Follow KVARTHA on Google news Follow Us!
ad

Pinarayi Vijayan | സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഒരുക്കുന്നതോടൊപ്പം അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അക്രമണങ്ങളില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനും പൊലീസ് പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി; ആലുവയില്‍ 8 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന സംഭവത്തില്‍ പ്രതിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍

അക്രമിയെ കണ്ടെത്താന്‍ പൊലീസിന് സഹായവുമായി പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം Chief Minister, Pinarayi Vijayan, Assembly, Migrant Workers, Kerala
തിരുവനന്തപുരം: (www.kvartha.com) സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഒരുക്കുന്നതോടൊപ്പം അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അക്രമണങ്ങളില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനും പൊലീസ് പ്രതിജ്ഞാബദ്ധമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

എറണാകുളം ആലുവയില്‍ ബിഹാര്‍ സ്വദേശികളുടെ വീട്ടില്‍ ഇക്കഴിഞ്ഞ സപ്തംബര്‍ ഏഴിന് പുലര്‍ചെ അതിക്രമിച്ചു കയറി മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസ്സുകാരിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന സംഭവത്തില്‍ കുട്ടിയെ കാണാനില്ല എന്ന അച്ഛന്റെ ജേഷ്ഠന്റെ പരാതിയെത്തുടര്‍ന്ന് ആലുവ ഈസ്റ്റ് പൊലീസ് അന്വേഷിച്ച് സത്വര നടപടി സ്വീകരിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിന്നീട് വഴിയില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കളമശ്ശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ട്. ഈ സംഭവത്തില്‍ IPC 450, 363, 366A, 376AB, 380, പോക്സോ നിയമത്തിലെ 3, 4(2), 5A(i), 5m എന്നീ വകുപ്പുകള്‍ പ്രകാരം ക്രൈം. 867/2023 ആയി കേസ് രെജിസ്റ്റര്‍ ചെയ്തു.

തുടര്‍ന്ന് പ്രതിയെ കണ്ടെത്തുന്നതിലേക്കായി സിസിടിവി കാമറകള്‍ പരിശോധിച്ചും പ്രതി മോഷ്ടിച്ച മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊകേഷന്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ അന്നുതന്നെ വൈകുന്നേരം അഞ്ചു മണിയോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുള്ളതും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുള്ളതുമാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

03 08 2023ന് തിരൂരങ്ങാടിയില്‍ മധ്യപ്രദേശ് സ്വദേശിയുടെ നാലു വയസുള്ള പെണ്‍കുട്ടിയെ സമീപത്ത് താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന സംഭവത്തില്‍ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ ക്രൈം. 763/2023 ആയി കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, പ്രതിയെ 04 08 2023 ന് അറസ്റ്റ് ചെയ്ത് തെളിവുകള്‍ ശേഖരിച്ച് റിമാന്‍ഡില്‍ പാര്‍പ്പിച്ചിട്ടുള്ളതുമാണ്.

23 08 23 ന് ആലപ്പുഴ അര്‍ത്തുങ്കലില്‍ അറഫുള്‍ ഇസ്ലാം എന്നയാള്‍ 15 വയസ്സുളള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന സംഭവത്തില്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷനില്‍ ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ക്രൈം.748/23 ആയി കേസ് രെജിസ്റ്റര്‍ ചെയ്ത് പ്രതിയെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിട്ടുളളതാണ്.

ഈ പറഞ്ഞ എല്ലാ സംഭവങ്ങളിലും പൊലീസ് കുറ്റമറ്റ അന്വേഷണം നടത്തുകയും പ്രതികളെ അതിവേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്തിട്ടുള്ളതാണ്. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായ ഏതൊരു അവസരത്തിലും പൊലീസ് ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ട്. പ്രതികളെ സമയബന്ധിതമായിത്തന്നെ പിടികൂടിയിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ രണ്ടാം മറുപടിയില്‍ നിന്നും

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തു തന്നെ ഏറ്റവും മികച്ച റെകോര്‍ഡുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തില്‍ ചില പ്രദേശങ്ങളില്‍ ചില സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ മറികടക്കണമെങ്കില്‍ എല്ലാ പൊതുപ്രസ്ഥാനങ്ങളുടെയും ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാകണം. വൈകാരികമായ പ്രതികരണങ്ങള്‍ക്കപ്പുറം നാടിന്റെ സൈ്വരജീവിതത്തിന് തടസമുണ്ടാക്കുന്ന ഏതുതരം നീക്കത്തെയും ഒരുമിച്ച് നേരിടാനും തള്ളിപ്പറയാനും സമൂഹത്തിനാകെ കഴിയേണ്ടതുണ്ട്.

ആലുവ സംഭവത്തില്‍ ഉണ്ടായ അനുഭവം ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടതാണ്. ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പിടികൂടാന്‍ സഹായിച്ചത് അവിടുത്തെ രണ്ട് ചുമട്ടുത്തൊഴിലാളികളാണ്. അവരാണ് പൊലീസിനു സഹായികളായി പുഴയില്‍ നീന്തിച്ചെന്ന് പ്രതിയെ പിടികൂടിയത്. തിരുവല്ലൂര്‍ സ്വദേശി ജി മുരുകന്‍, തുരുത്ത് സ്വദേശി വികെ ജോഷി എന്നിവരാണ് അവര്‍.

സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ചിലര്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സംഘടിച്ച് കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഭവങ്ങള്‍ തടയാന്‍ പൊലീസ് പ്രതിജ്ഞാബദ്ധമാണ്. അത്തരമൊരു കേന്ദ്രമാണ് ആലുവയില്‍ മേല്‍കുറ്റകൃത്യം നടന്ന സ്ഥലം. കൃത്യമായ പട്രോളിംഗിലൂടെയും മറ്റു പൊലീസ് നടപടികളിലൂടെയും അങ്ങനെയുള്ള സംഘങ്ങളെ അടിച്ചമര്‍ത്തുക തന്നെ ചെയ്യും. ഇതില്‍ പൊതുജനങ്ങളുടെയാകെ സഹായം പൊലീസിനു വേണ്ടതുണ്ട്.

