War of words | ഖാഇദെ മില്ലത് സെന്റര്‍: മുസ്ലിം ലീഗ് നേതാക്കളും കെ ടി ജലീലും തമ്മിലുള്ള വാക് പോര് രൂക്ഷം; കല്യാണ ദിവസം വന്ന് ആളാവുന്ന കാരണവരെന്ന് അബ്ദുര്‍ റബ്ബിന്റെ പരിഹാസം; മുരിക്കിന്റെ ചിത്രം പങ്കുവെച്ച് പി കെ ഫിറോസ്; തനിക്ക് ചൊറിച്ചിലില്ല, ഇസ്മാഈല്‍ സാഹിബിനെ അപമാനിക്കരുതെന്ന് കെ ടി ജലീല്‍

 


മലപ്പുറം: (www.kvartha.com) ഒരിടവേളയ്ക്ക് ശേഷം മുസ്ലിം ലീഗ് നേതാക്കളും കെ ടി ജലീലും തമ്മിലുള്ള വാക് പോര് രൂക്ഷമായി. മുസ്ലിം ലീഗ് ദേശീയ കമിറ്റി ഡെല്‍ഹിയില്‍ നിര്‍മിക്കുന്ന ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത് സെന്ററിനെ ചൊല്ലിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഒരുമാസം നീണ്ടുനിന്ന കാംപയിനിലൂടെ ആസ്ഥാന മന്ദിരത്തിനായി കേരളത്തില്‍ നിന്ന് മാത്രം 27 കോടി രൂപ മുസ്ലിം ലീഗ് പിരിച്ചെടുത്തിരുന്നു. മുസ് ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരത്തിന്റെ പേരില്‍ പിരിച്ച തുക വക മാറ്റാന്‍ ശ്രമിക്കുന്നുവെന്നും ഖാഇദെ മില്ലത് സെന്റര്‍ എന്ന പേരില്‍ 'തട്ടിക്കൂട്ട്' സ്ഥാപനം ഉണ്ടാക്കുകയാണെന്നുമാണ് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച് തുടര്‍ചയായി ഫേസ്ബുകില്‍ പോസ്റ്റിട്ട ജലീലിന് മറുപടിയുമായി മുസ്ലിം ലീഗ് നേതാക്കളും രംഗത്തെത്തി.
         
War of words | ഖാഇദെ മില്ലത് സെന്റര്‍: മുസ്ലിം ലീഗ് നേതാക്കളും കെ ടി ജലീലും തമ്മിലുള്ള വാക് പോര് രൂക്ഷം; കല്യാണ ദിവസം വന്ന് ആളാവുന്ന കാരണവരെന്ന് അബ്ദുര്‍ റബ്ബിന്റെ പരിഹാസം; മുരിക്കിന്റെ ചിത്രം പങ്കുവെച്ച് പി കെ ഫിറോസ്; തനിക്ക് ചൊറിച്ചിലില്ല, ഇസ്മാഈല്‍ സാഹിബിനെ അപമാനിക്കരുതെന്ന് കെ ടി ജലീല്‍

സ്വന്തം സ്ഥലം വാങ്ങി ദീര്‍ഘ വീക്ഷണത്തോടെ പണിയേണ്ട കെട്ടിടത്തിന്റെ സ്ഥാനത്ത് ഒരു നിലയില്‍ 2800 സ്‌ക്വയര്‍ഫീറ്റോടെയുള്ള കൊമേഴ്‌സ്യല്‍ ബില്‍ഡിംഗ് മാറ്റം വരുത്തിയാലും എത്രമാത്രം സൗകര്യപ്പെടുത്താനാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും ശിലാസ്ഥാപനം പോലും നടക്കാതെ ഉദ്ഘാടനത്തിനൊരുങ്ങുന്ന കൊമേഴ്സ്യല്‍ ബില്‍ഡിങ്ങില്‍ ഇസ്മായില്‍ സാഹിബിന്റെ ചൈതന്യമുണ്ടാകുമെന്ന് വിശ്വസിക്കാനാവില്ലെന്നും ജലീല്‍ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു.


ഇതിന് പരോക്ഷ മറുപടിയുമായി, കല്യാണ ദിവസം വന്ന് ആളാവുന്ന കാരണവരെന്നാണ് അബ്ദുര്‍ റബ്ബ് പരിഹസിച്ചത്. 'ചില കാരണവന്‍മാരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ, കുടുംബത്തില്‍ എന്തെങ്കിലും കല്യാണ ആലോചനയോ മറ്റോ നടക്കുകയാണെങ്കില്‍ പെണ്ണു കാണലിനോ, നിശ്ചയത്തിനോ, എന്തിന് കല്യാണത്തലേന്ന് പോലും ആ വഴിക്ക് അവര്‍ തിരിഞ്ഞ് നോക്കില്ല, കല്യാണ ദിവസമാവട്ടെ എല്ലാവരും വരുന്ന മുഹൂര്‍ത്തം നോക്കി കയറി വരും, എന്നിട്ട് കാരണവരായി ഞെളിഞ്ഞങ്ങനെ നില്‍ക്കും, പിന്നെ കാണുന്നതിലൊക്കെ
കയറി അങ്ങനെ ഓരോ അഭിപ്രായം പറയും,ഇങ്ങനെ അഭിപ്രായം പറയുന്നവരെ കണ്ടാല്‍ എന്തു ചെയ്യണം
നിങ്ങള് പറ', എന്നാണ് അബ്ദുര്‍ റബ്ബ് കുറിച്ചത്.


