പ്രാഥമിക സര്‍യേ നടപടികളും വിശദമായ പ്രോജക്ട് അവലോകനങ്ങളും നടത്തി ആവശ്യമായ അനുമതി ലഭ്യമാക്കിയ ശേഷം മാത്രമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അടങ്ങുന്ന കണ്‍സോര്‍ഷ്യവുമായി 2019 മാര്‍ച്ച് എട്ടിന് കരാര്‍ ഒപ്പിട്ടത്. സംസ്ഥാനത്തെ മുപ്പതിനായിരത്തിലധികം വരുന്ന സര്‍കാര്‍ സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുവേണ്ടി ഒപ്ടികല്‍ നെറ്റ് വര്‍ക് ശൃംഖല ഒരുക്കുന്നതിനാണ് കരാര്‍.
അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി അടുത്ത ഘട്ടത്തില്‍ പ്രത്യേക ടെന്‍ഡര്‍ നടപടികളിലൂടെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കണമെന്നും വ്യവസ്ഥ ചെയ്തു.
സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും കോവിഡ് വ്യാപനം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ രണ്ടു വര്‍ഷത്തോളം പ്രതികൂലമായി ബാധിച്ചു.
ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങളും റൈറ്റ് ഓഫ് വേ ലഭിക്കുന്നതിനുള്ള കാലതാമസവും മറ്റു സാങ്കേതിക തടസ്സങ്ങളും ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമായ ഇടങ്ങളില്‍ 97 ശതമാനം പൂര്‍ത്തീകരണം നടത്താനായിട്ടുണ്ട്.
പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുള്ള ചിലവും ഒരു വര്‍ഷത്തെ പരിപാലന ചിലവായ 104 കോടി രൂപയും ഉള്‍പെടെ 1,028.20 കോടി രൂപയ്ക്കാണ് ഭരണാനുമതി നല്‍കിയത്. എന്നാല്‍ ഏഴു വര്‍ഷത്തെ നടത്തിപ്പും പരിപാലന ചിലവും കൂടി ഉള്‍പെടുത്തിയാണ് ടെന്‍ഡര്‍ നടപടി സ്വീകരിച്ചത്. ഇതുപ്രകാരം ഏഴു വര്‍ഷത്തെ പരിപാലന ചിലവ് 728 കോടി രൂപ വരും. എന്നാല്‍, ബി ഇ എല്‍ ഇതിനായി 363 കോടി രൂപയാണ് ക്വാട്ട് ചെയ്തത്.
ഇതും ജി എസ് ടിയും കൂടി ഉള്‍പെട്ട തുകയായ 1,628.35 കോടി രൂപയ്ക്കാണ് പദ്ധതി നടപ്പാക്കുന്നതിന് കണ്‍സോര്‍ഷ്യത്തിന് അനുമതി നല്‍കിയത്. ഏഴു വര്‍ഷത്തെ പരിപാലന ചിലവിന്റെ സ്ഥാനത്ത് ഒരു വര്‍ഷത്തെ പരിപാലന ചിലവിന്റെ തുക ഉള്‍പെടുത്തിയാണ് ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പരിപാലന ചിലവിനുള്ള തുക കെ-ഫോണിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് കണ്ടെത്തേണ്ടത്. കിഫ്ബി വായ്പയും നടത്തിപ്പു വരുമാനത്തില്‍ നിന്നും തിരിച്ചടയ്ക്കും. സംസ്ഥാന സര്‍കാരിന് പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ല. ആയതിനാല്‍, സംസ്ഥാന സര്‍കാരിന് 500 കോടി രൂപയുടെ നഷ്ടമുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്.
നടപടി ക്രമങ്ങളെല്ലാം പൂര്‍ണമായും പാലിച്ചാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. 55 ശതമാനം ഘടകങ്ങള്‍ ഇന്‍ഡ്യന്‍ നിര്‍മിതമായിരിക്കണം എന്ന വ്യവസ്ഥ പാലിച്ചാണ് ഒപ്ടികല്‍ ഗ്രൗന്‍ഡ് വയര്‍ കേബിളുകള്‍ കരാറുകാര്‍ നല്‍കിയിട്ടുള്ളതെന്ന് ടെക്നികല്‍ കെ-ഫോണ്‍ കമിറ്റി ഉറപ്പുവരുത്തിയിട്ടുണ്ട്.
Keywords: Chief Minister About K-FON, Thiruvananthapuram, News, Chief Minister, Pinarayi Vijayan, K-FON, Allegation, Business, KIIFB, Loan, Kerala News.