Follow KVARTHA on Google news Follow Us!
ad

Police Case | ഹരിയാന സ്വദേശിനിയെ കുമളിയിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിന്റെ ഗൂഢാലോചന പുറത്ത്; പിന്നിൽ വിചിത്രമായ സംഭവങ്ങൾ; നടന്നത് ഇങ്ങനെ

പ്രതികളെ വഴിവിട്ട് സഹായിച്ചുവെന്നതിന് പീരുമേട് ഡിവൈഎസ്പിയെ സസ്‌പെൻഡ് ചെയ്തിരുന്നു Peerumedu, Idukki, Kottayam, Police, കേരള വാർത്തകൾ
/ അജോ കുറ്റിക്കൻ

ഇടുക്കി: (KVARTHA) ഹരിയാന സ്വദേശിനിയെ തേക്കടിയിലെ റിസോർടിൽ എത്തിച്ച് പീഡിപ്പിച്ചെന്ന കേസിലെ പ്രതികളെ വഴിവിട്ട് സഹായിച്ചുവെന്നതിന്റെ പേരിൽ പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസ് സസ്പെൻഷനിലായതിന് പിന്നാലെ കേസിലെ ഗൂഢാലോചനയും പുറത്തുവന്നു. കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിലെ വസ്ത്ര വ്യാപാരിയുടെ മകന്റെ ഭാര്യയെ പ്രണയിച്ച് കടത്തിക്കൊണ്ടു പോയതിലെ വിരോധം തീർക്കുന്നതിനായാണ് കോട്ടയം ജില്ലക്കാരനെയും സഹായിയെയും കേസിൽ കുടുക്കിയതെന്നാണ് പറയുന്നത്.

News, Kerala,Idukki, Peerumedu, Idukki, Kottayam, Police,  Conspiracy in case of assaulting native of Haryana is also out.

വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ: 'വസ്ത്ര വ്യാപാരിയുടെ മകനും കോട്ടയം സ്വദേശിയും അടുത്ത സുഹൃത്തുക്കളും റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളികളുമായിരുന്നു. കോട്ടയം സ്വദേശിയുടെ സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി വന്നിരുന്നത്. ഇതിനിടയിലാണ് കോട്ടയം സ്വദേശി ഹരിയാന സ്വദേശിനിയുമായി സാമൂഹ്യ മാധ്യമം വഴി അടുപ്പത്തിലാകുന്നത്.സൗഹൃദം പ്രണയമായി വളർന്നതോടെ യുവതി കുമളിയിൽ എത്തി ഇയാൾക്കൊപ്പം താമസം തുടങ്ങി. ആറു മാസത്തോളം ഇവർ കുമളിയിലെ പല റിസോർടുകളിലായി മാറി മാറി താമസിച്ചിരുന്നു. ഇതിനിടയിൽ ഇരുവരും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായതോടെ യുവതി നാട്ടിലേക്ക് മടങ്ങി.

ഇതിനിടയിൽ യുവതിയുടെ സ്വർണവും പണവും കോട്ടയം സ്വദേശി കൈവശപ്പെടുത്തിയിരുന്നതായി പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് പരാതികളുണ്ടായിരുന്നില്ല. വ്യാപാരിയുടെ മകനും ഭാര്യയ്ക്കും ഹരിയാന സ്വദേശിനിയും കോട്ടയം സ്വദേശിയുമായുള്ള ബന്ധം അറിയാമായിരുന്നു. പലപ്പോഴും ഇവർ ഒന്നിച്ചായിരുന്നു ഉല്ലാസ യാത്രകൾ നടത്തിയിരുന്നതും.

ഹരിയാന സ്വദേശിനി പോയതോടെ കോട്ടയം സ്വദേശി വ്യാപാരിയുടെ മകൻ താമസിക്കുന്ന അപാർട്മെന്റിൽ വീട് വാടകയ്ക്ക് എടുത്ത് താമസം മാറ്റി. ഇതിനിടയിൽ വ്യാപാരിയുടെ മകൻ വിദേശത്തേക്ക് പോയി. സുഹൃത്ത് വിദേശത്തേക്ക് പോയതോടെ ഇയാളുടെ ഭാര്യയുമായി കോട്ടയം സ്വദേശി അടുപ്പത്തിലായി. വിവരം അറിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയ ഇയാൾ കോട്ടയം സ്വദേശിയുമായുള്ള ബന്ധത്തെ ചൊല്ലി അല്ലറ ചില്ലറ പ്രശ്നങ്ങളുണ്ടാക്കി. യുവതിയിൽ അറിയിച്ചതനുസരിച്ച് കോട്ടയം സ്വദേശി യുവതിയെയും കൂട്ടി നാടുവിട്ടു.

തനിക്ക് ഭാര്യയുമായി പ്രശ്നങ്ങളില്ലെന്നും അവരെ മടക്കി അയക്കണമെന്നും പല തവണ ആവശ്യപ്പെട്ടിട്ടും യുവതിയെ ഉപേക്ഷിക്കാൻ കൂട്ടാക്കിയില്ല. ഇതിൽ രോക്ഷാകുലരായ വ്യാപാരിയും മകനും ബന്ധുവായ മധ്യതിരുവിതാംകൂറിലെ പൊലീസ് ഉന്നതനെ സമീപിക്കുകയായിരുന്നു. ഉന്നതൻ കോട്ടയം സ്വദേശിയുമായി സംസാരിച്ച് പ്രശ്നപരിഹരത്തിന് ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. ഇതോടെയാണ് കൂടെ നിന്ന് പണി തന്നെ കോട്ടയം സ്വദേശിക്കായി പീഡന പരാതി ആസൂത്രണം ചെയ്തത്. തുടർന്ന് ഹരിയാന സ്വദേശിനിയെ സമീപിക്കുകയായിരുന്നു. വ്യാപാരിയുടെയും ഉന്നതന്റെയും ഇടപെടലോടെയാണ് യുവതി സ്റ്റേഷനിൽ എത്തി പരാതി എഴുതി നൽകിയത്.

പരാതി ലഭിച്ച ഉടൻ തന്നെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നുവെന്നാണ് വിവരം. ഹരിയാന സ്വദേശിനി കുമളിയിൽ നിന്നും പോയി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പരാതിയുമായി എത്തിയതത്രെ. തനിക്കെതിരെ ഹരിയാന സ്വദേശിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത വിവരം മണത്തറിഞ്ഞ കോട്ടയം സ്വദേശി ചില മധ്യസ്ഥരുടെ സഹായത്തോടെ പീരുമേട് ഡിവൈഎസ്പിയെ സമീപിക്കുകയായിരുന്നു. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഡിവൈഎസ്പിയിൽ നിന്നും ഉറപ്പ് ലഭിച്ചതോടെ പ്രതികൾ നാട്ടിൽ കഴിയവെയാണ് ഉന്നതൻ പിടിമുറുക്കിയത്. മുകളിൽ നിന്നുള്ള ഇടപെടലുകളുണ്ടായതോടെ സമ്മർദത്തിലായ കുമളി പൊലീസ് പ്രതികളുടെ വീടുകളിൽ എത്തി. വിവരം അറിഞ്ഞ ഡിവൈഎസ്പി തല്ക്കാലം അറസ്റ്റ് വേണ്ടെന്ന് നിർദേശിച്ചതോടെ പ്രതികളുടെ മൊബൈൽ ഫോണും ലാപ്ടോപും കസ്റ്റഡിയിൽ എടുത്ത് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലം കാലിയാക്കി.

പൊലീസ് സംഘം മടങ്ങിയതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. പ്രതികൾ നാടുവിട്ട കാര്യം അറിഞ്ഞ ഉന്നതൻ വീണ്ടും മറ്റു ഉദ്യോഗസ്ഥരുമായി ബന്ധപ്പട്ടതോടെ അന്വേഷണം വീണ്ടും ഊർജ്ജിതമാകുകയായിരുന്നു. ഒടുവിൽ ഡെൽഹിയിൽ നിന്നുമാണ് പ്രതികൾ അറസ്റ്റിലായത്. കോട്ടയം സ്വദേശി മാത്രമായിരുന്നു കേസിൽ ഉൾപ്പെട്ടിരുന്നതെങ്കിലും ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനെ കൂടി കേസിൽ ഉൾപ്പെടുത്തിയതിന് പിന്നിൽ ഉന്നതന്റെ ഇടപെടലുകളാണെന്നും ആരോപണമുണ്ട്. സഹായിയെ പ്രതിയാക്കിയതിന് പിന്നിൽ യഥാർഥ സംഭവങ്ങൾ പുറത്ത് വരാതിരിക്കുന്നതിന്റെ ഭാഗമാണെന്നും പറയുന്നു.

നിലവിൽ റിമാൻഡിലാണ് കോട്ടയം സ്വദേശിയും സഹായിയായിയും. ഇവർ ജാമ്യം നേടി പുറത്തിറങ്ങാതിരിക്കുന്നതിനായി വേഗത്തിൽ കുറ്റപത്രവും സമർപ്പിച്ചതായാണ് അറിയുന്നത്. അങ്ങനെയെങ്കിൽ കേസിന്റെ വിചാരണ പൂർത്തിയാക്കിയാലെ ഇനി ഇരുവർക്കും പുറത്തിറങ്ങാനാവൂ. കേസിൽ ശിക്ഷിച്ചാൽ ജയിലിൽ തന്നെ തുടരുകയും വേണം. മുഖ്യപ്രതിയുടെ ബന്ധുക്കളുടെ ആവശ്യ പ്രകാരം ചിലർ പ്രതികളെ ജയിലിൽ സന്ദർശിച്ചിരുന്നു. കൂടി കാഴ്ചയ്ക്ക് ശേഷം ജയിൽ വിട്ടിറങ്ങിയ കാണാനെത്തിയവരെ ചിലർ ഫോണിൽ വിളിച്ച് ഭീക്ഷണിപ്പെടുത്തിയതായും പറയുന്നു.

അതേസമയം ഹരിയാന സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥർക്ക് എതിരെകൂടി നടപടിയുണ്ടാകും. ഉപ്പുതറ എസ് എച് ഒ ഇ ബാബു, മുല്ലപ്പെരിയാർ എസ് എച് ഒ ടി ഡി.സുനിൽകുമാർ എന്നിവർക്കെതിരെയാണ് സംസ്ഥാന പൊലീസ് മേധാവി നടപടിക്ക് ശുപാർശ ചെയ്തത്.

Keywords: News, Kerala,Idukki, Peerumedu, Idukki, Kottayam, Police,  Conspiracy in case of assaulting native of Haryana is also out.
< !- START disable copy paste -->

Post a Comment