മറ്റൊരു പോസ്റ്റില്‍, ആസ്ഥാന മന്ദിരത്തിനായി പിരിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്ന് ലീഗിനറിയാമെന്നും പുറത്ത് നിന്നുള്ള മേസ്തിരിമാരുടെ ഉപദേശം തല്‍ക്കാലം പാര്‍ടിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസവും ലീഗിനെതിരെ പോസ്റ്റിട്ടിട്ടില്ലെങ്കില്‍ കമ്യൂണിസ്റ്റ് ദീനില്‍ നിന്നും പുറത്താകുമോയെന്ന ഭയമാണ് ചിലര്‍ക്കെന്നും അബ്ദുര്‍ റബ്ബ് കൂട്ടിച്ചേര്‍ത്തു.

വല്ലാതെ ചൊറിച്ചില്‍ വരുന്നവര്‍ക്ക് രാവിലെയും വൈകുന്നേരവും മുരിക്കിന്റെ മുകളില്‍ കയറി ഊര്‍ന്നിറങ്ങിയാല്‍ ചെറിച്ചില്‍ മാറുമെന്ന പരിഹാസമാണ് യൂത് ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി പി കെ ഫിറോസ് ഫേസ്ബുകില്‍ കുറിച്ചത്. കെ ടി ജലീലിനെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ഉദ്ദേശിച്ചത് ആരെയാണെന്ന് വ്യക്തമാണെന്ന് നെറ്റിസന്‍സ് പ്രതികരിച്ചു.


അതിനിടെ വ്യാഴാഴ്ച വീണ്ടും പോസ്റ്റുമായി കെ ടി ജലീല്‍ വിമര്‍ശനം തുടര്‍ന്നു. എപി വിഭാഗം സുന്നികള്‍ക്ക് ഡെല്‍ഹിയില്‍ 'മര്‍കസ് സെന്റര്‍' സ്വന്തമായി പണിയാമെങ്കില്‍, കേരള മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന് സ്വന്തമായി ഒരാസ്ഥാനം ഉണ്ടാക്കാമെങ്കില്‍, എന്‍എസ്എസി-ന് ഒരു ഓഫീസ് ഡെല്‍ഹിയില്‍ നിര്‍മിക്കാമെങ്കില്‍, വെള്ളാപ്പള്ളിയുടെ എസ്എന്‍ഡിപിക്ക് ഡെല്‍ഹി യൂണിയന്‍ ഓഫീസ് സ്വന്തമായി കെട്ടാമെങ്കില്‍, മൂന്ന് ലോക്‌സഭാ എം പിമാരും ഒരു രാജ്യസഭാ എം.പിയും 15 എംഎല്‍എമാരും നിരവധി തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണ ബാങ്കുകളുടെയും സാരഥികളും ഉള്ള മുസ്ലിംലീഗിന് മാത്രം സ്വന്തമായി സ്ഥലം സംഘടിപ്പിച്ച് സ്റ്റുഡന്‍സ് ഹോസ്റ്റല്‍, റിസര്‍ച് സെന്റെര്‍, ഡിജിറ്റല്‍ ലൈബ്രറി, ലീഗ് ദേശീയ ഓഫീസ്, യൂത് ലീഗിനും എംഎസ്എഫിനും ദേശീയ അസ്ഥാനങ്ങള്‍, എന്നിവ ഉള്‍പെടുത്തി വിശാലവും പ്രൗഢഗംഭീരവുമായ ഒരു സമുച്ചയം എന്തുകൊണ്ടാണ് പണിയാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. തനിക്ക് ഒരു ചൊറിച്ചിലുമില്ലെന്ന് ഖാഇദെമില്ലത്തിനെ അപമാനിക്കരുതെന്നും ജലീല്‍ കുറിച്ചു.

ദേശീയ ആസ്ഥാന മന്ദിരത്തിന്റെ തുക വിനിയോഗിക്കുന്ന കാര്യത്തിലും പിരിച്ച അതേ ആവേശമുണ്ടാകണമെന്ന് കെ ടി ജലീല്‍ കഴിഞ്ഞ ദിവസം മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും പോസ്റ്റുമായി രംഗത്ത് വന്നത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരും ഇടത് അനുഭാവികളും വിഷയം ഏറ്റെടുത്തതോടെ സാമൂഹ്യ മാധ്യമങ്ങളിലും പോര് തുടരുകയാണ്.

Keywords: K T Jaleel, Facebook, Muslim League, Quaid-E-Millath Centre, Viral, Kerala News, Malayalam News, Politics, Political News, Quaid E Millath Centre: War of words between Muslim League leaders and KT Jaleel.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia