VD Satheesan | 'പ്രസ്താവന നടത്തിയതില്‍ ജാഗ്രത കുറവ്, തിരുത്താന്‍ തയാറാകണം, ശാസ്ത്രബോധത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടേണ്ടതില്ല'; സ്പീകറുമായി ബന്ധപ്പെട്ട വിവാദ വിഷയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

 


തിരുവനന്തപുരം: (www.kvartha.com) സ്പീകര്‍ എ എന്‍ ശംസീറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത്തരം ഒരു പ്രസ്താവന നടത്തിയതില്‍ സ്പീകര്‍ക്ക് ജാഗ്രത കുറവുണ്ടായെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പ്രസ്താവന തിരുത്താന്‍ അദ്ദേഹം തയാറാകണമെന്നും ആവശ്യപ്പെട്ടു. ശാസ്ത്രബോധത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും സതീശന്‍ വ്യക്തമാക്കി.

സ്പീകറുടെ പ്രസ്താവന ആയുധമാക്കി രാഷ്ട്രീയ മുതലെടുപ്പു നടത്തുകയാണ് സംഘപരിവാറും ബിജെപിയും. എന്‍ എസ് എസിന് അവരുടെ രീതിയില്‍ പ്രതിഷേധിക്കാം. മതസംഘടനകള്‍ക്ക് ഇതുവരെ കീഴടങ്ങാത്ത പ്രസ്ഥാനമാണ് എന്‍ എസ് എസ് എന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ എരിതീയില്‍ എണ്ണയൊഴിക്കണ്ട എന്നു കരുതിയാണ് യുഡിഎഫ് ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതിരുന്നത്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ടി എന്ന നിലയില്‍ സിപിഎം വിഷയം തണുപ്പിക്കാന്‍ തയാറാകണമെന്നും സതീശന്‍ പറഞ്ഞു.

സതീശന്റെ വാക്കുകള്‍:

സാമൂഹിക അന്തരീക്ഷം വളരെ സങ്കീര്‍ണമാണ്. വര്‍ഗീയവാദികളും രാഷ്ട്രീയവാദികളും ചാടിവീഴാന്‍ അവസരം കാത്തിരിക്കുകയാണ്. അവര്‍ക്ക് ആയുധം നല്‍കുന്നതായി സ്പീകറുടെ പ്രസ്താവന. ആ പ്രസ്താവന വന്ന ശേഷം പിന്നെ കൈവെട്ടും കാലുവെട്ടും മോര്‍ചറിയിലാക്കും എന്നൊക്കെ സ്ഥിരമായി പറയുന്നവരുടെ പ്രസ്താവനകള്‍ ഈ വിഷയത്തെ ആളിക്കത്തിച്ചു.

വിവിധ മതവിഭാഗങ്ങളുടെ വിശ്വാസങ്ങളിലേക്കും ആചാരക്രമങ്ങളിലേക്കും സര്‍കാരോ കോടതിയോ ഇടപെടാന്‍ പാടില്ലെന്നാണ് യുഡിഎഫിന്റെ നിലപാട്. സ്റ്റേറ്റിന് അതില്‍ അധികാരമില്ല. വിശ്വാസം അവരുടെ സ്വന്തമാണ്. വിശ്വാസികള്‍ക്ക് ചരിത്ര സത്യം പോലെ പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം.

ശാസ്ത്ര ബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കെട്ടേണ്ട കാര്യമില്ല. ശാസ്ത്ര ബോധം പലപ്പോഴും മതഗ്രന്ഥങ്ങളില്‍ പറയുന്ന കാര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാത്തതാണ്. യുക്തിയും വിശ്വാസവും ചരിത്രവും ജനാധിപത്യ ബോധവും ആധുനികതയും ശാസ്ത്ര ബോധവും നിലനില്‍ക്കുന്നതാണ്. പരസ്പര ബഹുമാനത്തോടെ വിശ്വാസങ്ങളെ കാണണം. വിശ്വാസങ്ങളെ ഹനിക്കേണ്ട കാര്യമില്ല. അവരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യേണ്ട കാര്യമില്ല.

സ്പീകറുടെ പ്രസ്താവനയിലൂടെ ബിജെപിയും സംഘപരിവാറും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ചു. സംസ്ഥാനം ഭരിക്കുന്ന സിപിഎം അല്‍പം ശ്രദ്ധയോടെ ഇക്കാര്യങ്ങളെ കൈകാര്യം ചെയ്യുമെന്നാണ് കരുതിയത്. പക്ഷേ അവര്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ചു. വര്‍ഗീയവാദികളുടെ അതേരീതിയാണ് സിപിഎമും അവലംബിക്കുന്നത്. സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍ വിസ്മയപ്പെടുത്തി. എരിതീയില്‍ എണ്ണ ഒഴിക്കുന്ന പ്രസ്താവനകളാണ് സിപിഎം നടത്തിയത്. അത് പൊതുസമൂഹത്തില്‍ നല്ലതല്ല. ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.

എന്‍ എസ് എസ് വിശ്വാസ സമൂഹമാണ്. അവര്‍ക്ക് അവരുടെതായ രീതിയില്‍ പ്രതികരിക്കാം. പക്ഷേ, വിശ്വാസം, പൂജ അതെല്ലാം മതപരമായ കാര്യങ്ങളാണ്. അത് തെരുവിലേക്കു കൊണ്ടുവരേണ്ട സാഹചര്യം ഇല്ല. ഇതുവരെയും മതസംഘടനകള്‍ക്ക് കീഴടങ്ങാത്ത പ്രസ്ഥാനമാണ് എന്‍എസ്എസ്.

ഈ വിഷയത്തില്‍ യുഡിഎഫ് മനഃപൂര്‍വം പ്രതികരിക്കാതിരുന്നതാണ്. കെട്ടടങ്ങുന്നതാണെങ്കില്‍ കെട്ടടങ്ങട്ടെ എന്നു കരുതിയാണ് പ്രതികരിക്കാതിരുന്നത്. ഞങ്ങള്‍ കൂടി വന്ന് എരിതീയില്‍ എണ്ണയൊഴിക്കേണ്ട എന്നു കരുതിയാണ് പ്രതികരിക്കാതിരുന്നത്. നേതൃത്വം ആലോചിച്ചു തീരുമാനിച്ചതാണ്. പക്ഷേ, ഇപ്പോള്‍ കൈവിട്ടുപോയി.

VD Satheesan | 'പ്രസ്താവന നടത്തിയതില്‍ ജാഗ്രത കുറവ്, തിരുത്താന്‍ തയാറാകണം, ശാസ്ത്രബോധത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടേണ്ടതില്ല'; സ്പീകറുമായി ബന്ധപ്പെട്ട വിവാദ വിഷയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ വേണ്ടി ഇതിനെ കത്തിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ സിപിഎം വിഷയം തണുപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാര്‍ ഭാഷയിലാണ് സിപിഎമും സംസാരിച്ചത്. സിപിഎമും സംഘപരിവാറും വിഷയം വഷളാക്കി- എന്നും സതീശന്‍ പറയുകയുണ്ടായി.

Keywords:  VD Satheesan Reaction On AN Shamseer's Controversial Statement, Thiruvananthapuram, News, Politics, VD Satheesan, Statement, Politics, Religion, Speaker AN Shamseer, Controversy, Trending, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia