കഴിഞ്ഞ ദിവസം ഇരുചക്ര വാഹനവും, ഞായറാഴ്ച ബൈകും കാറും, അതിനു മുമ്പ് കാറും, ഒരാഴ്ച മുമ്പ് പികപ് വാനും ഓടോറിക്ഷയും ഏറ്റവും ഒടുവിലായി പ്രദേശത്ത് അപകടത്തിൽ പെട്ടിരുന്നു. ചെർക്കള - കല്ലടുക്ക സംസ്ഥാന പാതയിലാണ് ഈ റോഡ് വരുന്നത്. കിഫ്‌ബി പദ്ധതിയിൽ നാല് വർഷം മുമ്പാണ് ആദ്യ ടാറിങ് നടത്തിയത്. രണ്ടാം ഘട്ട ടാറിങ് പൂർത്തിയാക്കാതെ കരാറുകാരൻ പിൻവാങ്ങുന്ന സംഭവുമുണ്ടായി. ടാറിങ് പൂർത്തിയാകാത്തത് മൂലം വാഹനങ്ങൾ നിയന്ത്രണം തെറ്റുന്നതായും ആക്ഷേപമുണ്ട്.
റോഡിൻറെ അപാകതയും സ്‌കൂൾ ബസ് ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പറയുന്നത്. അപകടത്തിൽ സ്‌കൂൾ ബസ് ഡ്രൈവർക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തിട്ടുണ്ട്. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോൺ ഡിസൂസ (56) യ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അപകടത്തിന് പിന്നാലെ മോടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ സ്‌കൂൾ ബസിന് യന്ത്ര തകരാർ ഒന്നും കണ്ടെത്തിയിട്ടില്ല. ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും അപകടത്തിന് കാരണമാകാമെന്നാണ് അപകട സ്ഥലം സന്ദർശിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
വാഹനാപകടത്തിൽ മരിച്ച അഞ്ച് പേരുടെയും പോസ്റ്റ് മോർടം നടപടികൾ ചൊവ്വാഴ്ച പുലർചെയോടെയാണ് പൂർത്തിയായത്. സഹോദരിമാരായ മൊഗ്രാൽ പുത്തൂർ മൊഗറിലെ ബീഫാത്വിമ (58), മൊഗ്രാൽപുത്തൂർ കടവത്ത് ദിടുപ്പയിലെ ഉമ്മു ഹലീമ (55), ബെള്ളൂരിലെ നഫീസ (50), ഇവരുടെ പിതാവിന്റെ അനുജന്റെ ഭാര്യ ബീഫാത്വിമ (72), ഓടോറിക്ഷ ഡ്രൈവർ എഎച് അബ്ദുർ റൗഫ് (58) എന്നിവരാണ് മരിച്ചത്. മാന്യയിലെ സ്വകാര്യ സ്‌കൂൾ ബസ് വിദ്യാർഥികളെ ഇറക്കിയശേഷം മടങ്ങിവരുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് 5.15 മണിയോടെയാണ് അപകടമുണ്ടായത്. ഇത്രയും വലിയ അപകടം നാടിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ദു:ഖാർത്തമായ അന്തരീക്ഷമാണ് എങ്ങും.
തായലങ്ങാടി സ്വദേശിയും മൊഗറിൽ താമസക്കരനുമായ അബ്ദുർ റൗഫ് പരേതരായ അബൂബകർ ഹാജി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: റംല. മക്കൾ: റഹീസ്, രഹാന, റൈഫ. സഹോദരങ്ങൾ: ബശീർ, ശുകൂർ, മൂസ, പരേതനായ മുഹമ്മദ്. മൊഗറിലെ ഉസ്മാനാണ് ബീഫാത്വിമയുടെ ഭർത്താവ്. മക്കൾ: മുംതാസ്, മുനീറ, മുബാശിർ. ഇസ്മാഈലിന്റെ ഭാര്യയാണ് ഉമ്മു ഹലീമ. മക്കൾ: സന, അസ്ഹറുദ്ദീൻ. ബെള്ളൂരിലെ അബ്ബാസിന്റെ ഭാര്യയാണ് നഫീസ. മക്കൾ: മുഹമ്മദ് മുർത്തള, ഫാഇസ, ഫമീസ, നിശാന. ദിടുപ്പയിലെ ശെയ്ഖ് അലിയാണ് ബീഫാത്വിമയുടെ ഭർത്താവ്. മക്കൾ: റഊഫ്, ഹാരിസ്, അനസ്, തസ് രീബ, റുഖിയ, മാശിത, അതീഖ.
അപകട വിവരം അറിഞ്ഞ് കലക്ടർ കെ ഇമ്പശേഖർ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന് , എകെഎം അശ്‌റഫ്, സിപിഎം നേതാക്കളായ കെ എം ഹനീഫ്, കരീം പാണലം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ തുടങ്ങിയവർ കാസർകോട് ഗവ. ജെനറൽ ആശുപത്രിയിലെത്തി. അപകട മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സംഭവം ദുഃഖകരമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
Accident, Badiadka, Police Booked, Obituary, Pallathadka, Kasaragod, Congress, CPM, Death, Badiadka Accident: Police Booked school bus driver.