Turkish Airlines | ടര്‍കിഷ് എയര്‍ലൈന്‍സുമായുള്ള കോഡ് ഷെയറിങ്; ഇനി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും യൂറോപിലേക്ക് പറക്കാം

 


കണ്ണൂര്‍: (www.kvartha.com) വിദേശ വിമാന സര്‍വീസുകള്‍ക്ക് അനുമതിയില്ലാത്ത കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ബദല്‍ മാര്‍ഗത്തിലൂടെ വിദേശയാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യൂറോപ് ഉള്‍പെടെ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് പറക്കാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് വിമാനകംപനികള്‍.  

ഇന്‍ഡിഗോ എയര്‍ലൈന്‍സ്, മുംബൈ, ബെംഗ്‌ളൂറു, ചെന്നൈ വിമാനത്താവളങ്ങളില്‍നിന്ന് കണക്ഷന്‍ ഫ്ലൈറ്റുകള്‍ വഴിയാണ് വിദേശയാത്ര സജ്ജീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍നിന്ന് നേരിട്ട് ഇവിടേക്കുളള ടികറ്റ് ബുക് ചെയ്യാന്‍ സാധിക്കും.

ടര്‍കിഷ് എയര്‍ലൈന്‍സുമായുള്ള കോഡ് ഷെയറിങ് ധാരണ പ്രകാരമാണ് യാത്രക്കാര്‍ക്ക് ഇസ്താംബുള്‍ വഴി യൂറോപിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് അവസരം ഒരുക്കുന്നത്. 24 രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് ഇതുവഴി കണ്ണൂരില്‍നിന്ന് പറക്കാന്‍ സാധിക്കും.

കണ്ണൂരില്‍ കോഡ് ഷെയറിങ്ങിന് വ്യോമയാന മന്ത്രാലയം അനുമതി നല്‍കാത്തതിനാല്‍ അനുമതിയുള്ള വിമാനത്താവളങ്ങളിലെത്തി അവിടെ നിന്നാണ് കനക്ഷന്‍ ഫ്ലൈറ്റ് വഴി തുടര്‍യാത്ര സാധ്യമാകൂ. അതുകൊണ്ടുതന്നെ യൂറോപ് യാത്രയ്ക്ക് രണ്ട് വിമാനത്താവളങ്ങളില്‍ ലേ ഓവര്‍ വേണ്ടി വരും. ഒരു ദിവസത്തിലേറെ സമയവും. 

ഇന്‍ഡിഗോയുടെ ഹബ് ആയ മുംബൈയിലും ടര്‍കിഷ് എയര്‍ലൈന്‍സിന്റെ ഹബ് ആയ ഇസ്താംബുളിലുമാണ് ലേ ഓവര്‍. ലന്‍ഡനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് ഒരു ദിവസവും മൂന്നര മണിക്കൂറുമാണ് വേണ്ടത്. ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന അയല്‍രാജ്യങ്ങളിലേക്ക് പറക്കാന്‍ ഒരിടത്ത് ലേ ഓവര്‍ മതി.

കൊളംബോയിലേക്ക് ബെംഗ്‌ളൂറു വഴി ആറ് മണിക്കൂറും മാലിയിലേക്ക് ബെംഗ്‌ളൂറു വഴി 6.15 മണിക്കൂറും സിംഗപുരിലേക്ക് ചെന്നൈ വഴി 11.45 മണിക്കൂറും ഫുകറ്റിലേക്ക് ബെംഗ്‌ളൂറു, ഡെല്‍ഹി വഴി 16.35 മണിക്കൂറുമാണ് സമയം വേണ്ടിവരുന്നത്. രാജ്യാന്തര യാത്രക്കാരുടെ സൗകര്യം കൂടി കണക്കിലെടുത്ത് കണ്ണൂരില്‍ നിന്ന് മുംബൈയിലേക്ക് 222 സീറ്റുകളുള്ള എയര്‍ബസ് എ321 വിമാനമാണ് ഇനി മുതല്‍ സര്‍വീസ് നടത്തുക. 

നെതര്‍ലന്‍ഡ്സ്, ഗ്രീസ്, തായ്‌ലന്‍ഡ്, ബല്‍ജിയം, ഹംഗറി, ഡെന്‍മാര്‍ക്, അയര്‍ലന്‍ഡ്, വിയറ്റ്നാം, മാള്‍ട, ചെക് റിപബ്ലിക്, ഇസ്രാഈല്‍, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഇന്‍ഗ്ലന്‍ഡ്, പോര്‍ചുഗല്‍, സ്പെയിന്‍, ഇറ്റലി, ബള്‍ഗേറിയ, കെനിയ, സിംഗപുര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും അയല്‍രാജ്യങ്ങളായ ശ്രീലങ്ക, നേപാള്‍, മാലി, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുമെല്ലാം ടികറ്റ് ലഭ്യമാവും.

Turkish Airlines | ടര്‍കിഷ് എയര്‍ലൈന്‍സുമായുള്ള കോഡ് ഷെയറിങ്; ഇനി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും യൂറോപിലേക്ക് പറക്കാം


Keywords: News, Kerala, Kerala-News, News-Malayalam, Europe, Travel, Kannur, International Airport, Code Sharing, Turkish Airlines, Now you can fly to Europe from Kannur International Airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia