ഭോപാല്‍: (www.kvartha.com) സ്‌കൂള്‍വിട്ട് വീട്ടിലേക്ക് വരികയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ യുവാവിന്റെ അതിക്രമം. മധ്യപ്രദേശില്‍ ജവഹര്‍ ചൗക്കിലെ ടിടി നഗറില്‍വെച്ചാണ് ഞെട്ടിപ്പിക്കുന്ന അപ്രതീക്ഷിത സംഭവം നടന്നത്. പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ യുവാവ് കവിളില്‍ കടിച്ച് പരുക്കേല്‍പിക്കുകയായിരുന്നുവെന്നാണ് പരാതി.
പൊലീസ് പറയുന്നത്: മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ പ്രതികാരം ചെയ്തതെന്ന് അക്രമി സുഹൃത്തുക്കളോട് പറഞ്ഞെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇത്തവണ നിന്റെ കവിളില്‍ കടിച്ച് അടയാളം വരുത്തുക മാത്രമാണ് ചെയ്തതെന്നും അടുത്ത തവണ ഞാന്‍ നിന്റെ മുഖം വികൃതമാക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പറഞ്ഞു.
പെണ്‍കുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തിന് നിരവധിപേര്‍ ദൃക്‌സാക്ഷികളായിരുന്നെങ്കിലും സഹായിക്കാന്‍ ആരും തയാറായില്ല. അക്രമിയെ പെണ്‍കുട്ടിക്ക് വ്യക്തിപരമായി പരിചയമില്ലെന്നാണ് മൊഴി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്‌കൂളില്‍നിന്ന് വരുമ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടരുകയും അശ്ലീല കമന്റ് പറയുകയും ചെയ്തിരുന്നതായി കുട്ടി പൊലീസില്‍ മൊഴി നല്‍കി. കൂടാതെ തന്നോട് സംസാരിക്കണമെന്ന് ഇയാള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതായും പെണ്‍കുട്ടി വ്യക്തമാക്കി.
വ്യാഴാഴ്ച ബൈകിലെത്തിയ പ്രതി പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ, പെണ്‍കുട്ടി നിരസിച്ചു. പിറ്റേന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇയാള്‍ എത്തിയത്. സംസാരിക്കാന്‍ തയാറാകാത്ത പെണ്‍കുട്ടി തന്നെ അപമാനിക്കുകയാണെന്ന് അയാള്‍ സുഹൃത്തുക്കളോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കയ്യില്‍ കയറിപ്പിടിക്കുകയും കവിളില്‍ കടിച്ച് പരുക്കേല്‍പിക്കുകയുമായിരുന്നു.
സംസാരിക്കാതെ അപമാനിച്ചതിനുള്ള പ്രതികാരമാണ് ഇതെന്ന് അയാള്‍ സുഹൃത്തുക്കളോട് പറയുകയും ചെയ്തു. ഇനിയും സംസാരിക്കാതിരുന്നാല്‍ അടുത്ത കവിളിലും കടിക്കുമെന്ന് ഭീഷണിപ്പെടുത്തി. അക്രമിയെ തള്ളിമാറ്റി പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി തനിക്കു നേരെയുണ്ടായ അതിക്രമം മാതാപിതാക്കളോട് പറയുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Stranger, Attack, Crime, Minor Girl, Regional-News, Police-News, Bhopal News, Schoolgirl, Jawahar Chowk News, TT Nagar News, CCTV, Stalker molests, attacks minor who rebuffed his advances in Bhopal.