അജോ കുറ്റിക്കൻ
തേനി (തമിഴ്നാട്): (www.kvartha.com) കമ്പത്ത് ആനക്കൊമ്പ് പിടികൂടിയ സംഭവുമായി ബന്ധപ്പെട്ട് അതിർത്തിയിലെ തമിഴ്നാട് ചെക് പോസ്റ്റിൽ ഡ്യൂടിയിലുണ്ടായിരുന്ന ജീവനക്കാർക്കെതിരെ നടപടിയുണ്ടായേക്കും. പരിശോധന നടത്താതെ ആനക്കൊമ്പുമായി എത്തിയ വാഹനം കടത്തി വിട്ടത് ജീവനക്കാരുടെ ഗുരുതര വീഴ്ചയാണെന്നും നടപടി സ്വീകരിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം സർകാരിന് റിപോർട് നൽകി. വനം വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിർത്തിയിൽ തമിഴ്നാട് വനം വകുപ്പിനും പൊലീസിനും പ്രത്യേകം ചെക് പോസ്റ്റുകളുണ്ട്.
കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് കടക്കണമെങ്കിൽ ഈ രണ്ട് ചെക് പോസ്റ്റുകളും പിന്നിടണം. എന്നാൽ, ഇവിടെ പരിശോധനകളുണ്ടായിട്ടില്ലെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. അതിർത്തി കടന്ന് ആനക്കൊമ്പുകൾ എത്തുന്നതായും പരിശോധനകൾ ഊർജിതപ്പെടുത്താനും ഏതാനും ആഴ്ചകൾക്ക് മുമ്പ് ചെക് പോസ്റ്റുകളിൽ നിർദേശം നൽകിയിരുന്നതായാണ് വിവരം. അതേസമയം തമിഴ്നാട് അതിർത്തിയിൽ എത്തണമെങ്കിൽ കേരളത്തിന്റെ ചെക് പോസ്റ്റുകൾ മറികടക്കണം. ഇവിടങ്ങളിലും പരിശോധനകളുണ്ടായില്ലെങ്കിലും ജീവനക്കാർക്കെതിരെ അന്വേഷണമില്ലെന്നും ആക്ഷേപമുണ്ട്.
അറസ്റ്റിലായ പ്രതികൾക്ക് ആനക്കൊമ്പുകൾ ലഭിച്ചത് വണ്ടിപ്പെരിയാർ മേഖലയിൽ നിന്നാണെന്ന് സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ കണ്ടെത്തിയതായാണ് അറിയുന്നത്. ഇവർക്ക് ആനക്കൊമ്പുകൾ എത്തിച്ച് നൽകിയതിന് പിന്നിൽ മുൻ കാല ആന വേട്ട സംഘമാണോ എന്ന് പരിശോധിക്കുമെന്ന് ഡബ്ല്യു സി സി ബി ഇൻസ്പെക്ടർ രവീന്ദ്രൻ പറഞ്ഞു.
കേരളത്തില്‍ നിന്നും വൻ തോതിൽ തമിഴ്നാട്ടിലേക്ക് ആനക്കൊമ്പ് കടത്തുന്നതായി സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുമളി - കമ്പം റോഡിലെ അപാചെ ഫാം പരിസരത്ത് ബുധനാഴ്ച നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ ചാക്കില്‍ കെട്ടിയ നിലയില്‍ മൂന്ന് ആനക്കൊമ്പുകളുമായി രണ്ടു യുവാക്കള്‍ പിടിയിലായിരുന്നു. കേരളത്തില്‍ നിന്നും കര്‍ണാടക രജിസ്‌ട്രേഷനിലുള്ള മോടോര്‍ സൈകിളിലാണ് ആനക്കൊമ്പുമായി ഇവര്‍ എത്തിയത്.
Keywords: News, Kerala, Kerala-News, Idukki-News, Ivory seized, check post, Theni, Idukki News, Ivory seized incident: Action may be taken against the staff on duty at the border check post
Action | കമ്പത്ത് ആനക്കൊമ്പ് പിടികൂടിയ സംഭവം: അതിർത്തിയിലെ ചെക് പോസ്റ്റിൽ ഡ്യൂടിയിലുണ്ടായിരുന്ന ജീവനക്കാർക്കെതിരെ നടപടിയുണ്ടായേക്കും; ഗുരുതര വീഴ്ചയുണ്ടായെന്ന് റിപോർട്
രഹസ്യാന്വേഷണ വിഭാഗം സർകാരിന് റിപോർട് നൽകി
Ivory seized, check post, Theni, Idukki News