സൗത് കരോലിനയിലാണ് സംഭവം. എഫ്-35 സൈനിക വിമാനം പറപ്പിക്കുന്നതിനിടെ അപകട സാധ്യത തോന്നിയ പൈലറ്റ് പാരച്യൂട് ഉപയോഗിച്ച് പുറത്തേക്ക് എടുത്തുചാടിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ പൈലറ്റ് വടക്കന്‍ ചാള്‍സ്റ്റണ്‍ പരിസരത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെങ്കിലും വിമാനം കാണാതായി. വില കൂടിയ വിമാനം കാണാതായത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
തുടര്‍ന്ന് വിമാനം കണ്ടെത്താന്‍ പൊതുജനങ്ങളോട് സഹായം ആവശ്യപ്പെട്ടിരുന്നു. കണ്ടെത്തിയ അവശിഷ്ടങ്ങള്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ചതായി സൈനിക വക്താവ് പറഞ്ഞു. അപകടം സംഭവിച്ചതെങ്ങനെയാണെന്ന് അന്വേഷിക്കുകയാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിമാനം തകര്‍ന്നുവീണ സ്ഥലത്ത് പരുക്കുകളൊന്നും റിപോര്‍ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഓടോപൈലറ്റ് മോഡില്‍ ആക്കിയ ശേഷമാണ് പൈലറ്റ് യുദ്ധവിമാനം ഉപേക്ഷിച്ച് പുറത്തേക്ക് ചാടിയതെന്ന് ജോയിന്റ് ബേസ് ചാള്‍സ്റ്റണിലെ വക്താവ് പറഞ്ഞു. അതുകൊണ്ടാണ് വിമാനം എവിടെ തകര്‍ന്നുവീണു എന്ന് കണ്ടെത്താന്‍ വൈകിയതെന്നും വക്താവ് വ്യക്തമാക്കി. അതേസമയം, തകര്‍ച്ചയെ കുറിച്ചോ തകര്‍ന്നുവീഴുന്ന ശബ്ദത്തെക്കുറിച്ചോ കോളുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വക്താവ് പറഞ്ഞു.
പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായുള്ള മറൈന്‍ ഫൈറ്റര്‍ അറ്റാക് ട്രെയിനിംഗ് സ്‌ക്വാഡ്രണ്‍ 501-ല്‍ പെട്ടതാണ് FB-35B Lightning II വിമാനമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കുന്നതിന് പ്രദേശത്ത് നിന്ന് മാറിനില്‍ക്കാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.