ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ക്ലാസ് മുറിയില്‍വെച്ച് വിദ്യാര്‍ഥിക്ക് സഹപാഠികളുടെ മര്‍ദനമേറ്റത് വന്‍ വിവാദത്തിനാണ് വഴിവെച്ചത്. അധ്യാപികയുടെ നിര്‍ദേശ പ്രകാരം സഹപാഠി വിദ്യാര്‍ഥിയെ മുഖത്തടിക്കുന്നതിന്റെയും മര്‍ദിച്ചതിന്റെയും വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇത് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിറകെ ബാലാവകാശ കമീഷനും സംഭവത്തില്‍ കേസെടുത്തിരുന്നു. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ അധ്യാപികയ്‌ക്കെതിരെ പൊലീസും കേസെടുത്തിരുന്നു.
ഇത്തരം സംഭവവികാസങ്ങള്‍ക്കിടെ ഇപ്പോഴിതാ, മര്‍ദനമേറ്റ മുസ്ലിം വിദ്യാര്‍ഥിയും മര്‍ദിച്ച സഹപാഠികളിലൊരാളും തമ്മില്‍ ആലിംഗനം ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സമാജ്വാദി പാര്‍ടി (എസ്പി) നേതാവ് അഖിലേഷ് യാദവ്. കുട്ടികള്‍ ആലിംഗനം ചെയ്യുന്നത് നല്ല സന്ദേശമാണെന്നും സ്‌നേഹത്തിന്റെ പാഠം പഠിപ്പിച്ചാല്‍ മാത്രമേ യഥാര്‍ഥ ഇന്‍ഡ്യ നിലനില്‍ക്കൂവെന്നും എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം പോസ്റ്റ് ചെയ്തു.
ഈ അനുരഞ്ജനത്തിന് സഹായിച്ചവര്‍, കുട്ടിയെ മര്‍ദിക്കാന്‍ ക്ലാസിലെ മറ്റു കുട്ടികളോട് ആവശ്യപ്പെട്ട അധ്യാപികയെകൊണ്ട് മര്‍ദനമേറ്റ കുട്ടിയുടെ പിതാവിന് രാഖി കെട്ടിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. അധ്യാപിക പശ്ചാത്തപിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. 'ഒരു സംസ്‌കാരം കെട്ടിപ്പടുക്കാനും നശിപ്പിക്കാനും അധ്യാപകനു കഴിയും. ഒരു യഥാര്‍ഥ അധ്യാപകന്‍ മറ്റുള്ളവരുടെ തെറ്റുകള്‍ മാത്രമല്ല, സ്വന്തം തെറ്റുകളും തിരുത്തുന്നു.' അദ്ദേഹം പറഞ്ഞു.
സഹപാഠിയുടെ മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ കുടുംബത്തെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കളാണ് സന്ദര്‍ശിച്ചത്. കുടുംബത്തെ സന്ദര്‍ശിച്ച നേതാക്കള്‍ മര്‍ദനമേറ്റ കുട്ടിയെ സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവമുണ്ടായത്. മുസ്ലിം വിദ്യാര്‍ഥിയെ തല്ലാന്‍ ഹിന്ദു വിദ്യാര്‍ഥികളോട് അധ്യാപിക തൃപ്തി ത്യാഗി ആവശ്യപ്പെടുന്നതിന്റെ വീഡിയോ വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. സംഭവം വിവാദമായതിന് പിന്നാലെ തൃപ്തി ത്യാഗിക്കെതിരെ മുസാഫര്‍നഗര്‍ പൊലീസ് ശനിയാഴ്ച (26.08.2023) കേസെടുക്കുകയായിരുന്നു.
Keywords: News, National, National-News, Social-Media-News, Muslim Kid, Student, Classroom, Video, Teacher, Classmate, Hugged, Akhilesh Yadav, Muslim kid from viral video hugged by classmate; ‘Tying a rakhi…’ says Akhilesh Yadav.