കൊല്ലം: (KVARTHA) കടയ്ക്കലില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങി മരിച്ചതായി പൊലീസ്. കുറ്റിക്കാട് സ്വദേശി അശോകനാണ് മരിച്ചത്. പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് അശോകന്‍ വീടിന് തീയിട്ട് മുറിയില്‍ തൂങ്ങിമരിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പൊലീസ് പറയുന്നത്: കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് നിഗമനം. സംഭവസമയം അശോകന്‍ മാത്രമായിരുന്നു വീട്ടില്‍. അഞ്ച് വര്‍ഷം മുന്‍പ് അശോകന്റെ ഏക മകള്‍ പ്രണയ വിവാഹിതയായി വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വീട് വിട്ട് പോയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഭര്‍ത്താവുമായി പിണങ്ങിയ മകള്‍ തിരിച്ചെത്തി.
പിന്നീട് ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരുവരെയും കഴിഞ്ഞ ദിവസം കടയ്ക്കല്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ഒടുവില്‍ പ്രശ്‌നം പറഞ്ഞ് അവസാനിപ്പിച്ച് യുവതി ഭര്‍ത്താവിനൊപ്പം മടങ്ങി.
ഇതില്‍ മനംനൊന്ത് അശോകന്‍ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.
ഭാര്യയുടെ പിന്തുണയോടെയാണ് മകള്‍ ഭര്‍ത്താവിനൊപ്പം പോയതെന്നും പറഞ്ഞ് വ്യാഴാഴ്ച (28.09.2023) വൈകിട്ട് അശോകന്‍ ഭാര്യയെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് തീ കൊളുത്തി അശോകന്‍ തൂങ്ങി മരിച്ചത്. തീപ്പിടിത്തത്തില്‍ വീട്ടിലെ കട്ടിലും സോഫാ സെറ്റിയും ഉള്‍പെടെ കത്തി നശിച്ചതായി പൊലീസ് വ്യക്തമാക്കി.