Follow KVARTHA on Google news Follow Us!
ad

Onam | ഓണവും ഓര്‍മകളും

10 ദിവസങ്ങളായിട്ടാണ് ആഘോഷിക്കുന്നത് Onam Foods, Onam, Celebrations, Kerala Festivals
-ഹിലാല്‍ ആദൂര്‍

(www.kvartha.com)
കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്ന പൊന്നോണം വീണ്ടും സമാഗതമായിരിക്കുന്നു. സ്‌നേഹത്തിന്റെയും, സൗഹൃദത്തിന്റെയും അലയൊലികള്‍ ഒരു കുളിര്‍ മഴയായി മലയാള മനസുകളില്‍ പെയ്യുകയായി. അത്തം ഒന്ന് മുതല്‍ പത്തു വരെ നീണ്ടുനില്‍ക്കുന്ന അതിഗംഭീരമായ ആഘോഷങ്ങള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍, കുടുംബ സംഗമങ്ങള്‍, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവധയിനം കലാപരിപാടികള്‍, പൂക്കള മത്സരങ്ങള്‍, പുലിക്കളികള്‍, വള്ളം കളി, ചെണ്ട മേളങ്ങള്‍, ഓണ ചന്തകള്‍ അങ്ങനെ അങ്ങനെ പട്ടിക നീളുന്നു.
      
Kerala, Onam, Onam 2023, Article, Onam Celebration, Onam and memories.

പണ്ട് കേരളം ഭരിച്ചിരുന്ന മഹാനായ രാജാവ്, സമ്പല്‍ സമൃദ്ധിയുടെയും, ശാന്തിയുടെയും, സമാധാനത്തിന്റെയും ഐശ്വര്യ പൂര്‍ണമായ നാളുകള്‍ സമ്മാനിച്ച മഹാബലി തമ്പുരാന്‍, എല്ലാ വര്‍ഷവും തിരുവോണ നാളില്‍ തന്റെ പ്രജകളെ കാണാന്‍ പാതാളത്തില്‍ നിന്നും കേരളത്തിലെത്തുന്നു എന്നാണ് വിശ്വാസം. അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരം, ഉത്രാടം, തിരുവോണം എന്നിങ്ങനെ പത്തു ദിവസങ്ങളായിട്ടാണ് ഓണം ആഘോഷിക്കുന്നത്.

അത്തം ഒന്ന് മുതല്‍ വീട്ടില്‍ പൂക്കളം ഇട്ട് അലങ്കരിക്കാന്‍ തുടങ്ങും, ഓരോ ദിവസവും വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ ഇട്ട് അതിന്റെ മാറ്റ് കൂട്ടും, അത്തം പത്ത് ആകുമ്പോഴേക്കും വിവിധ വര്‍ണങ്ങളാല്‍ അലംകൃതമായ നയന മനോഹരമായ പൂക്കളം ഒരുങ്ങിയിട്ടുണ്ടാകും. അടുത്തുള്ള പറമ്പുകളില്‍ നിന്നും, തൊടികളില്‍ നിന്നും ഒക്കെയായിരുന്നു പണ്ട് കാലത്ത് വിവിധ വര്‍ണങ്ങളിലുള്ള ഓണപ്പൂക്കള്‍ ശേഖരിച്ചിരുന്നത്. കൂട്ടുക്കാരോടൊത്തു കുശലം പറഞ്ഞു കുഞ്ഞുക്കൈകളാല്‍ ഓരോ പൂവും പറിച്ചെടുക്കുമ്പോള്‍ സന്തോഷത്തിന്റെ ഒരുനൂറ് പുഷ്പങ്ങള്‍ ആ കുഞ്ഞു മനസില്‍ വിരിയും.

പക്ഷെ ഇന്ന് അത് കട കമ്പോളങ്ങളിലേക്ക് വഴി മാറിയിരിക്കുന്നു. ഓരോ പുഷ്പങ്ങള്‍ വാങ്ങുമ്പോള്‍ നമ്മുടെ മനസില്‍ ഒരായിരം പൂക്കള്‍ കരിയുകയും, കടക്കാരന്റെ മനസില്‍ ഒരായിരം പൂക്കള്‍ വിരിയുകയും ചെയ്യുന്ന വേറിട്ടൊരു പ്രതിഭാസമാണ് കാണാനാവുക. കാലത്തിന്റെ കുത്തൊഴുക്കില്‍ കാലാനുസൃതമായ വന്ന മാറ്റം നമ്മെ വളരെയധികം മാറ്റിയിരിക്കുന്നു, തളര്‍ത്തിയിരിക്കുന്നു. അവസാന ദിവസമായ തിരുവോണ ദിനത്തിലാണ് വിഭവ സമൃദമായ സദ്യ വട്ടങ്ങള്‍ ഒരുക്കുന്നത്. ആണുങ്ങളും, പെണ്ണുങ്ങളും , കുട്ടികളും ഒത്തു ചേര്‍ന്ന് ഉണ്ടാക്കുന്ന അന്നത്തെ ഓണ സദ്യക്ക് രുചിയേറെയായിരുന്നു. ഓണസദ്യ തറയില്‍ ഇരുന്ന് കഴിക്കണം എന്നാണ് പഴമക്കാര്‍ പറയുന്നത്, അത് വിനയത്തിന്റെയും, സമത്വത്തിന്റെയും സന്ദേശം നല്‍കുന്നു.

സ്വന്തമായി വിളയിച്ചെടുത്ത, വിഷരഹിതമായ പച്ചക്കറികളും, നാട്ടിന്‍പുറത്തെ വിശാലമായ നെല്‍പാടങ്ങളില്‍ വിളഞ്ഞ തുമ്പപ്പൂ ചോറും വീട്ടില്‍ തന്നെ പൊടിച്ചു തയ്യാറാക്കിയ മസാലക്കൂട്ടുകളും ചേര്‍ത്ത് ഉണ്ടാക്കിയ വിഭവ സമൃദമായ ഓണസദ്യ. അതിന്റെ കൂടെ പായസവും കൂടി ചേര്‍ന്നാല്‍ സദ്യ കെങ്കേമം. ഇതാണ് അന്നത്തെ ഓണ സദ്യ. വെറും ചിമ്മിനിക്കൂടിന്റെ വെളിച്ചത്തില്‍, കൈകൊണ്ട് അരച്ചും, പൊടിച്ചും, കിണറില്‍ നിന്നു വെള്ളം കോരിയും, അലക്കിയും ഒക്കെ പണ്ടത്തെ അമ്മമാര്‍ 26 വിഭവങ്ങള്‍ അടങ്ങിയ സദ്യ ഉണ്ടാക്കിയിരുന്നു.
               
Kerala, Onam, Onam 2023, Article, Onam Celebration, Onam and memories.

വളരെ അത്ഭുതത്തോടു കൂടിയേ അത് ഓര്‍ക്കാന്‍ പറ്റൂ. പക്ഷെ ഇന്ന് ഒന്ന് സ്വിച്ച് അമര്‍ത്തിയാല്‍ ഞൊടിയിടയില്‍ പൊടിച്ചും, ഇടിച്ചും, അലക്കിയും തരുന്ന ഗൃഹോപകരണങ്ങള്‍, എന്തിന് ഏറെ പറയണം നിലം തുടക്കുന്ന മെഷീന്‍ പോലും ഇന്ന് വീടുകളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും, നമ്മുടെ ഓണസദ്യ ഒരു ഓണ്‍ലൈന്‍ ഓര്‍ഡര്‍ഡറില്‍ ഒതുങ്ങും. കൈ കഴുകിയിരുന്നാല്‍ ഓണസദ്യ തീന്‍ മേശയില്‍ എത്തും. എല്ലാം ഒരു സ്വിച്ചില്‍ ഒതുങ്ങിയിരിക്കുന്നു നമ്മുടെ ജീവിതം. ഓണം സൗഹൃദങ്ങളും, സന്ദേശങ്ങളും വാട്‌സ്ആപില്‍ ഒതുങ്ങുന്നു. ഓണ സമ്മാനങ്ങള്‍ വെറും സ്റ്റിക്കറുകളായി ചുരുങ്ങി.

എന്നാല്‍ കുറച്ചു പേരെങ്കിലും, പരമ്പരാഗത രീതിയുള്ള ഓണം ആഘോഷിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. അത് കൊണ്ട് തന്നെയാണ് ഓണം നമുക്ക് മുന്നില്‍ എല്ലാവര്‍ഷവും വിരുന്നെത്തുന്നത്. പഴമയുടെ പുതുമ വീണ്ടെടുത്ത്, സഹോദര്യത്തിന്റെ, സമത്വത്തിന്റെ, സൗഹാര്‍ദത്തിന്റെ പുതുനാമ്പുകള്‍ വിരിയട്ടെ. ആരോഗ്യവും, ഐശ്വര്യവും, സമാധാനവും നിറഞ്ഞ ലോകത്തിന് വേണ്ടി ഒരുമയോടെ നമുക്ക് കൈകോര്‍ക്കാം. നന്മ നിറഞ്ഞ ഓണാശംസകള്‍.

Keywords: Kerala, Onam, Onam 2023, Article, Onam Celebration, Onam and memories.
< !- START disable copy paste -->

Post a Comment