കണ്ണൂര്‍: (www.kvartha.com) കോര്‍പറേഷന്‍പരിധിയില്‍ നിന്നും പശുക്കളെ മോഷ്ടിച്ച് വാഹനത്തില്‍ കടത്തിക്കൊണ്ട് പോകുന്ന സംഘം പിടിയിലായതായി പൊലീസ്. തലശ്ശേരി സ്വദേശി പി കെ മുശ്താഖ് (26), ടി ഹാരിസ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സിറ്റി പൊലീസ് പറയുന്നത്: ആയിക്കരയില്‍ നിന്നും പശുക്കളെ മോഷ്ടിച്ച് വാഹനത്തില്‍ കടത്തുന്ന സംഘത്തിലെ രണ്ട് പേരെയാണ് പൊലീസ് ഞായറാഴ്ച പുലര്‍ചെ പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി.
കണ്ണൂര്‍ സിറ്റി പൊലീസ് എസ്ഐ അനൂപ്, പൊലീസുകാരായ ശ്രീരാജ്, പ്രമീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ രാത്രി പരിശോധനയ്ക്കിടെയാണ് പ്രതികള്‍ കുടുങ്ങിയത്. ജില്ലാ ആശുപത്രിക്ക് സമീപം പുറകിലെ നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച് കടന്നുപോയ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് വാഹനം കുറുകെയിട്ട് നിര്‍ത്തിപ്പിച്ച് വാഹനം പരിശോധിക്കുകയായിരുന്നു. പശുവിനെ പറ്റി അന്വേഷിച്ചപ്പോള്‍ കൃത്യമായ മറുപടി പറയാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ആയിക്കര പൂവളപ്പില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ഇവര്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി പശുക്കളെ മോഷ്ടിച്ച് കൊണ്ടുപോകുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Kerala-News, Local-News, Regional-News, Kannur, Youths, Arrested, Stealing, Cows, Kannur: Youths arrested for stealing cows.