Follow KVARTHA on Google news Follow Us!
ad

Karuvannur | നേതാക്കള്‍ 'കട്ടുമുടിച്ചതിന്റെ' ബാധ്യത ജനങ്ങള്‍ ഏറ്റെടുക്കണോ? കരുവന്നൂരില്‍ ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാന്‍ സിപിഎം

ഇ ഡിയെ ഉപയോഗിച്ചുളള വേട്ടയുടെ ഭാഗമാണെന്ന് പാർടി CPM, Karuvannur, Bank, കേരള വാർത്തകൾ, Politics
/ ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA) കരുവന്നൂര്‍ സഹകരണ ബാങ്ക് കേസിൽ സിപിഎം നടത്തുന്ന പ്രതിരോധങ്ങള്‍ പാര്‍ടിയുടെ ആണിക്കല്ലുതന്നെ ഇളക്കാന്‍ കാരണമാകുമെന്ന വിലയിരുത്തല്‍ ശക്തമാകുന്നു. പാര്‍ടിയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത പ്രതിസന്ധിയിലാണ് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിയിട്ടുളളതെന്ന് സംസ്ഥാന നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുമ്പോള്‍ സഹകരണബാങ്കുകളെ തകര്‍ക്കാന്‍ ബിജെപി സര്‍കാര്‍ പാര്‍ടി നേതാക്കളെ വേട്ടയാടുന്നുവെന്ന വായ്ത്താരി മുഴക്കി എത്രകാലംപിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നതാണ് ചോദ്യം. വളരെ ലളിതമായ ചോദ്യത്തിനുളള നേര്‍ ഉത്തരങ്ങളാണ് കരുവന്നൂരിലെ നിക്ഷേപകര്‍ക്കു വേണ്ടത്. പണം എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ഇ ഡിയുടെതു മാത്രമല്ല, സഹകരണവകുപ്പിന്റെ അന്വേഷണത്തിലും വ്യക്തമാണ്. എന്നാല്‍ അതെങ്ങനെ തിരിച്ചുകൊടുക്കുമെന്നതാണ് ഇപ്പോഴുളള വിഷയം.

News, Kannur, Kerala, CPM, Karuvannur, Bank, Politics, Raid, Arrest, Investigation, CPM in crisis in Karuvannur case.

നിക്ഷേപകര്‍ക്ക് ഒരു ചില്ലിക്കാശുപോലും നഷ്ടപ്പെടില്ലെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും ഇതുവരെ നടപ്പിലായിട്ടില്ല. പാര്‍ടി സംസ്ഥാന സെക്രടറി എം വി ഗോവിന്ദനാകാട്ടെ മറ്റൊരു ഫോര്‍മുലയാണ് മുന്‍പോട്ടുവയ്ക്കുന്നത്. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ചുകൊണ്ടു വീടുവീടാന്തരംകയറി കാര്യങ്ങളുടെ നിജസ്ഥിതി നിക്ഷേപകരെ ബോധ്യപ്പെടുത്തുമെന്നും ആരുടെയും പണം നഷ്ടമാവില്ലെന്നു പാര്‍ടി ഗ്യാരണ്ടി നല്‍കുമെന്നാണ് അദ്ദേഹം കഴിഞ്ഞ കുറച്ചു നാളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. മുന്നൂറുകോടിക്കു മുകളില്‍ സാമ്പത്തിക തിരിമറി നടന്ന കരുവന്നൂര്‍ ബാങ്കില്‍ നടന്ന വെട്ടിപ്പിന്റെ വ്യാപ്തി അതിനു മുകളിലേക്ക് പോകുന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ ഗീര്‍വാണം മുഴക്കുന്നതെന്നു ഓര്‍ക്കണം.

ഓരോ ദിവസം അളിഞ്ഞുകൊണ്ടിരിക്കുന്ന വാര്‍ത്തകളും വിവാദങ്ങളുമാണ് കരുവന്നൂരിനെ ചുറ്റിപറ്റി ഉയരുന്നത്. പതിനാലുവര്‍ഷം മുന്‍പെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ പോലും ഇപ്പോള്‍ വെളിച്ചത്ത്‌ വന്നിരിക്കുകയാണ്. ഈ വിഷയം എത്രയും പെട്ടെന്ന് പരിഹരിച്ചു സഹകരണ മേഖലയ്‌ക്കേറ്റ കറുത്ത പാട് പരിഹരിക്കുന്നതിനു പകരം രാഷ്ട്രീയ ധാര്‍ഷ്ട്യം കൊണ്ടു മുന്‍പോട്ടുപോയാല്‍ നഷ്ടം സിപിഎമിന് മാത്രമായിരിക്കുമെന്ന വിവേകം പാര്‍ടി നേതൃത്വം ഇതുവരെ കാണിച്ചിട്ടില്ല

കേന്ദ്ര വേട്ടയെന്ന പൊയ്‌വെടി

പാര്‍ടി നേതാക്കളെ ചോദ്യം ചെയ്യുന്നതും അറസ്റ്റു ചെയ്യുന്നതും കേന്ദ്രസര്‍കാര്‍ ഇ ഡിയെ ഉപയോഗിച്ചുളള വേട്ടയുടെ ഭാഗമാണെന്ന് സിപിഎം പറയുമ്പോള്‍ അതിന് വസ്തുതകളുടെ പിന്‍ബലം തീരെയില്ലെന്നാണ്‌ വസ്തുത. ബാങ്ക് ഡയറക്ടര്‍മാരിലൊരാളായ പി ആര്‍ അരവിന്ദാക്ഷന്‍ തന്നെ ഇ ഡി മര്‍ദിച്ചതായി പുറത്തു പറഞ്ഞതിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് ഇ ഡി അറസ്റ്റു ചെയ്തതെന്ന വാദമാണ് പാര്‍ടി സംസ്ഥാന സെക്രടറി കണ്ണൂരിലും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇ ഡിക്കെതിരെ പൊലീസില്‍ അരവിന്ദാക്ഷന്‍ പരാതി നല്‍കിയെങ്കിലും ഇതുവരെകേസെടുക്കാന്‍ പോലും പൊലീസിന് തെളിവുലഭിച്ചിട്ടില്ല. ഒന്നുകില്‍ മര്‍ദനമേറ്റ പാടുകള്‍ വേണം, അല്ലെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ ഇതുസംബന്ധിച്ചു കിട്ടണം.

ഇതൊന്നുമില്ലാതെ എങ്ങനെ കേസെടുക്കുമെന്നാണ് പൊലീസില്‍ നിന്നുതന്നെ ഉയരുന്നു ചോദ്യം. ചുറ്റും സിസിടിവി കാമറകളാല്‍ വലയം ചെയ്യപ്പെട്ട കൊച്ചിയിലെ ഓഫീസില്‍ നിന്നാണ് ഇ ഡി ചോദ്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ റബര്‍ സ്റ്റിക് കൊണ്ടു മര്‍ദിച്ചുവെന്ന അരവിന്ദാക്ഷന്റെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. എന്നാല്‍ അരവിന്ദാക്ഷനെതിരെ കൃത്യമായി തെളിവുകളുണ്ടെന്നാണ് ഇ ഡി പറയുന്നത്. അരവിന്ദാക്ഷന് കരുവന്നൂരില്‍ അന്‍പതുലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപവും ബിനാമി സ്വത്തുക്കളുമുണ്ടെന്നാണ് ഇ ഡി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ്‌ റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ഇയാളുടെ കൂടെ അറസ്റ്റിലായ കരുവന്നൂര്‍ ബാങ്കിലെ മുന്‍ അകൗണ്ടന്റ് സി കെ ജില്‍സ് സ്വന്തം പേരിലും ബിനാമികളുടെ പേരിലും അഞ്ചുകോടിയിലേറെ തട്ടിയെടുത്തുവെന്നാണ് ഇ ഡി റിപോര്‍ടില്‍ പറയുന്നത്. വടക്കാഞ്ചേരി നഗരസഭയിലെ കൗണ്‍സിലറായ അരവിന്ദാക്ഷന്‍ നേരത്തെ ടാക്‌സി ഡ്രൈവറായിരുന്നു. ദരിദ്രപശ്ചാത്തലുമുളള ഇയാള്‍ എങ്ങനെ അതിവേഗം സമ്പന്നനായി എന്ന ചോദ്യത്തിന് ആരും മറുപടി പറയുന്നുമില്ല. ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുളളയാളാണ് അരവിന്ദാക്ഷനെന്ന് ഇ ഡി റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതു എ സി മൊയ്തീനിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

കട്ടുമുടിച്ചതിന്റെ ബാധ്യത ജനങ്ങളുടെ ചുമിലിലേക്കോ?

കരുവന്നൂര്‍ സഹകരണ ബാങ്ക്തകര്‍ന്നുവെന്നു സ്വയം വിലയിരുത്തി ലിക്വിഡേഷന്‍ നടപടികളുമായി മുന്‍പോട്ടു പോകാതെ വര്‍ഷങ്ങള്‍ക്കു മുന്‍പ് സാമ്പത്തിക അരാജകത്വം കൊരണം തകര്‍ന്ന റബ്‌കോയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍കാര്‍ ഖജനാവില്‍ നിന്നും 200 കോടി നല്‍കിയതു പോലെ കരുവന്നൂര്‍ ബാങ്കിന്റെ സാമ്പത്തിക ബാധ്യതയും സര്‍കാര്‍ ഏറ്റെടുക്കുന്നതിനുളള കരുനീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നാണ് ആരോപണം. ആരൊക്കെയോ കട്ടുമുടിച്ചതിന്റെ പാപഭാരം ജനങ്ങള്‍ ഏറ്റെടുക്കണമെന്ന വാദം പലയിടങ്ങളിലും പാര്‍ടിയും സര്‍കാരും പറയാതെ പറയുന്നുണ്ട്. എന്നാല്‍ ഇതു നിയമകുരുക്കിലേക്ക് നീങ്ങുമെന്ന ആശങ്കയും സര്‍കാരിനുണ്ട്.

സഹകരണ മേഖലയെ സംരക്ഷിക്കണമെന്ന വാദം ഉയര്‍ത്തുമ്പോള്‍ തന്നെ നിക്ഷേപകര്‍ക്കു പണം കൊടുക്കാനുളള വഴികള്‍ തേടുകയാണ് സര്‍കാര്‍ ചെയ്യേണ്ടത്. അല്ലാതെ കാലിയായ ഖജനാവില്‍ നിന്നും വീണ്ടും പണം നല്‍കി കട്ടുമുടിച്ച സ്ഥാപനത്തിനെ സംരക്ഷിക്കുകയല്ല വേണ്ടത്. അല്‍പമെങ്കിലും മര്യാദയുണ്ടെങ്കിലും 500 കോടിയിലേറെ മൂലധനമുളള കരുവന്നൂര്‍ ബാങ്കിന്റെ ആസ്തികള്‍ ലിക്വിഡേറ്റ് ചെയ്തു നിക്ഷേപകര്‍ക്ക് അതിവേഗം പണം തിരിച്ചു നല്‍കാനുളള നടപടിയാണ്‌ സ്വീകരിക്കേണ്ടതെന്ന വാദം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

കരുവന്നൂരിലെ നിക്ഷേപകരില്‍ തങ്ങളുടെ ജീവിതസമ്പാദ്യം നഷ്ടപ്പെട്ട ആറുപേര്‍ ഇതുവരെ മരിച്ചു കഴിഞ്ഞു. ഇതില്‍ മൂന്നു പേര്‍ ജീവനൊടുക്കുകയാണ് ചെയ്തതെന്നാണ് പറയുന്നത്. ആദ്യമായി പരാതി ഉന്നയിച്ച ഒരാള്‍ ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്. നൂറുകണക്കിന് നിക്ഷേപകര്‍ ചികിത്സ കിട്ടാതെ വലയുകയാണ്. നിത്യ ചിലവുകള്‍ പോലും നടത്താന്‍ കഴിയാത്ത ഇവരുടെ മുഖത്തു നോക്കിയാണ് ഞങ്ങള്‍ പരിഹരിക്കും ഒരു ചില്ലിക്കാശുപോലും നഷ്ടപ്പെടില്ലെന്ന ഗീര്‍വാണും മുഖ്യമന്ത്രിയും പാർടി സെക്രടറിയും മുഴക്കുന്നത്.

സതീഷുമായുളള ബന്ധവും കെണിയാകുന്നു

കരുവന്നൂര്‍ കേസിൽ സിപിഎം നേതാക്കളെ സംശയമുനയിലാക്കുന്നത് നേരത്തെ ഇ ഡി അറസ്റ്റു ചെയ്ത കണ്ണൂര്‍ സ്വദേശി സതീഷുമായുളള ബന്ധമാണ്. ഇയാള്‍ സിപിഎം നേതാക്കളെ ഉപയോഗിച്ചു കോടിക്കണക്കിന്‌ രൂപയുടെ കളളപ്പണം വെളുപ്പിച്ചുവെന്നും നിരവധി ബിനാമി ഇടപാടുകള്‍ നടത്തിയെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍. എ സി മൊയ്തീന്‍ എംഎല്‍എ, സംസ്ഥാന കമിറ്റി അംഗം എം കെ കണ്ണന്‍, തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ്‌ ഡേവിസ്‌ കാട എന്നിവരാണ് അവിശുദ്ധബന്ധത്തിന്റെ പേരില്‍ ഇ ഡിയുടെ സംശയ നിഴലിലായിരിക്കുന്നത്. പാര്‍ടി സംസ്ഥാന സെക്രടറിയേറ്റംഗം പി കെ ബിജു, കേന്ദ്രകമിറ്റിയംഗം ഇ പി ജയരാജന്‍ തുടങ്ങിയ ഉന്നത നേതാക്കള്‍ക്കും സതീഷുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