ഉപജീവനത്തിനായി നമ്മുടെ നാട്ടിലെത്തുന്ന അതിഥിത്തൊഴിലാളികള്‍ ആക്രമിക്കപ്പെടുകയും ചിലര്‍ കുറ്റവാളികളാവുകയും ചെയ്യുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ആ രംഗത്ത് കൂടുതല്‍ സമഗ്രവും ഫലപ്രദവുമായ ചില നടപടികളിലേക്ക് സര്‍കാര്‍ കടന്നിട്ടുണ്ട്.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം പൊലീസ് സ്റ്റേഷനുകള്‍ മുഖേന നടത്തുന്നുണ്ടെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം സംസ്ഥാനത്ത് എത്തുന്നവരുടെയോ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ചില പരിമിതികള്‍ പൊലീസ് നേരിടുന്നുണ്ട്.

തൊഴില്‍ ദാതാക്കളോ കരാറുകാരോ വീട് വാടകയ്ക്ക് നല്‍കുന്നവരോ അതിഥിത്തൊഴിലാളികളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിച്ചുവയ്ക്കാത്തതുമൂലം ഇവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയുന്നില്ല. ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.

അതിഥിത്തൊഴിലാളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനും അവരുടെ രെജിസ്ട്രേഷനുമായി തൊഴില്‍ വകുപ്പ് 'അതിഥി' പോര്‍ടല്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

അതിഥിത്തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ തൊഴില്‍ ദാതാക്കളില്‍ നിന്ന് ശേഖരിക്കണമെന്ന് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിഥിത്തൊഴിലാളികളുടെ വിവരങ്ങളും, അവര്‍ താമസിക്കുന്ന കെട്ടിട ഉടമയുടെയും, ആരുടെ കീഴിലാണ് ജോലി ചെയ്യുന്നത് തുടങ്ങിയ വിവരങ്ങളും പൊലീസ് സ്റ്റേഷനുകളിലെ മൈഗ്രന്റ് ലേബര്‍ രെജിസ്റ്ററില്‍ രേഖപ്പെടുത്തുന്നുണ്ട്.

അതിഥിത്തൊഴിലാളികളുടെ അപ്ഡേറ്റ് ചെയ്ത വിവരങ്ങള്‍ ശേഖരിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കി ശേഖരിക്കുന്നതിന് ഐ ജി തലംവരെയുള്ള എല്ലാ ഉയര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍, റസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ച് അപരിചിതരായവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിനു പുറമെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സ്പെഷ്യല്‍ പ്രൊടക്ഷന്‍ ഗ്രൂപ് എന്നിവരുടെ സഹകരണത്തോടെ സ്‌കൂളുകളിലും പരിസരപ്രദേശങ്ങളിലും കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതോടൊപ്പം റസിഡന്‍ഷ്യല്‍ ഏരിയകളില്‍ കുട്ടികള്‍ അപരിചിതരുമായി സഹകരിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണവും നടത്തുന്നുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും യഥാസമയം പ്രതികരിക്കുന്നതിനും അവരെ സജ്ജമാക്കുന്നതിനുമായി ജനമൈത്രി പൊലീസ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

ഗാര്‍ഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ പൊലീസ് സ്റ്റേഷനുകളില്‍ നേരിട്ട് എത്താതെ തന്നെ നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

അസമയത്ത് വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷ ഒരുക്കുന്നതിനായി 'നിഴല്‍' എന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ സുരക്ഷാ പദ്ധതികളെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ സഭയില്‍ നല്‍കിയിട്ടുണ്ട്.

പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക കോടതികള്‍ക്കു പുറമെ 56 അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതില്‍ 54 എണ്ണത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഈ കോടതികളില്‍ പ്രത്യേക പ്രോസിക്യൂടര്‍ ഉള്‍പ്പെടെയുള്ളവരെ നിയമിച്ചിട്ടുണ്ട്. കേസുകളുടെ വിചാരണ, തീര്‍പ്പാക്കല്‍ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സമിതി മാസത്തിലൊരിക്കല്‍ കേസുകളുടെ പുരോഗതി വിലയിരുത്തിവരുന്നു.

ജില്ലാതലത്തില്‍ പോക്സോ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആവര്‍ത്തിച്ചു വ്യക്തമാക്കട്ടെ; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് സര്‍കാര്‍ കാണുന്നത്. എത്ര നിസാരമായ കുറ്റകൃത്യമായാല്‍പ്പോലും അവയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിലും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുന്നതിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

Aluva: Pinarayi Vijayan says action taken against accused in case of kidnapping and molesting 8-year-old girl, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Assembly, Migrant Workers, Molestation, Attack, Criminal, Kerala

 ഇവിടെ പ്രതിപാദിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നടപടി സ്വീകരിച്ചു എന്നതുകൊണ്ട് സര്‍കാരിന്റെ ഉത്തരവാദിത്തം കഴിഞ്ഞുവെന്ന് കരുതുന്നില്ല. ഇത്തരം ഏതു വിഷയമുണ്ടായാലും സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് അവയെ തടയാന്‍ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുപോകണം, പൊലീസിനു സഹായം നല്‍കുകയും വേണം എന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Keywords: Aluva: Pinarayi Vijayan says action taken against accused in case of kidnapping and molesting 8-year-old girl, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Assembly, Migrant Workers, Molestation, Attack, Criminal, Kerala. 

Post a Comment