കഴിഞ്ഞ 20 വർഷത്തെ കേരളത്തിലെ സ്വർണ വ്യാപാര മേഖലയിൽ നിന്നുള്ള നികുതി വരവിനെ കുറിച്ചുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 27 കോടിയിൽ നിന്നും ആയിരം കോടി രൂപയിലേക്കാണ് നികുതി വരുമാനം ഉയർന്നിട്ടുള്ളത്. സ്വർണത്തിന് 500 രൂപ ഗ്രാമിന് വിലയുള്ളപ്പോൾ സംസ്ഥാനത്തിന് ലഭിച്ചിരുന്ന നികുതി വരുമാനം 27 കോടി രൂപയായിരുന്നു. 5000 രൂപയ്ക്ക് മുകളിൽ വിലയുളള ഇപ്പോൾ 1000 കോടി രൂപയ്ക്ക് മുകളിലേക്ക് കേരളത്തിന് മാത്രമായി നികുതി ലഭിച്ചുകൊണ്ടിരിക്കുന്നത്.
മറിച്ചുള്ള പ്രചരണം അടിസ്ഥാനരഹിതമാണ്. സ്വർണ മേഖലയിൽ നിന്നുള്ള നികുതി വരുമാനത്തെ കുറിച്ച് പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തൽ തെറ്റിദ്ധാരണ പരത്തുന്നതാണ്. ജിഎസ്ടിക്ക് മുമ്പുള്ള എല്ലാ നികുതി ഘടന നിലവിലുള്ള കാലഘട്ടത്തിലും വരുമാനം കേരളത്തിന് മാത്രമായിരുന്നു, എന്നാൽ ജിഎസ്ടി വന്നതിനുശേഷം കേരളത്തിനും കേന്ദ്രത്തിനുമായി നികുതി പകുതി വീതമാണ് ലഭിക്കുന്നത്. അതോടൊപ്പം കേരളത്തിൽ നിന്നുളള സ്വർണ വ്യാപാരികൾ 50 ശതമാനത്തിലധികം സ്വർണം വാങ്ങുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നായതിനാൽ നികുതി അവിടെ നൽകിയാണ് സ്വർണം കേരളത്തിലേക്ക് കൊണ്ടുവരുന്നത്.
കേരളത്തിന് ലഭിക്കേണ്ട നികുതി വരുമാനം വാങ്ങിയെടുക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് പകരം സ്വർണ വ്യാപാര മേഖലയെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കുന്ന സമീപനത്തിൽ നിന്നും സർകാർ പിന്തിരിയണം. കള്ളക്കടത്തും, നികുതി വെട്ടിച്ചുള്ള സമാന്തര സ്വർണ വ്യാപാരവും തടയാതെ ജിഎസ്ടി രജിസ്ട്രേഷൻ എടുത്ത് വ്യാപാരം ചെയ്യുന്ന പരമ്പരാഗതമായ സ്വർണ വ്യാപാരമേഖലയെ അടച്ചാക്ഷേപിക്കുന്ന പ്രവണത പ്രതിഷേധാർഹമാണ്.
കേരളത്തിൽ നിന്നുള്ള ആയിരത്തോളം ജ്വലറികളാണ് സർകാരിന്റെയും ഉദ്യോഗസ്ഥരുടെയും പീഡനം മൂലം അയൽ സംസ്ഥാനങ്ങളിലേക്ക് കച്ചവടം മാറ്റിയിട്ടുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ നികുതി ലഭിക്കുന്ന സ്വർണ വ്യാപാര മേഖലയെ ശ്വാസംമുട്ടിച്ചു കൊല്ലാനുള്ള നീക്കത്തിൽ നിന്നും സർകാരും രാഷ്ട്രീയ പാർടികളും പിന്മാറണമെന്ന് സംസ്ഥാന കമിറ്റി അഭ്യർഥിച്ചു. ഇ-വേ ബിൽ നടപ്പാക്കുന്നതിന് മുമ്പ് സ്വർണ വ്യാപാര മേഖലയുമായി ചർച നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി കെ സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ, വർകിംഗ് പ്രസിഡന്റ് റോയ് പാലത്ര, വൈസ് പ്രസിഡന്റുമാരായ സ്കറിയാച്ചൻ കണ്ണൂർ, പി ടി അബ്ദുർ റഹ്‌മാൻ ഹാജി, നവാസ് പുത്തൻവീട്, വിൽസൺ ഇട്ടിയവിര, രത്മ കലാരത്നാകരൻ, വിനീത് നീലേശ്വരം, സെക്രടറിമാരായ എസ് പളനി, എം വി അബ്ദുൽ അസീസ്, അരുൺ നായ്ക്, സകീർ ഹുസൈൻ, കണ്ണൻ ശരവണ, സി എച് ഇസ്മാഈൽ, നസീർ പുന്നക്കൽ, എൻ വി പ്രകാശ്, അസീസ് ഏർബാദ്, ബാബുരാജ് കാസർകോട്, മുരളി പാലക്കാട് തുടങ്ങിയവർ സംസാരിച്ചു.
Keywords: CAG, Report, Gold, Silver, Merchants, AKGSMA, Kochi, GST, Tax, Opposition, Based on CAG report, approach of ruling and opposition parties not correct, says Gold and Silver Merchants Association.