Follow KVARTHA on Google news Follow Us!
ad

Sleeper Coaches | സാധാരണക്കാരുടെ നെഞ്ചത്തടിച്ച് റെയില്‍വെ, തിരക്കേറിയ ട്രെയിനുകളില്‍ സ്ലീപര്‍ കോചുകള്‍ വെട്ടിക്കുറച്ചു; പ്രതിഷേധം ശക്തമാകുന്നു

പുതിയ പരിഷ്‌കരണം സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് Kannur News, Railway, Reduced, Sleeper Coaches, Trains, Protest
കണ്ണൂര്‍: (www.kvartha.com) കേരളത്തിലെ തിരക്കേറിയ ട്രെയിനുകളില്‍ നിന്നും സാധാരണക്കാരായ യാത്രക്കാരെ ഉന്തി പുറത്താക്കി പണം കൊയ്യാനുള്ള റെയില്‍വെയുടെ നീക്കങ്ങളില്‍ പ്രതിഷേധം പുകയുന്നു. സ്ലീപര്‍ കോചുകള്‍ വെട്ടിക്കുറച്ച് എസി കോചുകളാക്കുന്നതിലൂടെയാണ് സാധാരണ യാത്രക്കാരെ ഒഴിവാക്കി പണം കൊയ്യാന്‍ റെയില്‍വെ ഇറങ്ങുന്നത്.

മലബാര്‍ എക്‌സ്പ്രസില്‍ തിങ്കളാഴ്ച മുതല്‍ ഒരു സ്ലീപര്‍ കോച് കൂടി കുറഞ്ഞതോടെ സാധാരണ യാത്രക്കാര്‍ വന്‍ പ്രതിസന്ധിയിലായി. തിരക്കേറിയ റൂടുകളില്‍ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് റെയില്‍വെയുടെ പുതിയ പരിഷ്‌കരണം.

കേരളത്തിലെ നാല് ട്രെയിനുകളിലാണ് റെയില്‍വെ മാറ്റം വരുത്തിയത്. മാവേലി എക്‌സ്പ്രസ്, ചെന്നൈ മെയില്‍, വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ കോചുകളുടെ മാറ്റം കഴിഞ്ഞ ആഴ്ച പ്രാബല്യത്തില്‍ വന്നിരുന്നു. മംഗ്‌ളൂറു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിലാണ് തിങ്കളാഴ്ച മുതല്‍ ഒരു സ്ലീചര്‍ കോച്, എസി കോചായി മാറിയത്.

നിലവില്‍ 10 സ്ലീപര്‍ കോചുകളും നാല് എസി ത്രീ ടയര്‍ കോചുകളുമാണ് മലബാര്‍ എകസ്പ്രസിലുളളത്. പുതിയ മാറ്റത്തോടെ 72 സീറ്റുകള്‍ എസി ത്രീ ടയര്‍ കോചിലേക്ക് മാറും. ഇതോടെ ഗത്യന്തരമില്ലാത്ത യാത്രക്കാര്‍ക്ക് ചെലവേറിയ യാത്രയെ ആശ്രയിക്കേണ്ടതായി വരും.

എല്ലാ വണ്ടികളിലും ഘട്ടം ഘട്ടമായി സ്ലീചര്‍ കോചിന്റെയും ജെനറല്‍ കോചിന്റെയും എണ്ണം കുറച്ച് എസി കോചുകളുടെ എണ്ണം കൂട്ടുകയെന്നതാണ് റെയില്‍വെയുടെ പുതിയ നയം. വന്ദേഭാരത് അടക്കമുളള പ്രീമിയം സര്‍വീസുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഈ റൂടുകളില്‍ ലഭിച്ചത്. യാത്രക്കാരേറെയുളള റൂടുകളിലെ സാമ്പത്തിക നേട്ടം മുന്നില്‍ കണ്ടാണ് റെയില്‍വേയുടെ നീക്കം. മിതമായ നിരക്കില്‍ യാത്ര ചെയ്യാവുന്ന സ്ലീപര്‍ കോചുകളെ ആശ്രയിക്കുന്നവര്‍ക്കാണ് ഈ തീരുമാനം ഇരുട്ടടിയാകുന്നത്.

സ്ലീപര്‍ കോചുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി നേരത്തെ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചിരുന്നു. ലക്ഷക്കണക്കിന് സാധാരണ ട്രെയിന്‍ യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. റിസര്‍വേഷന്‍ ടികറ്റ് ലഭിക്കാത്ത അവസ്ഥ നിലവിലുണ്ട്. തത്കാല്‍ ടികറ്റുകളെടുപ്പിച്ച് കൊള്ളലാഭമുണ്ടാക്കാനാണ് റെയില്‍വെ ശ്രമിക്കുന്നതെന്ന് എംപി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ തീരുമാനത്തിനെതിരെ റെയില്‍വേ പാസന്‍ജേഴ്‌സ് അസോസിയേഷനും ഡി വൈ എഫ് ഐ ഉള്‍പെടെയുള്ള വിവിധ സംഘടനകളും രംഗത്തിറങ്ങിയിട്ടുണ്ട്.



Keywords: News, Kerala, Kerala-News, Malayalam-News, Railway-News, Kannur News, Railway, Reduced, Sleeper Coaches, Trains, Protest, Kannur: Railway Reduced Sleeper Coaches from Overcrowded Trains. 

Post a Comment