-ഭാമ നാവത്ത്
കണ്ണൂര്‍: (www.kvartha.com) കുട്ടനാടന്‍ മോഡല്‍ പാര്‍ടി മാറല്‍ വിപ്ലവം കണ്ണൂരിലുമുണ്ടാകുമെന്ന ആശങ്കയില്‍ സി പി എം. ജില്ലയിലെ അതൃപ്തരായ പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ മുന്നണിയിലെ രണ്ടാം പാര്‍ടിയായ സി പി ഐയുടെ കൊടി പിടിച്ചേക്കുമെന്ന അപകടഭീഷണിയാണ് സി പി എം മുന്‍കൂട്ടി കാണുന്നത്. ഇതു പാര്‍ടിയില്‍ അടിയൊഴുക്കുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ കുട്ടനാടില്‍ നിന്നും വ്യത്യസ്തമായ പാര്‍ടി വിടുന്നവരെ ശാരീരികമായി പോലും നേരിടുന്ന ശൈലിയാണ് കണ്ണൂരില്‍ സ്വീകരിക്കുന്നത്. പാര്‍ടി വിട്ടു ബി ജെ പി, കോണ്‍ഗ്രസ് പാര്‍ടികളില്‍ ചേരുന്നതിനെക്കാള്‍ അപകടകരമാണ് സി പി ഐയില്‍ ചേരുന്നതെന്നാണ് പാര്‍ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഒരേ മുന്നണിയിലാണെങ്കിലും സി പി ഐ ശക്തി വര്‍ധിപ്പിക്കുന്നത് പാര്‍ടിയുടെ അടിവേരിളക്കുമെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ടു തന്നെ ഇത്തരം നീക്കങ്ങള്‍ നേരത്തെ കണ്ടു അതിനു തടയിടാനാണ് സി പി എം ഒരുങ്ങുന്നത്.
1964-ല്‍ റഷ്യ-ചൈന ചേരി തര്‍ക്കത്തെ തുടര്‍ന്ന് ഇന്‍ഡ്യയില്‍ കമ്യൂനിസ്റ്റ് പാര്‍ടി പിളര്‍ന്നതിനുശേഷം സി പി എം വലതുചേരിയിലേക്ക് മാറിയെങ്കിലും പിന്നീട് രാജ്യത്ത് ഇടതു ഐക്യം മുന്‍നിര്‍ത്തി തിരിച്ചു വരികയായിരുന്നു. എന്നാല്‍ അന്നുമുതല്‍ മാതൃസംഘടനയെ വലതു റിവിഷനിസ്റ്റുകളായാണ് സി പി എം കണ്ടിരുന്നത്.
ഒരേ മന്ത്രിസഭയില്‍ അംഗങ്ങളായി ഒന്നാമനും രണ്ടാമനുമായി സര്‍കാരുകള്‍ക്ക് നേതൃത്വം നല്‍കിയെങ്കിലും താഴെ വയ്ക്കെടാ വലതാ ചെങ്കൊടിയെന്ന മുദ്രാവാക്യം സി പി എം തങ്ങളുടെ രാഷ്ട്രീയ മനസില്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ഒരേ പന്തിയിലിരിക്കുമ്പോഴും സി പി എമ്മിന് എങ്ങനെയൊക്കെ പാര പണിയാമെന്ന് ചിന്തിച്ചു നടക്കുന്ന നേതാക്കളാണ് എം എന്‍ സ്മാരക മന്ദിരത്തില്‍ സെക്രടറി സ്ഥാനത്ത് കൂടുതല്‍ ഇരുന്നത്. ഇപ്പോള്‍ കാനം രാജേന്ദ്രന്‍, മുഖ്യമന്ത്രി പിണറായി വിജയനും എ കെ ജി സെന്ററിനും പൂര്‍ണമായി വിധേയപ്പെട്ടു നില്‍ക്കുന്ന സെക്രടറിയാണെങ്കിലും പാര്‍ടിയിലെ മറ്റുനേതാക്കള്‍ അങ്ങനെയല്ലെന്നാണ് വാസ്തവം.