തൃശൂര്‍ സഹകരണ ബാങ്ക്‌ സെക്രടറി എന്‍ ബി ബിനു, കരുവന്നൂര്‍ ബാങ്ക് മുന്‍ അകൗണ്ടന്റ് ജില്‍സ്, മുഖ്യപ്രതി സതീഷ്‌കുമാറിന്റെ ഭാര്യ ബിന്ദു, സതീഷിന്റെ സഹായി ജിജോര്‍, കരുവന്നൂര്‍ ബാങ്കിലെ മുന്‍ജീവനക്കാരന്‍ പിപി കിരണ്‍ എന്നിവരാണ്‌ ചോദ്യം ചെയ്യലിനായി ഇ ഡിക്ക് മുന്‍പില്‍ ഹാജരായ മറ്റുളളവര്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ സതീഷ് ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് തൃശൂരിലേക്ക്‌ ജോലി തേടി പോയതാണ്. ഒരു ബാഗ്‌ നിര്‍മാണ കംപനിയിലെ ജീവനക്കാരാനായ ഇയാളുടെ വളര്‍ച്ച സിപിഎം നേതാക്കളുമായുളള അടുപ്പത്തില്‍ നിന്നുണ്ടായ പിന്‍തുണയിലാണെന്നാണ് ആരോപണം.

പാര്‍ടി വിഭാഗീയതയുടെ കാലത്ത് ഇ പി ജയരാജന്‍ ജില്ലാ സെക്രടറിയായിരുന്ന തൃശൂര്‍ ജില്ലയില്‍ ഇ പിയുടെ അതീവ വിശ്വസ്തരിലൊരാളായിരുന്നു സതീഷ്. ഇ പിക്ക് മട്ടന്നൂരില്‍ മത്സരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് തുക സ്‌പോണ്‍സര്‍ ചെയ്തതും ഇയാളാണെന്നു അന്നേ പാര്‍ടിക്കുളളില്‍ സംസാരവിഷയമായിരുന്നു. പിന്നീട് മട്ടന്നൂരില്‍ മത്സരിച്ച കെ കെ ശൈലജയുടെ തിരഞ്ഞെടുപ്പു വിജയത്തിനായും സതീഷ് പണമൊഴുക്കിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

കണ്ണൂരിലെ വിവിധ സഹകരണ ബാങ്കുകളില്‍ സതീഷിനും ഭാര്യയ്ക്കും നിക്ഷേപമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന്‌ സെപ്തംബര്‍ ആദ്യവാരം ഇ ഡി റെയ്ഡു നടത്തി രേഖകള്‍ പിടികൂടിയിരുന്നു. കരുവന്നൂരില്‍ നടന്ന സംഘടിത കൊളളയുടെ സൂത്രധാരന്‍ വട്ടിപലിശയ്ക്കാരനായ സതീഷാണെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. അതുകൊണ്ടു തന്നെയാണ് അതിവേഗം ഇയാളെ അറസ്റ്റു ചെയ്തത്. കരുവന്നൂര്‍ കേസിൽ ഇ ഡികൂടുതല്‍ വലവിരിക്കുമ്പോള്‍ ആരൊക്കെ കുടുങ്ങുമെന്ന ചോദ്യം സിപിഎമില്‍ ആശങ്കയായി വളര്‍ന്നിട്ടുണ്ട്. പാര്‍ടിയുടെ സര്‍വനാശത്തിനിടയാക്കുന്ന വിധത്തില്‍ കരുവന്നൂര്‍ മാറുമോയെന്ന അശുഭകരമായ വിലയിരുത്തലും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

Keywords: News, Kannur, Kerala, CPM, Karuvannur, Bank, Politics, Raid, Arrest, Investigation, CPM in crisis in Karuvannur case.
< !- START disable copy paste -->

Post a Comment