Follow KVARTHA on Google news Follow Us!
ad

Nipah | 'നിപ വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല'; രണ്ടാം തരംഗ സാധ്യത പൂര്‍ണമായും തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി; 'നേരിടാന്‍ കേരളം എല്ലാ രീതിയിലും സജ്ജം'; എന്ത് കൊണ്ട് വീണ്ടും കോഴിക്കോട് രോഗബാധയുണ്ടായി എന്നതില്‍ കേരളം പഠനം നടത്തും

'വ്യാപനം തടയാന്‍ ശാസ്ത്രീയമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്' Nipha, Health, Pinarayi Vijayan, Govt Scheme, welfare schemes, കേരള വാര്‍ത്തകള്‍,
തിരുവനന്തപുരം: (www.kvartha.com) നിപ വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും രണ്ടാം തരംഗ സാധ്യത തള്ളിക്കളയാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിപയെ നേരിടാന്‍ കേരളം എല്ലാ രീതിയിലും സജ്ജമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിപ ഭീഷണി ഒഴിഞ്ഞുപോയതായി പറയാനാവില്ല. കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. വ്യാപനം തടയുന്നതിനും രോഗബാധിതരായവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനും ഫലപ്രദമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യസംവിധാനവും നിതാന്ത ജാഗ്രതയോടെ ഈ ഉദ്യമത്തില്‍ പങ്കാളികളാണ്. കോഴിക്കോട് ജില്ലയിലും സമീപത്തെ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലും നിപ വ്യാപനം തടയാന്‍ ശാസ്ത്രീയമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
     
Pinarayi Vijayan

തുടക്കത്തില്‍തന്നെ കണ്ടെത്താനായതുകൊണ്ടാണ് കൂടുതല്‍ അപകടകരമായ സാഹചര്യം ഒഴിവായത്. അസ്വാഭാവികമായ പനി ശ്രദ്ധയില്‍പെട്ടയുടനെ സര്‍ക്കാര്‍ ഇടപെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. നിപ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കുകയും 19 ടീമുകള്‍ ഉള്‍പ്പെട്ട നിപ്പ കോര്‍ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. കോഴിക്കോട് ഗവ: ഗസ്റ്റ് ഹൗസില്‍ നിപ കണ്‍ട്രോള്‍ റൂം സജ്ജമാക്കി. കോള്‍ സെന്റര്‍ തുറന്ന് ആരോഗ്യവകുപ്പിന്റെ 'ദിശ' സേവനവുമായി ബന്ധിപ്പിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ സൗകര്യവും, ഐ.സി.യു വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തി. ആരോഗ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മേഖലയില്‍ നിന്നുള്ള മറ്റ് മന്ത്രിമാരും എം.എല്‍.എ മാരും പഞ്ചായത്ത് പ്രസിഡന്റുമാരും ഈ പ്രവര്‍ത്തനങ്ങളിലാകെ നേതൃത്വപരമായ പങ്കുവഹിച്ചു.

1286 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അവരില്‍ 276 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇതില്‍ 122 പേര്‍ രോഗികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോഗ്യ പ്രവര്‍ത്തകരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 994 പേര്‍ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണമുള്ള 304 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. ഇതില്‍ 267 പേരുടെ പരിശോധനാഫലമാണ് വന്നത്. ആറ് പേരുടെ ഫലമാണ് ഇതില്‍ പോസിറ്റീവ് ആയിട്ടുള്ളത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ 9 പേരാണ് ഐസൊലേഷനിലുള്ളത്. നിപ രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മതിയായ ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. മരുന്നുകളുടെയും, നിപ പ്രതിരോധ സാമഗ്രികളുടെയും ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

ഐസലേഷനിലുള്ളവരെ സഹായിക്കാനായി വോളന്റിയര്‍ സേവനം ലഭ്യമാക്കുന്നുണ്ട്. വാര്‍ഡ് തിരിച്ച് പ്രാദേശികമായി സന്നദ്ധപ്രവര്‍ത്തകരുടെ ടീമിനെ സജ്ജീകരിക്കുകയാണ്. പഞ്ചായത്ത് നിശ്ചയിക്കുന്നവരാണ് വളണ്ടിയര്‍മാര്‍ ആകുന്നത്. പോലീസിന്റെ പ്രത്യേക ശ്രദ്ധയും ഈ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പാക്കുന്നുണ്ട്.
രോഗനിര്‍ണയത്തിനായി കോഴിക്കോടുള്ള മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി ലാബിലും തോന്നക്കലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ലാബിലും തുടര്‍ന്നും പരിശോധന നടത്തും. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട് എന്നാണ് കണക്കാക്കുന്നത്.

നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചിട്ടുണ്ട്. പ്രാഥമിക, ദ്വിതീയ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, ഉല്‍ക്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവരുടെ ബന്ധുക്കള്‍ക്ക് ഉണ്ടാകുന്ന ആശങ്കയും കണക്കിലെടുത്താണ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്. 1193 കോളുകള്‍ കോള്‍ സെന്ററില്‍ ലഭിച്ചു. 1099 പേര്‍ക്ക് മാനസിക പിന്തുണയും കൗണ്‍സിലിംഗും നല്‍കി. ഈ സഞ്ജീവനി ടെലിമെഡിസിന്‍ സേവനവും തുടര്‍ന്നുവരുന്നുണ്ട്.

2018ല്‍ കോഴിക്കോടും 2019ല്‍ എറണാകുളത്തും 2021ല്‍ വീണ്ടും കോഴിക്കോടും നിപ രോഗബാധ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാനത്ത് നിപ രോഗനിര്‍ണ്ണയത്തിനായി ലാബുകള്‍ സജ്ജമാണ്. തോന്നക്കലിലെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയില്‍ നിപ വൈറസ് രോഗം നിര്‍ണ്ണയിക്കാന്‍ സാമ്പിള്‍ പരിശോധനാ സംവിധാനമുണ്ട്. 2021 സെപ്റ്റംബര്‍ മാസം മുതല്‍ കോഴിക്കോട് മെഡിക്കല്‍/ കോളേജിലെ പ്രത്യേകം സജ്ജീകരിച്ച ലാബില്‍ നിപ രോഗ നിര്‍ണ്ണയ പരിശോധന നടന്നുവരുന്നുണ്ട്. ഇതു രണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ളതാണ്.

2018ല്‍ സംസ്ഥാനത്ത് നിപ രോഗബാധ സംബന്ധിച്ച പ്രോട്ടോകോള്‍ പുറത്തിറക്കിയിരുന്നു. 2021 സെപ്റ്റംബറില്‍ ഇത് പരിഷ്‌കരിച്ചു. നിപ ചികില്‍സ, മരുന്നുകള്‍, ഐസൊലേഷന്‍, സാമ്പിള്‍ പരിശോധന തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കുന്നത് ഈ പ്രോട്ടോകോള്‍ പ്രകാരമാണ്. പുതിയ ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ 2023ല്‍ ചെറിയ ചില മാറ്റങ്ങളോടെ 2021ലെ പ്രോട്ടോകോളും ആരോഗ്യവിദഗ്ധ സമിതി പരിഷ്‌കരിച്ചിട്ടുണ്ട്.

2022ല്‍ ആരോഗ്യവകുപ്പ്, വനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ വര്‍ക്ക്‌ഷോപ്പില്‍ സുപ്രധാനങ്ങളായ പരിപാടികള്‍ ആവിഷ്‌കരിച്ചിരുന്നു. വിദഗ്ധര്‍ പങ്കെടുത്ത ഈ വര്‍ക്ക്‌ഷോപ്പിന്റെ അടിസ്ഥാനത്തില്‍ നിപ പ്രതിരോധത്തിനായി കലണ്ടര്‍ തയാറാക്കി കര്‍മ്മപരിപാടി നടപ്പാക്കുകയാണ്. നിപ ഔട്ട്‌ബ്രേക്ക് നിരീക്ഷിക്കാന്‍ സി.ഡി.എം.എസ് പോര്‍ട്ടല്‍ ഇ-ഹെല്‍ത്ത് രൂപീകരിച്ചു. വവ്വാലുകളില്‍ നിന്ന് വൈറസ് ബാധ ഉണ്ടാകാതിരിക്കാനുളള സാമൂഹിക ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്.

നിപയെ പ്രതിരോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടുകൂടിയുളള നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതില്‍ എല്ലാവരുടേയും കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യമാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കുന്നതിനും മാധ്യമങ്ങള്‍ കാണിക്കുന്ന ജാഗ്രതയെ പൊതുവില്‍ പ്രത്യേകം അഭിനന്ദിക്കുകയാണ്. എന്നാല്‍ ചില തെറ്റായ പ്രവണതകളും ഉണ്ടായിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്നതും ഭീതി പടര്‍ത്തുന്നതുമായ വാര്‍ത്തകള്‍ നല്‍കാതിരിക്കാനുള്ള ജാഗ്രത തുടര്‍ന്നും കാണിക്കേണ്ടതുണ്ട്. അതീവ ഗുരുതര പ്രഹരശേഷിയുള്ള വൈറസാണിത്. ഫീല്‍ഡില്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ രോഗബാധയേല്‍ക്കാതിരിക്കാനുള്ള ജാഗ്രത ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരിലും ഉണ്ടാകണം എന്നഭ്യര്‍ത്ഥിക്കുന്നു.

ഇന്ന് നിപ അവലോകന യോഗം ചേര്‍ന്നിരുന്നു. രണ്ടാം തരംഗത്തിനുള്ള സാധ്യത വളരെ കുറവാണെങ്കിലും പുര്‍ണ്ണമായും തള്ളിക്കളയാനാവില്ല എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഐ.സി.എം.ആര്‍ വൈറസ് സീക്വന്‍സി നടത്തിയപ്പോള്‍ 2018നും 2019നും സമാനമായ കാര്യങ്ങളാണ് കണ്ടെത്തിയത്. 36 വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കൂടുതല്‍ വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്.

പൊലീസ് സഹായത്തോടെ ആദ്യത്തെ കേസിന്റെ റൂട്ട് മാപ്പ് എടുത്തിരുന്നു. വീടിന്റെ ചുറ്റുമുള്ള കുറച്ച് സ്ഥലങ്ങള്‍ മാത്രമാണ് അദ്ദേഹം പോയിട്ടുണ്ടായിരുന്നത്. ഈ സ്ഥലത്തെ വവ്വാലുകളുടെ സാമ്പിളുകള്‍ എടുത്ത് പരിശോധനയക്ക് വിധേയമാക്കും. എന്ത് കൊണ്ട് വീണ്ടും കോഴിക്കോട് എന്നതിന് വ്യക്തമായ ഉത്തരം ഐ.സി.എം.ആറും നല്‍കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം സീറോ സര്‍വ്വലന്‍സ് പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വവ്വാലുകളെ സംബന്ധിച്ച് ഐ.സി.എം.ആര്‍ നടത്തിയ പഠനത്തിന്റെ വിവരങ്ങളും നമുക്ക് ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിള്‍ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കല്‍ വൈറളോജി ഇന്‍സ്റ്റിട്ട്യൂട്ടിന്റെ സഹായത്തോടെ നടപ്പാക്കും. വിദ്ധഗ്ധ പാനലിന്റെ നിര്‍ദ്ദേശപ്രകാരം ആദ്യ ഘട്ടത്തില്‍ നിപ കണ്ടെത്തിയ വടകര താലൂക്കിലെ കണ്ടൈന്‍മെന്റ് സോണിലെ കടകള്‍ തുറക്കുന്നത് വൈകീട്ട് അഞ്ച് മണി എന്നത് എട്ട് വരെയാക്കിയിട്ടുണ്ട്. കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം 22-ാം തീയതിക്ക് ശേഷം അന്നത്തെ സാഹചര്യം നോക്കി തീരുമാനിക്കും.

കേരളപിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ ഒരാഴ്ച കേരളീയം എന്ന പേരില്‍ മലയാളത്തിന്റെ മഹോത്സവം സംഘടിപ്പിക്കും. കേരളം ആര്‍ജിച്ച സമസ്ത നേട്ടങ്ങളും സാംസ്‌കാരിക തനിമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. അതിനായി വ്യത്യസ്തമായ പരിപാടികളാണ് ഒരുക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികള്‍ അരങ്ങേറും.

ലോകത്തിലെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തിയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറുകളാണ് കേരളീയത്തിന്റെ പ്രധാന അജണ്ട. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം, ഭാവി കേരളത്തിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാനുമുള്ള ലക്ഷ്യത്തോടെയാണ് ഈ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. 25 അന്താരാഷ്ട്ര സെമിനാറുകളാണ് 5 ദിനങ്ങളിലായി നടത്തുന്നത്. ഇതോടൊപ്പം, കേരളത്തിന്റെ നേട്ടങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന എക്‌സിബിഷനുകള്‍ ഉണ്ടാകും. പത്തോളം പ്രദര്‍ശനങ്ങള്‍ വിവിധ വേദികളിലായി നടത്തും. തലസ്ഥാന നഗരമാകെ ഒരു പ്രദര്‍ശനവേദിയാകുന്ന പ്രതീതിയാണ് സൃഷ്ടിക്കുക.

കലാ, സാംസ്‌കാരിക പരിപാടികള്‍, ട്രേഡ് ഫെയറുകള്‍, ഫ്‌ളവര്‍ ഷോ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ഭക്ഷ്യ സംസ്‌കാരം അവതരിപ്പിക്കുന്ന ഭക്ഷ്യമേളയും ഒരുക്കും. തിരുവനന്തപുരം നഗരത്തെ ദീപാലങ്കൃതമാക്കിയും ചരിത്രസ്മാരകങ്ങളെ അലങ്കരിച്ചും വര്‍ണകാഴ്ച ഒരുക്കും. കേരള നിയമസഭാ മന്ദിരത്തില്‍ കഴിഞ്ഞ തവണ വിജയകരമായി നടത്തിയ പുസ്തകോത്സവം ഇത്തവണ കേരളീയത്തിന്റെ ഭാഗമായാകും സംഘടിപ്പിക്കുന്നത്. നിയമസഭാ മന്ദിരം തന്നെയാണ് വേദി.

കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികള്‍ കേരളീയത്തിന്റെ ഭാഗമാകണം എന്നാണ് ആഗ്രഹിക്കുന്നത്. ഒപ്പം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തിച്ചേരുന്ന ബൃഹത്തായ സംഗമമായി ഇതിനെ മാറ്റണം എന്നാണ് കാണുന്നത്. നമ്മുടെ ടൂറിസത്തിനും ഇത് വലിയ തോതില്‍ ഗുണം ചെയ്യും. കേരളീയത്തിന് തുടര്‍പതിപ്പുകള്‍ ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

ഭൂപതിവ് നിയമം

2021 നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട വേളയില്‍ എല്‍ഡിഎഫ് മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ മുന്നൂറ്റിയെണ്‍പതാമത്തെ ഉറപ്പ് ഇങ്ങനെയായിരുന്നു: 'ഇടുക്കിയില്‍ നിലനില്‍ക്കുന്ന ഭൂപ്രശ്‌നം പരിഹരിക്കുന്നതിന് സജീവമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഇനിയും മുന്നോട്ടുകൊണ്ടുപോകും. ജനങ്ങളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിച്ചും അവരുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയായിരിക്കും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍1964 ലെ ഭൂപതിവ് ചട്ടത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും.'

പ്രകടന പത്രികയില്‍ പറഞ്ഞ ഈ കാര്യം ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. സംസ്ഥാന ചരിത്രത്തിലെ നിര്‍ണ്ണായകമായ നിയമ ഭേദഗതിക്കാണ് സെപ്തംബര്‍ 14ന് കേരള നിയമസഭ വേദിയായത്. ആറു പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് 1960ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഇതോടെ 1964 ലെ ഭൂപതിവ് ചട്ടങ്ങള്‍ക്കും മാറ്റം വരും.

മലയോര മേഖലയിലെ ഭൂമി പ്രശ്‌നത്തെ സര്‍ക്കാര്‍ കണ്ടത് ഭൂമിയുടെ അവകാശത്തെ സംബന്ധിച്ചതായി തന്നെയാണ്. സ്വന്തം ഭൂമിയില്‍ അവകാശമില്ലാതെ കഴിയേണ്ടിവരുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് മലയോരങ്ങളിലുള്ളത്. ഇത് ഇടുക്കിയിലെ മാത്രമല്ല, മലയോര ജില്ലകളിലെ പൊതുപ്രശ്‌നമാണെന്ന് കാണണം. ഈ പശ്ചാത്തലത്തില്‍, കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2023 ലെ 'കേരളാ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) ബില്‍', ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര മേഖലയിലെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാവും.

പതിച്ചു നല്‍കിയ ഭൂമിയില്‍ കൃഷിക്കും വീടിനും പുറമെ സര്‍ക്കാര്‍ അനുമതികളോടെ കാര്‍ഷിക മേഖലയിലെ വാണിജ്യ കേന്ദ്രങ്ങളില്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഒരളവുവരെയുള്ളവ ഇളവനുവദിച്ച് സാധൂകരിക്കുക എന്നതാണ് ഭൂപതിവ് നിയമഭേദഗതിയോടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. സംസ്ഥാന രൂപീകരണത്തിന് മുന്‍പ്, തിരുവിതാംകൂര്‍ കൊച്ചി പ്രദേശത്ത് ഭൂമി പതിച്ചുകൊടുക്കുന്നത് 1950 ലെ തിരുവിതാംകൂര്‍കൊച്ചി ഭൂമി പതിച്ചുകൊടുക്കല്‍ നിയമപ്രകാരമായിരുന്നുവെങ്കില്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറില്‍ അത്തരത്തില്‍ നിയതമായ വ്യവസ്ഥകളുണ്ടായിരുന്നില്ല.

ഇത്തരത്തില്‍ ഭൂമി പതിച്ചുകൊടുക്കുന്നതില്‍ നിലനിന്ന അവ്യക്തതകള്‍ പരിഹരിക്കുന്നതിനുവേണ്ടിയാണ് 1960ല്‍ കേരള ഭൂമി പതിച്ചുകൊടുക്കല്‍ നിയമവും അതിനെ പിന്തുടര്‍ന്ന് 1964 ല്‍ കേരള ഭൂപതിവ് ചട്ടങ്ങളും നിലവില്‍ വന്നത്. ഈ നിയമവും ഭൂപതിവ് ചട്ടങ്ങളും അനുസരിച്ച് കാര്‍ഷിക ആവശ്യങ്ങള്‍ക്കും വീട് നിര്‍മ്മാണത്തിനും മാത്രമാണ് പ്രധാനമായും ഭൂമി പതിച്ചുനല്‍കിയത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ പട്ടയഭൂമികളില്‍ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ജീവിതോപാധിയായി നിര്‍മ്മിച്ച ചെറുകിട കച്ചവട സ്ഥാപനങ്ങളും മറ്റു വാണിജ്യ സ്ഥാപനങ്ങളുമെല്ലാമടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്നു. പതിച്ചു കിട്ടിയ ഭൂമിയില്‍ നടത്തിയ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സര്‍ക്കാരുകള്‍ നിരോധിച്ചിരുന്നില്ല. അവയ്ക്ക് ബില്‍ഡിംഗ് പെര്‍മിറ്റും മറ്റ് അനുമതികളും നല്‍കി നിയമ വിധേയമാക്കുകയും ചെയ്തിരുന്നു.

പിന്നീട് പരിസ്ഥിതി സംഘടനകള്‍ 1964 ലെ ഭൂ പതിവ് ചട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി നല്‍കിയ ചില പരാതികളുടെയും തുടര്‍ന്നുണ്ടായ കോടതി വ്യവഹാരങ്ങളുടെയും ഭാഗമായി ഇടുക്കിയിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു. 2010 ജനുവരി 21 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം മൂന്നാര്‍ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലതും നിര്‍ത്തിവെക്കേണ്ടി വന്നു. ഇവയില്‍ പലതിനും നിര്‍മ്മാണ അനുമതി ലഭിച്ചതുമായിരുന്നു.

മലയോര മേഖലയില്‍ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നല്‍കപ്പെട്ട ഭൂമി കൃഷിയും ഗൃഹ നിര്‍മ്മാണവുമല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് 1964 ലെ ചട്ടങ്ങളെ ഉദ്ധരിച്ചുകൊണ്ട് കോടതി വിധികളുണ്ടായത് മലയോര കര്‍ഷകര്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. പതിച്ചു കിട്ടിയ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാകെ 1964 ലെ ഭൂപതിവ് ചട്ടപ്രകാരം നിയമവിരുദ്ധമാണെന്ന് കണക്കാക്കപ്പെടുന്ന നിലയുണ്ടായി.

ഇടുക്കി പോലുള്ള മലയോര മേഖലയിലെ ജനജീവിതത്തെയാകെ രൂക്ഷമായി ബാധിക്കുന്ന ഈ സാഹചര്യമാണ് ഭൂപതിവ് നിയമഭേദഗതി എന്ന ആശയത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും വിശ്വാസത്തിലെടുത്ത് തുറന്ന മനസ്സോടെയുള്ള ചര്‍ച്ചകള്‍ നടത്തിയാണ് നിയമഭേദഗതിയിലേക്ക് സര്‍ക്കാര്‍ എത്തിയത്. രാഷ്ട്രീയ പാര്‍ടി നേതാക്കള്‍, മതമേലദ്ധ്യക്ഷന്‍മാര്‍, സാമുദായിക നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമപ്രതിനിധികള്‍ തുടങ്ങിയവരുമായി നടത്തിയ സുദീര്‍ഘമായ ചര്‍ച്ചകള്‍ വഴി ഇടുക്കി ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് നിയമസഭയില്‍ ഭേദഗതി ബില്‍ അവതരിപ്പിക്കപ്പെട്ടത്.

ഭൂപതിവ് ചട്ടത്തിലെ വ്യവസ്ഥയില്‍ പറഞ്ഞതില്‍ നിന്നുള്ള വ്യതിയാനം കൊണ്ടുമാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടവയാണ് ക്രമീകരിക്കാന്‍ ലക്ഷ്യമിടുന്നത്. ഇപ്രകാരം ക്രമീകരിക്കുന്നതിന് സര്‍ക്കാറിന് അധികാരം ലഭിക്കുന്ന വ്യവസ്ഥ 1960 ലെ ഭൂപതിവ് നിയമത്തില്‍ കൊണ്ടുവരികയാണ് ചെയ്തത്.
അതായത്, കാര്‍ഷികവൃത്തിയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി പതിച്ചുനല്‍കിയതും എന്നാല്‍ ഇപ്പോള്‍ അതില്‍ ഏര്‍പ്പെടാത്തതുമായ ഭൂമി, നിബന്ധനകള്‍ക്ക് വിധേയമായി മറ്റേതെങ്കിലും ആവശ്യത്തിനായി പരിവര്‍ത്തനം ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് ഭൂപതിവ് നിയമഭേദഗതി വരുന്നത്. ജീവിതോപാധികള്‍ കരുപ്പിടിപ്പിക്കാനുതകും വിധത്തില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ക്കു വിധേയമായി ഭൂമി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ ഭേദഗതികള്‍. ഇപ്രകാരം, നിലവിലുള്ള ചെറു നിര്‍മാണങ്ങളും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായുള്ള ഭൂഉപയോഗങ്ങളും ക്രമവല്‍ക്കരിക്കാനാണ് നിയമഭേദഗതി വഴി ഉദ്ദേശിക്കുന്നത്.

ഇടുക്കി ജനത ജീവനോപാധിക്കായി നടത്തിയിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിശ്ചിത അളവുവരെയുള്ളവയ്ക്ക് അപേക്ഷ ഫീസും ക്രമവല്‍ക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കി ക്രമപ്പെടുത്താവുന്നതാണ്. അല്ലാത്തവയ്ക്ക് അപേക്ഷാ ഫീസിനും ക്രമവല്‍ക്കരിക്കുന്നതിനുള്ള ഫീസിനും പുറമെ സെസ്, വാര്‍ഷിക സെസ്, പരിസ്ഥിതി സംരക്ഷണത്തിനുള്ള ഗ്രീന്‍ ടാക്‌സ് എന്നിവ ഈടാക്കി ക്രമപ്പെടുത്തുന്ന കാര്യവും ആവശ്യമായ കൂടിയാലോചനകളോടെ തീരുമാനിക്കാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍, ആശുപത്രികള്‍, പോലുള്ള പൊതു ആവശ്യങ്ങള്‍ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കാണുന്നത് പ്രത്യേകമായാണ്. പൊതു ആവശ്യങ്ങള്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളവയെയും വെവ്വേറെയായാണ് കാണുക. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നിര്‍മ്മാണങ്ങളെ പ്രത്യേകമായി കണ്ടുകൊണ്ട് അതി ദീര്‍ഘമായ ചര്‍ച്ചകളിലൂടെ മാത്രമേ ചട്ടങ്ങള്‍ രൂപീകരിക്കുകയുള്ളൂ.

ടൂറിസം മേഖലയിലെ പ്രധാന ആവശ്യം ചരിഞ്ഞ മേഖലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്. ഇതില്‍ പുതിയ കെട്ടിട നിര്‍മ്മാണ ചട്ടം കൊണ്ടുവരുന്ന കാര്യം ഉള്‍പ്പെടെ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കൃഷിക്കായി പതിച്ചു നല്‍കിയ ഭൂമി പരിവര്‍ത്തനം ചെയ്തുപയോഗിക്കാന്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളും വ്യവസ്ഥയുമുള്ള ചട്ടങ്ങളുണ്ട്. ഉദാഹരണം : തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്. ഇത്തരം മാതൃകകള്‍ കൂടി സ്വീകരിച്ചായിരിക്കും മതിയായ ചര്‍ച്ചകളിലൂടെ ചട്ടങ്ങള്‍ നിര്‍മ്മിക്കുക. മലയോരജനത കാലങ്ങളായി അനുഭവിക്കുന്ന ഭൂമി ഉപയോഗം സംബന്ധിച്ച വിവേചനത്തിന് 1960 ലെ ഭൂപതിവ് നിയമ ഭേദഗതിയോടെ അറുതിയാവുകയാണ്. കുടിയേറ്റ ജനതയുടെ ജീവിതപ്രശ്‌നങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുക എന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. ആ ഉറച്ച നിലപാടാണ് ഭൂപതിവ് ഭേദഗതി ബില്ലില്‍ കണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: Nipha, Health, Pinarayi Vijayan, Govt Scheme, welfare schemes, Malayalam News, Kerala News, Health News, Chief Minister says that not given up on Nipah virus threat.
< !- START disable copy paste -->

Post a Comment