ഇപ്പോഴുമുണ്ട് കോണ്‍ഗ്രസിന്റെ ഒക്കചങ്ങാതിമാര്‍
അടിയന്തരാവസ്ഥക്കാലത്ത് ഒക്കചങ്ങാതിമാരായ കോണ്‍ഗ്രസിനോട് അഭിനിവേശം കാണിക്കുന്ന നേതാക്കള്‍ ഒട്ടേറെപ്പേര്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലുമുണ്ട്. കോണ്‍ഗ്രസിന് ഒഴിച്ചു നിര്‍ത്തിക്കൊണ്ടു ദേശീയ തലത്തില്‍ ബി ജെ പി വിരുദ്ധ മുന്നണി സാധ്യമാവില്ലെന്ന നിലപാടിലാണ് സി പി ഐ. അതുകൊണ്ടു തന്നെയാണ് ഇന്‍ഡ്യാ മുന്നണിയിലെ ഏകോപനസമിതിയില്‍ നിന്നും അവസാനനിമിഷം സി പി എം തടിയൂരി കന്നന്തിരിവ് കാണിച്ചപ്പോള്‍ സി പി ഐ പാറപോലെ കോണ്‍ഗ്രസിനൊപ്പം മുന്നണിയില്‍ ഉറച്ചു നില്‍ക്കുന്നത്.
എന്തുതന്നെയായാലും പൊതുമിനിമം പരിപാടിവെച്ചു കേരളത്തില്‍ ഇടതു സര്‍കാരുമായി മുന്‍പോട്ടു പോകുന്നുണ്ടെങ്കിലും ബംഗാളിലും ത്രിപുരയിലുമൊക്കെയുണ്ടായ തിരിച്ചടിയും ഭരണത്തിന്റെ ഏഴയലത്തു പോലും തിരിച്ചുവരാനാവാത്ത സാഹചര്യവും സി പി ഐയെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നുണ്ട്. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിലും സി പി എം നേതൃത്വം നല്‍കുന്ന ഇടതു ചേരിക്ക് വന്‍തിരിച്ചടി നേരിട്ടാല്‍ ഫോര്‍വേഡ് ബ്ളോകിന്റെയും ആര്‍ എസ് പിയുടെയും വഴിതന്നെ സി പി ഐയും പിന്‍തുടര്‍ന്നേക്കാം. ഈ സാഹചര്യത്തില്‍ വേണം കുട്ടനാട്ടില്‍ വന്‍തോതില്‍ അതൃപ്തരായ സി പി എം പ്രവര്‍ത്തകര്‍ സി പി ഐയിലേക്ക് ചേക്കെറുന്നതിനെ വിലയിരുത്താം.
ഇരുപാര്‍ടിയുടെയും നേതാക്കള്‍ തമ്മില്‍ മുന്നണി മര്യാദ ലംഘിച്ചു വിട്ടുകൊണ്ടു ആലപ്പുഴയില്‍ നടത്തുന്ന പ്രസംഗങ്ങളും വെല്ലുവിളികളും ഇടതുമുന്നണിയെ അസാധരണമായ സാഹചര്യത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്.
കണ്ണൂര്‍ വഴി ആലപ്പുഴയിലേക്ക്
നേരത്തെ കണ്ണൂരില്‍ നടന്ന ചേരിമാറാലിന്റെ തനിയാവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആലപ്പുഴയില്‍ സംഭവിക്കുന്നത്. സി പി എം പാര്‍ടി ഗ്രാമമായ തളിപ്പറമ്പ് മാന്ധംകുണ്ടില്‍ നിന്നും തളിപ്പറമ്പ് നഗരസഭാ മുന്‍ വൈസ് ചെയര്‍മാനായ കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ അന്‍പതിലേറെ പാര്‍ടി പ്രവര്‍ത്തകരാണ് സി പി എം വിട്ടത്. കോമത്ത് മുരളീധരന്‍ ഇപ്പോള്‍ സി പി ഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗമാണ്.
സി പി ഐ അഴിതി ആരോപണത്തിന്റെ ഭാഗമായി പുറത്താക്കിയ പുല്ലായിക്കൊടി ചന്ദ്രനെന്ന മണ്ഡലം ഭാരവാഹിയെ സി പി എം ഇരുകൈ നീട്ടി സ്വീകരിച്ചതിന്റെ ചൊരുക്ക് തീര്‍ക്കാനാണ് കോമത്തിനെയും കൂട്ടരെയും ഇരു കൈയ്യും നീട്ടി സി പി ഐ സ്വീകരിച്ചത്. എന്നാല്‍ പാര്‍ടി ഗ്രാമങ്ങളായ കീഴാറ്റൂരും മാന്ധംകുണ്ടിലും കോമത്തിന്റെ നേതൃത്വത്തില്‍ പാര്‍ടി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ അതിനെ കായികപരമായി അടിച്ചമര്‍ത്താനാണ് സി പി എം തുനിഞ്ഞത്.
സി പി ഐ കൊടിമരങ്ങളും പതാകകളും വ്യാപകമായി നശിപ്പിച്ചതോടെ പാര്‍ടി പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ ഏറ്റുമുട്ടലുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് 'ബി ജെ പിയെ പുറത്താക്കൂ, ഇന്‍ഡ്യയെ രക്ഷിക്കൂവെന്ന' മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ കാല്‍നട പ്രചരണജാഥ നടത്തിയ കോമത്ത് മുരളീധരനെയും കൂട്ടരെയും കായികപരമായി സി പി എം പ്രവര്‍ത്തകര്‍ മാന്ധംകുണ്ടില്‍ നേരിട്ടത്.
ഇതേ സമീപനം തന്നെയാണ് കൂത്തുപറമ്പ് മാനന്തേരിയിലും മറ്റും സി പി ഐ കാല്‍നട പ്രചരണ ജാഥയ്ക്കു നേരിട്ടത്. ഇപ്പോള്‍ കണ്ണൂരിലെ സി പി എം ഗ്രാമങ്ങളില്‍ സി പി ഐക്കാര്‍ക്ക് കടുത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. ഇതോടെ ഒരേ മുന്നണിയിലിരിക്കുമ്പോഴും മാനസികമായി അകന്നിരിക്കുകയാണ് ഇരുപാര്‍ടികളിലെയും പ്രവര്‍ത്തകര്‍.
പാര്‍ടി നേതാക്കളുടെ വലതുപക്ഷ വ്യതിയാനവും ഏകാധിപത്യ ശൈലിയും കാരണം അതൃപ്തരായ സി പി എം പ്രവര്‍ത്തകരും നേതാക്കളും ഇനിയും കൂടുതലായി തങ്ങളുടെ പാര്‍ടിയിലേക്ക് കടന്നുവരുമെന്നാണ് സി പി ഐയുടെ പ്രതീക്ഷ. കുട്ടനാടന്‍ ഇഫക്റ്റ് കേരളം മുഴുവന്‍ പടരുമ്പോള്‍ ഗുണഭോക്താക്കളാകാന്‍ ശ്രമിക്കുകയാണ് സി പി ഐ. എന്നാല്‍ ഇതിന് കനത്തവില തന്നെ കൊടുക്കേണ്ടി വരുമെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കാസര്‍കോട് ജില്ലയിലെ പെരുമ്പളയില്‍ ആധിപത്യ മത്സരത്തിനിടെ സി പി ഐക്കാരുടെ നിരവധി വീടുകളാണ് തകര്‍ക്കപ്പെട്ടത്. ഇതുമറ്റിടങ്ങളിലും ആവര്‍ത്തിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.