നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ റാലിയില്‍ അറബന മുട്ട് വര്‍ണാഭമായ കാഴ്ചയായി മാറി. പ്രകടനങ്ങൾ കാണാൻ നാട്ടുകാർ ഒന്നടങ്കം റോഡരികിൽ തടിച്ച് കൂടിയിരുന്നു. ഹൈന്ദവ സഹോദരങ്ങൾ പങ്കെടുക്കുന്നുവെന്ന് അറിഞ്ഞ് പുറത്തുനിന്നും നിരവധി പേർ റാലി കാണാൻ എത്തിയിരുന്നു.
നബിദിന റാലിയിൽ അറബന മുട്ടിൽ പങ്കുചേരണമെന്ന സ്വന്തം ഇഷ്ടപ്രകാരമാണ് പങ്കെടുത്തതെന്നും കുടുംബങ്ങളുടെ പരിപൂർണ പിന്തുണ ഉണ്ടായിരുന്നുവെന്നും ശിവദാസൻ എന്ന കണ്ണൻ പറയുന്നു. ശിവദാസൻ അടക്കം അഞ്ച് ഹിന്ദുമത വിശ്വാസികളാണ് റാലിയിൽ പങ്കാളിയായത്. ആദ്യ ദിവസം സ്റ്റെപുകൾ പഠിച്ചെടുക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പരിശീലനത്തിലൂടെ നന്നായി വഴങ്ങിയെന്നും ഇവർ പറയുന്നു.
ഒരു മാസക്കാലം ഇവർക്ക് പൂർണ പിന്തുണയും മികച്ച പരിശീലനവും നൽകി മദ്രസാ അധ്യാപകനും കൂടെ തന്നെ ഉണ്ടായിരുന്നു. സഊദി അറേബ്യയിൽ ജോലി ചെയ്യുന്ന ഇവരിലൊരാൾ ഒരു മാസം മുമ്പാണ് നാട്ടിൽ അവധിക്കായി എത്തിയത്. നാടിന്റെ സന്തോഷത്തിന്റെ ഭാഗമാകാൻ അദ്ദേഹവും മറ്റുള്ളവരും കൃത്യമായി പരിശീലനത്തിനെത്തി. ക്ഷേത്ര കമിറ്റിയുടെയും മറ്റും നബി ദിന റാലിക്ക് മധുരം നൽകി സ്വീകരണം നൽകുന്നത് പലയിടങ്ങളിലും പതിവ് കാഴ്ചയാണെങ്കിലും തത്തേങ്ങലെ കാഴ്ച വ്യത്യസ്തമായിരുന്നു.
ജാതി മത ഭേദമന്യേ എല്ലാവരും ഒരുമിച്ച് ഒത്തൊരുമയോടെയാണ് എല്ലാ മതങ്ങളുടെയും ആഘോഷങ്ങൾ നാട്ടിൽ കൊണ്ടാടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വിദ്വേഷത്തിന്റെ മതിൽ കെട്ടുകൾ തീർക്കുന്ന വർത്തമാനകാലത്ത് ഈ സൗഹൃദത്തിന് മാറ്റ് കൂട്ടുകയാണ്.
Keywords: Hindu, Muslim, Arabana Muttu, Meelad Rally, Mannarkkad, Palakkad, Hindu brothers with Arabana Muttu in Meelad Rally.