കൊച്ചി: (www.kvartha.com) നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 120 ഓളം യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടതായി ആരോപണം. സഊദി എയര്‍ലൈന്‍സിലാണ് സംഭവം. വിമാനത്തിന്റെ വാതിലില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സാങ്കേതിക തകരാര്‍ മൂലം യാത്ര ആരംഭിക്കാനാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
ശനിയാഴ്ച (23.09.2023) രാത്രി 8.30 ന് പറക്കേണ്ടിയിരുന്ന വിമാനത്തിലാണ് യാത്രക്കാര്‍ കയറിയതിന് പിന്നാലെ വാതിലില്‍ തകരാര്‍ കണ്ടത്. കാരണം അറിയാതെ പ്രതിഷേധിച്ചവരെ വിമാനത്താവള ഉദ്യോഗസ്ഥര്‍ ഇടപെട്ട് ശാന്തരാക്കി. തുടര്‍ന്ന് 120 പേരെയും ഹോടെലിലേക്ക് മാറ്റി.
ഇതോടെ യാത്രക്കാരുടെ വിമാന യാത്ര അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. എപ്പോള്‍ യാത്ര തുടങ്ങാന്‍ ആകുമെന്ന് തീരുമാനമായിട്ടില്ല. എന്നാല്‍ തകരാര്‍ പരിഹരിച്ചതിന് ശേഷം വിമാനം റിയാദിലേക്ക് തിരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. പരിഹരിക്കാനായില്ലെങ്കില്‍ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ റിയാദില്‍ എത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡിജിയാത്ര സംവിധാനം എത്തുന്നു. ഒക്ടോബര്‍ 2 മുതലാണ് യാത്രക്കാര്‍ക്ക് ഡിജിയാത്ര സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കുക. ഇതോടെ, ആധാര്‍ ബന്ധിത മൊബൈല്‍ നമ്പര്‍ ഉള്ള യാത്രക്കാര്‍ക്ക് ചെക് ഇന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
ആഭ്യന്തര ടെര്‍മിനലില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഡിജിയാത്ര ഇ-ബോര്‍ഡിംഗ് സോഫ്റ്റ്വെയര്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരുന്നു. യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണില്‍ ഡിജി ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് രെജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയശേഷം ഉപയോഗിക്കാവുന്നതാണ്.
Keywords: News, Kerala, Kerala-News, Kochi-News കൊച്ചി-വാർത്തകൾ, Malayalam-News, Kochi News, Nedumbassery News, Cochin International Airport, Technical Failure, Saudi Airlines, Kochi: Technical failure of Saudi Airlines at Cochin International Airport.