TK Hamza | ഒന്നര വര്‍ഷം കാലാവധി ബാക്കിനില്‍ക്കെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടികെ ഹംസ രാജിവെച്ചു

 


കോഴിക്കോട്: (www.kvartha.com) വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടികെ ഹംസ രാജിവെച്ചു. ഒന്നര വര്‍ഷം കാലാവധി ബാക്കിനില്‍ക്കെയാണ് രാജി. മന്ത്രി വി അബ്ദുര്‍ റഹ് മാനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് കാലാവധി തികയും മുമ്പുള്ള രാജിയെന്നാണ് വിവരം. എന്നാല്‍ പ്രായാധിക്യം മൂലമാണ് രാജിയെന്നാണ് ടികെ ഹംസ രാവിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

മന്ത്രി അബ്ദുര്‍ റഹ് മാനും ടികെ ഹംസയും തമ്മില്‍ ഏറെ നാളായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരത്ത് മന്ത്രി വിളിച്ച യോഗങ്ങളില്‍ ടികെ ഹംസ പങ്കെടുക്കാത്തത് വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ടി നിര്‍ദേശപ്രകാരം ഹംസ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്.

യോഗത്തില്‍ പങ്കെടുക്കാത്തത് ഗുരുതര കൃത്യവിലോപമായി കാണുന്നുവെന്ന് പരാമര്‍ശമുള്ള മിനുറ്റ്‌സ് നേരത്തെ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍, താന്‍ സിപിഎം നേതൃത്വവുമായി ആലോചിച്ചിട്ടുണ്ടെന്നും 80 വയസ് പിന്നിട്ടവര്‍ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും ഒഴിയുന്നതാണ് പാര്‍ടിയിലെ രീതിയെന്നും ഹംസ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഈ പദവിയില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തനിക്ക് 87 വയസാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖഫ് മന്ത്രിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന റിപോര്‍ടുകള്‍ ഹംസ തള്ളിക്കളയുകയും ചെയ്തിരുന്നു.

ടികെ ഹംസ ഒഴിയുന്ന സാഹചര്യത്തില്‍ പകരം ഈ പദവിയിലേക്ക് ആര് എത്തുമെന്നതും നിര്‍ണായകമാണ്. മുസ്ലീം സമുദായവുമായി കൂടുതല്‍ അടുക്കാന്‍ സിപിഎം ശ്രമങ്ങള്‍ നടത്തുമ്പോഴാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് ഒഴിവുവരുന്നത്. എല്ലാകാലത്തും മുസ്ലിം ലീഗിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഇ കെ വിഭാഗം സമസ്തയെ ഒപ്പം കൂട്ടാനും സിപിഎം ശ്രമങ്ങള്‍ നടത്തുന്നുണ്ട്. യൂണിഫോം സിവില്‍ കോഡിനെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സമസ്ത ഇ കെ വിഭാഗം പങ്കെടുത്തത് വലിയ ചര്‍ച്ചയായിരുന്നു.

ഈ നീക്കത്തിന്റെ ഭാഗമായി ഏതെങ്കിലും ഇ കെ വിഭാഗം സമസ്ത നേതാവിന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കുമോ എന്ന് കണ്ടറിയണം. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട എല്‍ഡിഎഫ് സര്‍കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പള്ളികള്‍ക്കകത്ത് ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനുള്ള മുസ്ലിം ലീഗിന്റെ പദ്ധതിയില്‍ നിന്ന് ഇ കെ വിഭാഗം പിറകോട്ട് പോയതും വലിയ ചര്‍ചകള്‍ക്ക് വഴിവെച്ചിരുന്നു. 

TK Hamza | ഒന്നര വര്‍ഷം കാലാവധി ബാക്കിനില്‍ക്കെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടികെ ഹംസ രാജിവെച്ചു


എ പി വിഭാഗം സമസ്തയുടെ നേതാവായ സി മുഹമ്മദ് ഫൈസിയാണ് നിലവില്‍ മറ്റൊരു പ്രധാന പദവിയായ കേരള ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ മറ്റൊരു പ്രധാന പദവി നല്‍കി ഇ കെ വിഭാഗം സമസ്തയെ സിപിഎം ഒപ്പം കൂട്ടുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

Keywords: Waqf Board Chairman TK Hamza resigned, Kozhikode, News, Politics, TK Hamsa, Resigned, Waqf Board Chairman, Press Meet, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia