KC Venugopal | 'വിഘടിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം'; ഇന്‍ഡ്യയുടെ പേരുമാറ്റാനുള്ള നീക്കത്തിന് പിന്നില്‍ കെണിയാണെന്ന് കെ സി വേണുഗോപാല്‍

 


കണ്ണൂര്‍: (www.kvartha.com) ഇന്‍ഡ്യയുടെ പേര് ഭാരതമെന്നാക്കി മാറ്റാനുള്ള മോദിസര്‍കാരിന്റെ നീക്കത്തിന് പിന്നില്‍ കെണിയുണ്ടെന്നും ദുഷ്ട ലാക്കുണ്ടെന്നും സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികദിനത്തില്‍ കെപിസിസി സംസ്ഥാന വ്യാപകമായി നടത്തുന്ന പദയാത്രകളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതമെന്ന പേരിനോട് കോണ്‍ഗ്രസിന് എതിര്‍പൊന്നുമില്ല. രാഹുല്‍ ഗാന്ധി നടത്തിയ പദയാത്ര തന്നെ ഭാരത് ജോഡോ യാത്രയാണെന്ന് ഓര്‍ക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 

എങ്കിലും ഇന്‍ഡ്യ എന്ന പേര് ഭാരത് എന്നാക്കാനുള്ള തീരുമാനം രാജ്യത്തെ വിഘടിപ്പിക്കുന്നതിന് വേണ്ടിയാണ്. വിഘടിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാല്‍ അവരുടെ ചതിക്കുഴിയില്‍ വീഴാന്‍ രാജ്യത്തെ പ്രതിപക്ഷം തയ്യാറല്ല. 2024ലെ തിരഞ്ഞെടുപ്പില്‍ മോദി സര്‍കാരിനെ വലിച്ച് താഴെയിടുക എന്ന ലക്ഷ്യത്തിലേക്കാണ് പ്രതിപക്ഷ സഖ്യം നീങ്ങുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

മണിപ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി രാജ്യം ഭരിക്കുന്ന സര്‍കാര്‍ ശ്രമിക്കുന്നില്ല. നൂറുകണക്കിന് ജനങ്ങളെ പരസ്പരം കൊന്നൊടുക്കുമ്പോഴും അവിടുത്തെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ആ വിഷയം സംസാരിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറാകുന്നില്ല. പകരം വിദ്വേഷത്തിന്റെ കനല്‍ പാകാനാണ് അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 

പരസ്പരം പോരടിക്കുന്നവരെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിച്ചത്. എന്നാല്‍ അവിടുത്തെ ഭരണകൂടം രാഹുല്‍ ഗാന്ധി അവിടെ പോകുന്നതിന് തടസ്സം നില്‍ക്കുകയായിരുന്നു. എന്നാല്‍ ഈ എതിര്‍പുകള്‍ അവഗണിച്ച് മുന്നോട്ട് പോയ രാഹുലിനെ ഇരുവിഭാഗത്തില്‍പെട്ടവരും കാണാനും തങ്ങളുടെ ആവലാതികള്‍ പറയാനും കൂട്ടമായി എത്തുന്ന കാഴ്ചയാണ് കണ്ടത്. ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയമല്ല സ്നേഹത്തിന്റെ രാഷ്ട്രീയമായിരുന്നു അവര്‍ക്ക് വേണ്ടതെന്ന്  കെ സി വേണുഗോപാല്‍ പറഞ്ഞു.

പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട് കോണ്‍ഗ്രസിന് മറിച്ചുനല്‍കിയെന്നുള്ള സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്റെ പ്രസ്താവന ശുദ്ധ അസംബന്ധമാണ്. ഇന്ന് ഇന്‍ഡ്യയില്‍ ബിജെപിയെ രാജ്യത്താകമാനം എതിര്‍ക്കുന്ന പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും നേതാക്കളുടെയും ശരീരത്തില്‍ ചോരയുള്ള കാലത്തോളം ബിജെപിയുമായി ഒരു സന്ധിയുമുണ്ടാകില്ല.  

മോദിയെയും ബിജെപിയെയും പ്രീണിപ്പിക്കുന്ന, സന്ധിചെയ്യുന്ന സിപിഎമ്മാണ് തങ്ങളുടെ പരാജയഭീതി മറച്ച് വെക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് ബിജെപി ബന്ധം ആരോപിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 

KC Venugopal | 'വിഘടിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം'; ഇന്‍ഡ്യയുടെ പേരുമാറ്റാനുള്ള നീക്കത്തിന് പിന്നില്‍ കെണിയാണെന്ന് കെ സി വേണുഗോപാല്‍


പൊതുയോഗത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു. കെപിസിസി ജെനറല്‍ സെക്രടറിമാരായ അഡ്വ. പി എം നിയാസ്, കെ ജയന്ത്, മേയര്‍ അഡ്വ. ടി ഒ മോഹനന്‍, എംഎല്‍എമാരായ അഡ്വ. സണ്ണിജോസഫ്, അഡ്വ. സജീവ് ജോസഫ്, എഐസിസി മെമ്പര്‍ വി എ നാരായണന്‍, യുഡിഎഫ് ചെയര്‍മാന്‍ പി ടി മാത്യു, സജീവ് മാറോളി, ചന്ദ്രന്‍ തില്ലങ്കേരി, രാജീവന്‍ എളയാവൂര്‍, കെ സി മുഹമ്മദ് ഫൈസല്‍, ശമാ മുഹമ്മദ്, ശ്രീജ മഠത്തില്‍, റിജില്‍ മാക്കുറ്റി തുടങ്ങിയവര്‍ സംസാരിച്ചു.

KC Venugopal | 'വിഘടിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം'; ഇന്‍ഡ്യയുടെ പേരുമാറ്റാനുള്ള നീക്കത്തിന് പിന്നില്‍ കെണിയാണെന്ന് കെ സി വേണുഗോപാല്‍


Keywords: News, Kerala, Kerala-News, Politics, Politics-News, Kannur News, KC Venugopal, Congress, BJP, Bharat Jodo Yatra, Renaming Row, Kannur: KC Venugopal against renaming row.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia