കണ്ണൂര്‍: (www.kvartha.com) അലോപതി ചികിത്സയുടെ പേരില്‍ രാജ്യത്ത് നടക്കുന്നത് ആശുപത്രികളുടെയും മരുന്ന് മാഫിയയുടെയും വ്യാപാരചൂഷണമാണെന്ന് ജനാരോഗ്യ പ്രസ്ഥാനം ചെയര്‍മാന്‍ ഡോ. ജേകബ് വടക്കന്‍ചേരി ആരോപിച്ചു. ചികിത്സകരുടെ തകരാറുകള്‍ കൊണ്ട് അപകടത്തിലാകുകയും മരിക്കുകയും ചെയ്യുന്ന രോഗികളുടെ സുരക്ഷയ്ക്കുവേണ്ടി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച പേഷ്യന്റ് സേഫ്റ്റി ഡേ സെപ്തംബര്‍ 17 ന് ആചരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂര്‍ പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രിയിലേയ്ക്ക് പോകുന്ന പത്ത് രോഗികളില്‍ നാലുപേര്‍ക്കും ചികിത്സാ പിഴവുകളുടെ ദോഷഫലങ്ങളാണ് കിട്ടുന്നതെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലില്‍ നിന്നാണ് ചികിത്സാ പിഴവുകളില്‍ നിന്നും രോഗികളെ രക്ഷിക്കാന്‍ സേഫ്റ്റി ഡേ ആചരിക്കാന്‍ ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ നാലുവര്‍ഷങ്ങളായി ലോകാരോഗ്യസംഘടന പേഷ്യന്റ് സേഫ്റ്റി ഡേയായി സെപ്തംബര്‍17 ന് ആചരിക്കുന്നുണ്ടെങ്കിലും കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകള്‍ ഇക്കാര്യം ജനങ്ങളെ അറിയിക്കാനും വേണ്ടവിധത്തില്‍ ആചരിക്കാനും തയ്യാറായിട്ടില്ല.
മരുന്നുകളുടെ ദോഷഫലങ്ങള്‍, മരുന്ന് നല്‍കുന്നതിലെ അപാകതകള്‍, രോഗ നിര്‍ണയത്തിലെയും ലാബ് ടെസ്റ്റുകളുടെയും അപാകതകള്‍, രോഗികളെ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധ എന്നിവ കൊണ്ട് ഓരോ വര്‍ഷവും 1340 ലക്ഷം പേര്‍ക്കാണ് ചികിത്സയുടെ പിഴവുകള്‍ മൂലമുള്ള ഗതികേടുകള്‍ ഉണ്ടാകുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ചികിത്സാപിഴവുകളെ കുറിച്ച് ഗൗരപൂര്‍വം പഠിക്കുകയും രോഗികളുടെ സുരക്ഷയ്ക്ക് കര്‍ശനമായ നിയമം കൊണ്ടുവരികയും ചെയ്യണമെന്നും ഡോ. ജേക്കബ് വടക്കന്‍ചേരി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ടിപിആര്‍ നാഥ് പങ്കെടുത്തു.
Keywords: Kannur News, Kerala News, Health News, Patient Safety Day, Malayalam News, Kannur Press Club, 'Commercial exploitation going on name of allopathy, the government should observe Patient Safety Day:' Dr Jacob Vadakkanchery.