Accused Arrested | നായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയെന്ന കേസ്; പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ റോബിന്‍ ജോര്‍ജ് പിടിയില്‍

 


കോട്ടയം: (KVARTHA) നായപരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ പൊലീസിനുനേരെ നായ്ക്കളെ അഴിച്ചുവിട്ട് സ്ഥലത്തുനിന്നും കടന്നുകളഞ്ഞെന്ന കേസിലെ പ്രതി പിടിയില്‍. കുമാരനല്ലൂര്‍ വല്യാലിന്‍ചുവടിനു സമീപം വാടകയ്ക്കു താമസിക്കുന്ന റോബിന്‍ ജോര്‍ജ് (28) ആണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് കേരള പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കേസിനാസ്പദമായ നാടകീയ സംഭവത്തെ കുറിച്ച് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് പറയുന്നത് ഇങ്ങനെ: നായ പരിശീലനത്തിന്റെയും സംരക്ഷണത്തിന്റെയും മറവില്‍ കുമാരനല്ലൂരിലെ വാടക വീട്ടിലാണ് റോബിന്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘം ഈ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 18 കിലോയോളം കഞ്ചാവ് കണ്ടെത്തിയിരുന്നു.

പരിശോധനയ്ക്കായെത്തിയ പൊലീസ് സംഘത്തെ കണ്ടപ്പോള്‍ റോബിന്‍ നായ്ക്കളെ അഴിച്ചുവിട്ട് ശേഷം മീനച്ചിലാറ്റില്‍ ചാടിയാണ് ഇയാള്‍ കടന്നുകളഞ്ഞത്. പുലര്‍ചെ കൊശമറ്റം കോളനിയുടെ ഭാഗത്തുവച്ച് മീനച്ചിലാറ്റില്‍ ചാടുകയായിരുന്നു. 50 മീറ്ററിലധികം വീതിയുള്ള ആറു നീന്തി അക്കരെയെത്തിയ റോബിന്‍ കോളനിക്കുള്ളിലൂടെ എത്തിയ ഓടോ റിക്ഷയില്‍ കയറിപ്പോയതായി പൊലീസ് കണ്ടെത്തി. കൊശമറ്റം കോളനിക്കുള്ളിലാണ് റോബിന്റെ സ്വന്തം വീട്.

കാക്കി വസ്ത്രം കണ്ടാല്‍ ആക്രമിക്കുന്നതിനുള്ള പരിശീലനം നായ്ക്കള്‍ക്കു റോബിന്‍ നല്‍കിയിരുന്നു. റോബിനെതിരെ ലഹരിവസ്തുക്കള്‍ കൈവശം വയ്ക്കുന്നതിനെതിരായ എന്‍ഡിപിഎസ് നിയമപ്രകാരം പൊലീസ് കേസും രെജിസ്റ്റര്‍ ചെയ്തിരുന്നു.

ഞായറാഴ്ച രാത്രി പത്തരയോടെയാണ് പൊലീസ് സംഘം പരിശോധനയ്‌ക്കെത്തിയത്. ഈ സമയം റോബിന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അമേരികന്‍ ബുള്ളി ഇനത്തില്‍പെട്ട 3 നായ്ക്കളെ കൂടു തുറന്നുവിട്ടാണു പ്രതി കടന്നുകളഞ്ഞത്.

തുടര്‍ന്ന് പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ (കെ9 സ്‌ക്വാഡ്) പരിശീലകരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ നായ്ക്കളെ അനുനയിപ്പിച്ചു കൂട്ടിലേക്കു മാറ്റിയിട്ടാണു പൊലീസ് വീടിനുള്ളില്‍ കടന്നത്. മുറിക്കുള്ളില്‍ 2 സഞ്ചികളില്‍ കഞ്ചാവ് നിറച്ചുവച്ചിരുന്നതായി പൊലീസ് കണ്ടെടുത്തിരുന്നു. പ്രതിയെ പിടികൂടാനും തുടരന്വേഷണത്തിനുമായി കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്.

റോബിനായി പൊലീസ് വ്യാപകമായി വലവിരിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഫോണ്‍, എടിഎം കാര്‍ഡ് എന്നിവ ഉപയോഗിക്കാത്തതിനാല്‍ സഞ്ചാരദിശ കണ്ടെത്താന്‍ പൊലീസ് ബുദ്ധിമുട്ടി. അപകടകാരികളായ നായ്ക്കളെ ആക്രമിക്കാനായി ഉപയോഗിച്ച പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് നിയമോപദേശം തേടി. മുന്‍ധാരണയോടെ ആക്രമിച്ചു പരുക്കേല്‍പ്പിക്കാന്‍ നായ്ക്കള്‍ക്ക് പരിശീലനം നല്‍കുകയും ആക്രമിക്കുന്നതിന് അവസരം ഒരുക്കുകയും ചെയ്തതിനാല്‍ കടുത്ത വകുപ്പുകള്‍ ഉള്‍പെടുത്താന്‍ കഴിയുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ആഴ്ചകള്‍ക്ക് മുന്‍പ് അന്വേഷണത്തിന് എത്തിയ എക്‌സൈസ് സംഘത്തിനുനേരെയും നായ്ക്കളെ അഴിച്ചുവിട്ടാണ് ഇയാള്‍ കടന്നത്. ഗേറ്റിന് പുറത്ത് എക്‌സൈസ് സംഘത്തിന്റെ വാഹനം കണ്ടതോടെ ഇയാള്‍ നായ്ക്കളെ അഴിച്ചുവിട്ടു. ഇതോടെ എക്‌സൈസ് സംഘം മടങ്ങി.

ഇതിനിടെ പരിശീലന കേന്ദ്രത്തെക്കുറിച്ച് പരാതി പറയാന്‍ വന്ന പ്രദേശവാസികളോട് ഇനി വന്നാല്‍ പിള്ളേരെ അഴിച്ച് വിട്ടേക്കുമെന്നാണ് റോബിന്‍ ഭീഷണിപ്പെടുത്തിയത്. നായ്ക്കളെയാണ് പിള്ളേരെന്ന് വിശേഷിപ്പിച്ചിരുന്നത്.

ഐപിസി സെക്ഷന്‍ 324 പ്രകാരം അപകടകരമായ ആയുധമോ മാര്‍ഗമോ ഉപയോഗിച്ച് ഒരു വ്യക്തിയെ മുറിവേല്‍പിക്കുന്നത് കുറ്റകരമാണ്. മൃഗങ്ങളെ ഉപയോഗിച്ച് മുറിവേല്‍പിക്കുന്നതും ഈ വകുപ്പിന്റെ പരിധിയില്‍ പെടും. പിടികൂടിയ പ്രതിയെ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Accused Arrested | നായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയെന്ന കേസ്; പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ റോബിന്‍ ജോര്‍ജ് പിടിയില്‍




Keywords: News, Kerala, Kerala-News, Kottayam-News, Malayalam-News, Kottayam News, Ganja Case, Accused, Robin, Arrested, Tamil Nadu, Dogs, Police, Kottayam Ganja Case: Accused Robin Arrested from Tamil Nadu for Unleashing Dogs on Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia