മാഹി പാലത്തിന്റെ മേല്‍ഭാഗത്തിന്റെ മിക്കയിടങ്ങളും പൊട്ടിപ്പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങളും കുണ്ടും കുഴികളും നിറഞ്ഞതിനാല്‍ ഗതാഗതപ്രശ്നങ്ങള്‍ രൂക്ഷമായിട്ടും അധികൃതര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ല. കണ്ണൂര്‍ - കോഴിക്കോട് ജില്ലകള്‍ക്കിടയിലെ അതിര്‍ത്തി പങ്കിടുന്നതാണ് ഒന്നര കിലോമീറ്ററോളമുള്ള പ്രദേശമായ മാഹി ദേശീയപാത.
കണ്ണൂര്‍ ജില്ലയുടെ പ്രവേശന കവാടത്തില്‍ മാഹിയോട് ചേര്‍ന്ന് കിടക്കുന്ന മാഹി പാലത്തോട് വര്‍ഷങ്ങളായി അധികൃതര്‍ അവഗണന കാണിക്കുകയാണ്. മഴക്കാലത്ത് മാഹി പാലത്തിലെ തകര്‍ച രൂക്ഷമാകുകയും ഗതാഗതം തടസപ്പെടുകയുമാണ് ചെയ്യുന്നത്. പരാതികളും പരിദേവനങ്ങളും സമരങ്ങളും മാധ്യമ വാര്‍ത്തകളുമൊക്കെ അധികൃതര്‍ അവഗണിക്കുകയാണ്. വാഹനങ്ങള്‍ ഇഴഞ്ഞിഴഞ്ഞ് പോകുന്നത് കാരണം മാഹി കടക്കുക ശ്രമകരമാണ്.
രോഗികളുമായി പോകുന്ന വാഹനങ്ങളും ആംബുലന്‍സുകളും ഗതാഗതക്കുരുക്കില്‍പ്പെട്ട് വലയുകയാണ്. മാഹി പാലം അറ്റകുറ്റപ്പണി നടത്താന്‍ തലശ്ശേരി-മാഹി ബൈപാസ് പ്രവൃത്തി തീരുന്നത് വരെ കാത്തിരിക്കണമെന്ന അധികൃതരുടെ നിലപാട് ജനങ്ങളെ വെല്ലുവിളിക്കലാണ്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം, സുരക്ഷ എന്നിവ സംരക്ഷിക്കപ്പെടണം. അധികൃതര്‍ അവരുടെ കടമയും ഉത്തരവാദിത്തവും നിര്‍വഹിക്കാതിരിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് കോടതിയെ ആശ്രയിക്കേണ്ടി വരുന്നത്.
പാലം ശാസ്ത്രീയമായി അറ്റകുറ്റപ്പണി നടത്തുന്നത് വരെയോ തലശ്ശേരി മാഹി ബൈപാസ് തുറന്ന് കൊടുക്കുന്നത് വരെയോ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ടാങ്കര്‍ ലോറികള്‍ ഉള്‍പെടെ ഗതാഗതക്കുരുക്കിന് കാരണമാകുന്ന ഭാരമേറിയതും നീളം ഏറെയുള്ളതുമായ വലിയ വാഹനങ്ങള്‍ മാഹി പാലം വഴി കടന്ന് പോകുന്നത് നിയന്ത്രിക്കുക.
പകരം ഈ വിഭാഗത്തിലുള്ള വാഹനങ്ങള്‍ തലശേരിയില്‍ നിന്നും സൈദാര്‍ പള്ളി, പള്ളൂര്‍, ചൊക്ലി, കാഞ്ഞിരത്തിന്‍ കീഴില്‍, മത്തിപ്പറമ്പ്, മോന്താല്‍ റോഡ് വഴി കുഞ്ഞിപ്പള്ളിയിലേക്ക് കടത്തിവിട്ട് മാഹി പാലത്തിലെ തിരക്ക് കുറച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നും ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നുമാണ് ആവശ്യം. ബൈപാസില്‍ ഒളവിലം പാത്തിക്കലില്‍ നിര്‍മിച്ച പാലം മാഹി പാലത്തിന് പകരമാവില്ല.
അതിനാല്‍ അപകടാവസ്ഥയിലുള്ള പാലത്തിന് പകരം ഇതിന് സമാന്തരമായി പുതിയ പാലം നിര്‍മിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി അഭിഭാഷകന്‍ മനോജ് വി ജോര്‍ജ് മുഖേനയാന്ന് കേരള ഹൈകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്യുന്നതെന്ന് മയ്യഴിക്കൂട്ടം ജെനറല്‍ സെക്രടറി ഒവി ജിനോസ് ബശീര്‍ അറിയിച്ചു.
Keywords: Mayiyazhi Kootam for legal battle to solve the dilapidated condition of Mahe Bridge; Petition will be filed in High Court, Kannur, News, Mahe Bridge, High Court, Petition, Mayiyazhi Kootam, Vehicle, Media, Report, Legal battle, Kerala News.