SWISS-TOWER 24/07/2023

Fadnavis | ഫഡ് നാവിസിനെ ലോക് സഭാതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര നേതൃത്വം; എതിര്‍പുമായി അനുകൂലികള്‍; സംസ്ഥാനത്തിന്റെ ഭാവി ഇല്ലാതാകുമെന്ന് വാദം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (KVARTHA) അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം ഒരുങ്ങുന്നതായി റിപോര്‍ട്. നാഗ്പുരില്‍ നിന്ന് ഫഡ് നാവിസിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് റിപോര്‍ടില്‍ പറയുന്നത്. ഊര്‍ജസ്വലരായ, കഴിവു തെളിയിച്ച യുവ പ്രതിഭകളെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകള്‍ വിലയിരുത്താന്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേ മഹാരാഷ്ട്രയില്‍ പാര്‍ടിക്ക് അത്ര പ്രാധാന്യം ഇല്ലെന്ന് പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെ, സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനായി പാര്‍ടി വമ്പന്‍മാരെ മത്സരിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് റിപോര്‍ട്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസിനെ കൂടാതെ ബിജെപി മുംബൈ അധ്യക്ഷന്‍ ആശിഷ് ഷെലാര്‍, ദേശീയ ജെനറല്‍ സെക്രടറി വിനോദ് താവ്ഡെ, അസംബ്ലി സ്പീകര്‍ രാഹുല്‍ നര്‍വേക്കര്‍ എന്നിവരും ലിസ്റ്റില്‍ ഉള്‍പെടുന്നു.

Fadnavis | ഫഡ് നാവിസിനെ ലോക് സഭാതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര നേതൃത്വം; എതിര്‍പുമായി അനുകൂലികള്‍; സംസ്ഥാനത്തിന്റെ ഭാവി ഇല്ലാതാകുമെന്ന് വാദം

എന്നാല്‍ ഇതിനോട് ഫഡ് നാവിസ് കാംപ് അനുകൂല നിലപാട് എടുത്തിട്ടില്ലെന്നും റിപോര്‍ടുണ്ട്. ഫഡ് നാവിസ് മഹാരാഷ്ട്രയില്‍ തന്നെ തുടരണമെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമെത്തുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ പാര്‍ടിയെ മുന്നില്‍നിന്ന് നയിക്കണമെന്നുമാണ് ഫഡ്‌നാവിസിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇതിന് നിരവധി കാരണങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംസ്ഥാനത്ത് ബിജെപിയുടെ മുഖം ഫഡ്‌നാവിസാണ് എന്നതാണ് ഒരു കാരണമായി പറയുന്നത്. പാര്‍ടിക്കുള്ളിലെ അദ്ദേഹത്തിന്റെ എതിരാളികളായ എക്‌നാഥ് ഖാദ്‌സെ, പങ്കജ് മുണ്ഡെ എന്നിവര്‍ രാഷ്ട്രീയമായി പാര്‍ശ്വവല്‍കരിക്കപ്പെട്ടു. ഖാദ്‌സെ എന്‍സിപിയില്‍ ചേരുകയും മുണ്ഡെയുടെ രാഷ്ട്രീയ പ്രതാപം നഷ്ടമാകുകയും ചെയ്ത സാഹചര്യത്തില്‍ ഫഡ് നാവിസാണ് പാര്‍ടിയുടെ തുറുപ്പുചീട്ട് എന്നും ഇവര്‍ വിശ്വസിക്കുന്നു.

2014 ഒക്ടോബര്‍ മുതല്‍ അഞ്ചു വര്‍ഷക്കാലത്തേക്ക് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഫഡ് നാവിസ് പാര്‍ടി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് തന്റെ സ്വാധീനം വ്യാപിപ്പിച്ചു കഴിഞ്ഞു എന്ന് മാത്രമല്ല മഹാരാഷ്ട്രയിലെ മറ്റു രാഷ്ട്രീയക്കാരെപ്പോലെ അദ്ദേഹം അഴിമതിക്കേസുകളിലൊന്നും കുടുങ്ങിയിട്ടുമില്ല. ഇതെല്ലാം സംസ്ഥാനത്ത് പാര്‍ടിയില്‍ പിടിച്ചുനില്‍ക്കാന്‍ അനുകൂല ഘടകമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഫഡ് നാവിസിനെ മാറ്റി ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ബിജെപി കേന്ദ്ര നേതൃത്വം വലിയ നീതികേടാണ് കാണിച്ചതെന്നും മഹാരാഷ്ട്രയിലെ ഫഡ്‌നാവിസ് അനുകൂലികള്‍ വിശ്വസിക്കുന്നുണ്ട്. ഇതില്‍ അസ്വസ്ഥനായ ഫഡ് നാവിസ് താന്‍ ഷിന്‍ഡെ സര്‍കാരിന്റെ ഭാഗമാകുന്നില്ലെന്ന് അറിയിച്ചിരുന്നെങ്കിലും, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ അടക്കം നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം ഷിന്‍ഡെ സര്‍കാരില്‍ ഉപമുഖ്യമന്ത്രിയായത്.

എന്നാല്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും ഫഡ് നാവിസിന്റെ കയ്യിലേക്ക് മുഖ്യമന്ത്രി പദവി എത്തുമെന്നാണ് ഫഡ് നാവിസ് കാംപിന്റെ കണക്കുകൂട്ടല്‍. അതുകൊണ്ടു തന്നെ ഫഡ് നാവിസ് ഇല്ലാതെ നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പ്രായസമാണെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഫഡ് നാവിസിനെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയാണെങ്കില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി സംസ്ഥാന രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുന്ന മറ്റൊരു പേരാണ് ചന്ദ്രകാന്ത് പട്ടീലിന്റെ. എന്നാല്‍ സ്വന്തം മണ്ഡലമായ കോലാപുരില്‍നിന്ന് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടില്ല എന്ന് ഉറപ്പുള്ളതിനാല്‍ പുനെയിലെ മറ്റൊരു സീറ്റ് ഇയാള്‍ക്ക് നല്‍കിയേക്കുമെന്നും റിപോര്‍ടുണ്ട്.

എന്നാല്‍ ഫഡ്‌നാവസിന്റേതു പോലെ ഒരു ഹൈ പ്രൊഫൈല്‍ ഇമേജ് ഇല്ല എന്നത് ചന്ദ്രകാന്ത് പട്ടീലിന് പ്രതികൂല ഘടകമാണ്. മാത്രമല്ല, ബാബാസാഹിബ് ആംബേദ്കറിനും ജ്യോതിഭാ ഫൂലെയ്ക്കും എതിരെ ഇദ്ദേഹം നടത്തിയ പല പ്രസ്താവനകളും വിവാദമായത് പാര്‍ടിക്ക് തലവേദനയുമാണ്.

ചന്ദ്രകാന്ത് പട്ടീലിനെപ്പോലെ ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു പേരാണ് ആഷിഷ് ഷേലാര്‍. ബാന്ദ്ര എംഎല്‍എയായ ആഷിഷിന് സംസ്ഥാനത്തെ എല്ലാ ഘടകങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. മാത്രമല്ല, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്തനുമാണ്. ഈ വിശ്വാസമാണ് നിലവില്‍ ആഷിഷിനെ ബിസിസിഐയുടെ ട്രഷറര്‍ സ്ഥാനത്തേക്ക് എത്തിച്ചത്.

Keywords:  Fadnavis, Shelar, Tawde, Narwekar likely Lok Sabha candidates in Mumbai, Mumbai, News ,Fadnavis, Lok Sabha Election, Politics, BJP, Survey, Statement, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia