫിസുകളിലേക്ക് ആളുകള്‍ വരുന്നത്. ഇതു മുന്നില്‍ക്കണ്ട്, സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കണം. ഇതിനുള്ള സന്നദ്ധത ജീവനക്കാരില്‍ ഉണ്ടാക്കുകയെന്നതാണു മേഖലാ യോഗങ്ങളുടെ മുഖ്യ ഉദ്ദേശ്യം.
മേഖലാ യോഗങ്ങള്‍ പുതിയൊരു തുടക്കമാണ്. പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കപ്പെടുന്നതിന് ഓരോ വകുപ്പുമായി ബന്ധപ്പെടുന്ന വിഷയങ്ങള്‍ ഉദ്യോഗസ്ഥര്‍ ഹൃദിസ്ഥമാക്കണം. വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ കഴിയുന്ന നിലയിലേക്ക് ഉദ്യോഗസ്ഥര്‍ ഉയരണം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ സമയക്രമം പാലിച്ചു പോകുന്നുണ്ടെന്നുറപ്പാക്കണം.
മേഖലാതല അവലോകന യോഗങ്ങള്‍ക്കു തുടര്‍ച്ചയുണ്ടാകും. കുറച്ചു നാളുകള്‍കഴിഞ്ഞു വീണ്ടും യോഗം ചേരണം. വലിയ പ്രാധാന്യത്തോടെയാണ് നാട് ഈ യോഗങ്ങളെ കാണുന്നത്. ഇതു നല്ല മാതൃയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനും വിവിധ വിഷയങ്ങള്‍ക്കു പരിഹാരം കാണുന്നതിനുമായാണു തിരുവനന്തപുരം മേഖലാതല അവലോകന യോഗം ചേര്‍ന്നത്.
പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കുന്നതിനും വിവിധ വകുപ്പുകള്‍ ചേര്‍ന്നു നടപ്പാക്കേണ്ടവ ബന്ധപ്പെട്ട വകുപ്പുകളുടെ കൂടിയാലോചനകളിലൂടെ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. രണ്ടു സെഷനുകളിലായി നടന്ന അവലോകനത്തില്‍ രാവിലെ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പിന്റെ അവലോകനവും ഉച്ചകഴിഞ്ഞ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ക്രമസമാധാന അവലോകനവും നടന്നു.
മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, കെ. രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, പി.എ. മുഹമ്മദ് റിയാസ്, ജെ. ചിഞ്ചുറാണി, ജി.ആര്‍. അനില്‍, എം.ബി. രാജേഷ്, പി. പ്രസാദ്, വി. ശിവന്‍കുട്ടി, ഡോ. ആര്‍. ബിന്ദു, വീണാ ജോര്‍ജ്, വി. അബ്ദുറഹിമാന്‍, ചീഫ് സെക്രട്ടറി ഡോ. വേണു വി, അഡിഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കളക്ടര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.