Two Incidents | ഇരുണ്ട ഭൂതകാലത്തെ ഓര്‍മിപ്പിക്കുന്ന ലജ്ജാകരമായ 2 സംഭവങ്ങള്‍

 


-അരുണ്‍ പി സുധാകര്‍

(www.kvartha.com) ഇന്ത്യ ചന്ദ്രനിലിറങ്ങിയതിന് പിന്നാലെയാണ് സൂര്യന്റെ രഹസ്യങ്ങള്‍ തേടി ആദിത്യ എല്‍ 1 കുതിച്ചത്. രാജ്യത്തിന് അഭിമാനകരമായ നേട്ടം. രണ്ടിലും മലയാളികളുടെ പങ്ക് ഏറെ അഭിമാനം നല്‍കുന്നു. പ്രത്യേകിച്ച് ഐഎസ്ആര്‍ഒയുടെയും വി എസ് എസിയുടെയും ചെയര്‍മാന്‍മാര്‍ മലയാളികളായിരിക്കുമ്പോള്‍. ലോകം ഉറ്റുനോക്കുന്ന ഈ രണ്ട് കാര്യങ്ങളിലും കുതിച്ചുചാട്ടം നടത്തിയപ്പോള്‍ ഇരുണ്ടഭൂതകാലത്തെ ഓര്‍മിപ്പിക്കുന്ന രണ്ട് സംഭവങ്ങള്‍ കേരളത്തിലുണ്ടായി എന്നത് തീര്‍ത്തും ലജ്ജാകരമാണ്.
       
Two Incidents | ഇരുണ്ട ഭൂതകാലത്തെ ഓര്‍മിപ്പിക്കുന്ന ലജ്ജാകരമായ 2 സംഭവങ്ങള്‍

ആദ്യത്തേത് തനിക്ക് ഒരു ക്ഷേത്രത്തില്‍ അയിത്തം നേരിടേണ്ടിവന്നു എന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലാണ്. താന്‍ തരുന്ന കാശിന് വിവേചനമില്ല താനെന്ന മനുഷ്യന് വിവേചനമെന്ന് മന്ത്രി തുറന്നടിച്ചു. ജന്മം കൊണ്ടാരും മോശക്കാരല്ല. ജനിച്ച ശേഷം മനുഷ്യരെ പല തട്ടുകളിലാക്കുകയും അതെല്ലാം അവന്റെ മുന്‍ജന്മ ഫലമാണെന്ന് പറയുകയും ചെയ്യുന്നത് അത്യന്തം ഹീനമായ ആശയമാണ്.

ഇനി രണ്ടാമത്തെ സംഭവം, ശബരിമലയില്‍ ഉണ്ണിയപ്പം തയ്യാറാക്കുന്നതിനുള്ള ടെണ്ടര്‍ നേടിയ ദളിത് യുവാവിനെ മര്‍ദ്ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തു. അതും ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനത്തിന് മുന്നില്‍ വെച്ച്. ഇത് സംബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രി തന്റെ മാന്യത കൊണ്ട് കേസിന് പോയില്ല. ഈ രണ്ട് സംഭവങ്ങളും നവോത്ഥാന കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊട്ടിഘോഷിക്കുന്ന നാട്ടിലാണ് നടന്നത്.

ഈ മാസം ആദ്യമാണ് രണ്ടാമത്തെ സംഭവം നടന്നത്. ടൈംസ് ഓഫ് ഇന്ത്യ, ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, മാധ്യമം പത്രങ്ങളില്‍ ഇത് സംബന്ധിച്ച് വിശദമായ വാര്‍ത്ത വന്നിരുന്നു. എന്നിട്ടും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പി രാമഭദ്രനോ, ദേവസ്വം മന്ത്രിയോ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റോ, ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം മൊത്തത്തില്‍ കക്ഷത്ത് വച്ചിരിക്കുന്നു എന്ന് അവകാശപ്പെടുന്ന വിശ്വഹിന്ദുപരിക്ഷത്തോ, പുരോഗമനസ്ഥാനങ്ങളോ, രാഷ്ട്രീയ പാര്‍ട്ടികളോ തയ്യാറായില്ല. പരാതി കിട്ടിയാല്‍ ഇടപെടാം എന്ന നിലപാടാണ് സംസ്ഥാന നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പി രാമഭദ്രന്‍ സ്വീകരിച്ചത്.

അയിത്തംനേരിട്ട ദേവസ്വം മന്ത്രി ഇതിനെതിരെ ഒരു വാര്‍ത്താക്കുറിപ്പ് പോലും ഇറക്കിയില്ല. ഭരണാധികാരികളും സാംസ്‌കാരിക നേതാക്കളും പുരോഗമവാദികളും ഹൈന്ദവ നേതാക്കളും ഇത്തരം സംഭവങ്ങളില്‍ പാലിക്കുന്ന മൗനം മാനവപുരോഗതി ആഗ്രഹിക്കുന്ന മനുഷ്യരെ ഞെട്ടിച്ചു. ലിംഗസമത്വം, ലിംഗനീതി , സാമൂഹ്യനീതി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാര്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെട്ടില്ലെങ്കില്‍ പിന്നെ ആരാണ് നടപടി എടുക്കേണ്ടത്. ശിലായുഗത്തിലേത് പോലെ കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതിയില്‍ രക്തച്ചൊരിച്ചിലുണ്ടാക്കി സമൂഹത്തെ മലീമസമാക്കണമെന്നാണോ ഇവരൊക്കെ ആഗ്രഹിക്കുന്നത്.
          
Two Incidents | ഇരുണ്ട ഭൂതകാലത്തെ ഓര്‍മിപ്പിക്കുന്ന ലജ്ജാകരമായ 2 സംഭവങ്ങള്‍

കാലം പുരോഗമിച്ചിട്ടും മാനസിക അവസ്ഥ മാറാത്ത, അല്ലെങ്കില്‍ മാറ്റാന്‍ തയ്യാറാകാത്ത പലരും സമൂഹത്തിലുണ്ടാകും. അവരെ അവരുടെ രീതിക്ക് വിടുന്നതിന് പകരം നിയമനടപടി എടുക്കണം. അതാണ് ഭരണ നേതൃത്വത്തിന്റെ ഉത്തരവാദിത്തം. സമൂഹത്തിന്റെ മുഖ്യധാരയിലുള്ള ബുദ്ധിജീവികളും മതപുരോഹിതരും പണ്ഡിതന്മാരും രാഷ്ട്രീയ നേതാക്കളും അടക്കം ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്ത് വരുകയും ബോധവല്‍ക്കരണം നടത്തുകയും വേണം. അത് ചെയ്യുന്നില്ല, അതുകൊണ്ടാണ് കാറല്‍മാക്സ് പണ്ടേ പറഞ്ഞത് 'മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന്'.

Keywords: Caste Discrimination, Kerala Temple, K Radhakrishnan, Politics, Shbarimala, Aricle, Arun P Sudhakaran, 2 embarrassing incidents reminding of dark past.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia